
മിയാമി:ലോകകപ്പിലെ മൂന്നാം ക്വാർട്ടർ പോരാട്ടത്തില്‍ കിരീടപ്രതീക്ഷയുമായി എത്തുന്ന ഇംഗ്ലണ്ട് ഇന്ന് ബ്രസീലിനെ അട്ടിമറിച്ചെത്തുന്ന നോർവെയെ നേരിടും. മിയാമിയിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി രണ്ടരക്കാണ് മത്സരത്തിന് കിക്കോഫാകുക. 2018-ന് ശേഷം ആദ്യമായി ലോകകപ്പ് സെമി ഫൈനൽ ടിക്കറ്റ് ഉറപ്പാക്കുകയാണ് ഹാരി കെയ്നും സംഘത്തിന്‍റെയും ലക്ഷ്യം.
മത്സരത്തിന് മുന്നോടിയായി നോർവെയുടെ ഗോളടിയന്ത്രം എർലിങ് ഹാലണ്ട് നടത്തിയ പ്രതികരണം ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്. ശക്തരായ ഇംഗ്ലണ്ടിനെതിരെ ഞങ്ങൾ ജയിക്കാൻ നേരിയ സാധ്യത മാത്രമേയുള്ളൂ എന്നായിരുന്നു ഹാലണ്ടിന്‍റെ പ്രതികരണം. എന്നാൽ, ടൂർണമെന്‍റിലെ 'കറുത്ത കുതിരകളായി' കുതിക്കുന്ന നോർവെയുടെ സമ്മർദ്ദം ഒഴിവാക്കാനുള്ള തന്ത്രപരമായ അതിവിനയമാണിതെന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്. ആറ് പതിറ്റാണ്ടായി കൈവിട്ടുനിൽക്കുന്ന തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടത്തിലേക്ക് ഇനി ഇംഗ്ലണ്ടിന് മൂന്ന് വിജയങ്ങളുടെ ദൂരം മാത്രമാണുള്ളത്. നായകൻ ഹാരി കെയ്‌നും സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാമും ചേരുന്ന സഖ്യത്തിലാണ് ഇംഗ്ലണ്ടിന്‍റെ സർവ്വ പ്രതീക്ഷകളും.
ടൂർണമെന്‍റിൽ ഇംഗ്ലണ്ട് ഇതുവരെ നേടിയ 11 ഗോളുകളിൽ 10-ഉം ഈ സഖ്യത്തിന്‍റെ വകയായിരുന്നു. സഹ-ആതിഥേയരായ മെക്സിക്കോയെ കടുത്ത പോരാട്ടത്തിനൊടുവിൽ വീഴ്ത്തിയാണ് ഇംഗ്ലണ്ട് ക്വാർട്ടറിലെത്തിയത്. എന്നാൽ ടീമിന്‍റെ പ്രതിരോധനിര കടുത്ത പ്രതിസന്ധിയിലാണ്. കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്നിലും ഇംഗ്ലണ്ട് ഗോൾ വഴങ്ങിയിരുന്നു. പരിക്കിന്‍റെ ആശങ്കകളും ടീമിനെ അലട്ടുന്നുണ്ട്. നീണ്ട 28 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് നോർവെ ഇത്തവണ ലോകകപ്പ് കളിക്കാനെത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച നോർവെ, എതിരാളികളുടെ തന്ത്രങ്ങൾക്കനുസരിച്ച് കളി മാറ്റുന്ന ശൈലിയാണ് പുറത്തെടുക്കുന്നത്.
ഇംഗ്ലണ്ടിന് ഹാരി കെയ്ൻ ഉണ്ടെങ്കിൽ തങ്ങൾക്ക് വലകാക്കാൻ മികച്ച ഫോമിലുള്ള ഗോൾകീപ്പർ ഓറിയൻ നൈലൻഡുണ്ടെന്ന് നോർവെ ഓർമ്മിപ്പിക്കുന്നു. ഇംഗ്ലണ്ടിന്‍റെ ദുർബലമായ പ്രതിരോധ നിരയെ എർലിങ് ഹാലണ്ടിന്‍റെ അസാധാരണ കരുത്ത് ഉപയോഗിച്ച് തകർത്തെറിയാമെന്നാണ് നോർവീജിയൻ കണക്കുകൂട്ടൽ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!