ബെൽജിയത്തിനെതിരായ ക്വാർട്ടർ ഫൈനലിൽ വീണ്ടും 'പ്ലെയർ ഓഫ് ദി മാച്ച്' പുരസ്കാരം സ്വന്തമാക്കിയ ശേഷമാണ് ഫ്രഞ്ച് പടയ്ക്കെതിരെ യമാല്‍ രംഗത്തെത്തിയത്.

ലോസ് ആഞ്ചൽസ്: ഫിഫ ലോകകപ്പിൽ ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി സ്പെയിൻ സെമി ഫൈനലിലേക്ക് മാർച്ച് ചെയ്തതിന് പിന്നാലെ, സെമിയിലെ എതിരാളികളായ ഫ്രാൻസിന് മുന്നറിയിപ്പുമായി സ്പാനിഷ് താരം ലമീൻ യമാൽ. ഈ ലോകകപ്പിൽ ഫ്രാൻസിന് ആരെയെങ്കിലും ഭയക്കാനുണ്ടെങ്കിൽ അത് സ്പെയിനെ മാത്രമാണെന്ന് യമാൽ വ്യക്തമാക്കി. ജൂലൈ 14-ന് ഡാളസിലാണ് ഫ്രാൻസും സ്പെയിനും തമ്മിലുള്ള സെമി ഫൈനൽ പോരാട്ടം. ബെൽജിയത്തിനെതിരായ ക്വാർട്ടർ ഫൈനലിൽ വീണ്ടും 'പ്ലെയർ ഓഫ് ദി മാച്ച്' പുരസ്കാരം സ്വന്തമാക്കിയ ശേഷമാണ് ഫ്രഞ്ച് പടയ്ക്കെതിരെ യമാല്‍ രംഗത്തെത്തിയത്. ടൂർണമെന്‍റ് ആരംഭിച്ചപ്പോൾ തന്നെ എല്ലാവരും പ്രതീക്ഷിച്ച ഒരു മത്സരമാണിതെന്ന് യമാൽ പറഞ്ഞു. കഴിഞ്ഞ യൂറോ കപ്പിലെ ചരിത്രം ഓർമ്മിപ്പിച്ചായിരുന്നു സ്പാനിഷ് സ്ട്രൈക്കറുടെ വാക്കുകൾ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഞങ്ങൾക്ക് ആരെയും ഭയമില്ല. ഫ്രാൻസിന് ഈ ടൂർണമെന്‍റിൽ ആരെയെയെങ്കിലും ഭയക്കാനുണ്ടെങ്കിൽ അത് സ്പെയിനെയാണ്. കാരണം മുൻപ് അവരെ ടൂർണമെന്‍റിൽ നിന്ന് പുറത്താക്കിയത് ഞങ്ങളാണ്. ഞങ്ങൾ അവരെ അവസാന രണ്ട് കളികളിലും തോൽപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് അവർ ഞങ്ങളെയാണ് ഭയപ്പെടേണ്ടത്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച രണ്ട് ടീമുകളാണ് നേർക്കുനേർ വരുന്നതെന്നും ലമീൻ യമാൽ പറഞ്ഞു.

Scroll to load tweet…

2024 യൂറോ കപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ സ്പെയിൻ 2-1 ന് പരാജയപ്പെടുത്തിയിരുന്നു. അന്ന് പതിനാറുകാരനായിരുന്ന യമാൽ ബോക്സിന് പുറത്തുനിന്ന് തൊടുത്ത ലോങ് റേഞ്ചർ ഗോളാണ് സ്പെയിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനെ നേരിടുമ്പോൾ മാനസികമായ മേധാവിത്വം തങ്ങൾക്കായിരിക്കുമെന്നാണ് യമാൽ അടിവരയിടുന്നത്. ഈ ലോകകപ്പിൽ ഇതുവരെ ഒരു ഗോൾ മാത്രമാണ് യമാലിന്‍റെ സമ്പാദ്യമെങ്കിലും 17 ഗോളവസരങ്ങൾ സൃഷ്ടിച്ച് ടൂർണമെന്‍റിൽ ഏറ്റവും കൂടുതൽ ചാൻസുകൾ ക്രിയേറ്റ് ചെയ്ത താരം യമാലാണ്.

എന്നാല്‍ വ്യക്തിഗത നേട്ടങ്ങൾ തന്നെ അലട്ടുന്നില്ലെന്ന് യമാല്‍ പറഞ്ഞു. ഒരു ഗോൾ മാത്രം നേടിക്കൊണ്ടാണ് ഞാൻ യൂറോ കപ്പ് ജയിച്ചത്. ടീം മുന്നോട്ട് പോകുന്നതിലാണ് എനിക്ക് സന്തോഷം. ഫ്രാൻസിനെതിരെ വീണ്ടും അങ്ങനെയൊരു മാന്ത്രിക നിമിഷം ആവർത്തിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു-യമാൽ കൂട്ടിചേർത്തു. സെമി ഫൈനൽ പോരാട്ടം രണ്ട് വൻശക്തികൾ തമ്മിലുള്ള മാറ്റുരയ്ക്കൽ മാത്രമല്ല, മറിച്ച് കിലിയൻ എംബാപ്പെയും ലമീൻ യമാലും തമ്മിലുള്ള പോരാട്ടം കൂടിയാണ്. 8 ഗോളുകളുമായി മെസിക്കൊപ്പം ഗോൾഡൻ ബൂട്ട് റേസിൽ മുന്നിലുള്ള എംബാപ്പെയെ തടയുക സ്പെയിന് വെല്ലുവിളിയാകും.

എങ്കിലും ക്വാർട്ടർ ഫൈനലിൽ പോർച്ചുഗലിനെയും ഓസ്ട്രിയയെയും ഇപ്പോൾ ബെൽജിയത്തെയും തകർത്തെത്തുന്ന ലൂയിസ് ഡി ലാ ഫ്യൂന്‍റെയുടെ സ്പാനിഷ് പട പൂർണ്ണ ആത്മവിശ്വാസത്തിലാണ്. മിഷേൽ മെറീനോയുടെ അവസാന നിമിഷ ഗോളിലാണ് സ്പെയിൻ ബെൽജിയത്തെ ക്വാർട്ടറിൽ വീഴ്ത്തിയത്. സ്പെയിൻ തങ്ങളുടെ രണ്ടാം ലോകകപ്പ് ഫൈനൽ ലക്ഷ്യമിട്ടിറങ്ങുമ്പോൾ, ഫ്രാൻസ് തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനലാണ് സ്വപ്നം കാണുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക