വഴങ്ങിയത് നാലെണ്ണം, പിടയാന്‍ പോലുമാകാതെ യുക്രൈന്‍; കെയ്‌നിന്‍റെ ഇരട്ട ഗോളില്‍ ഇംഗ്ലണ്ട് സെമിയില്‍

By Web TeamFirst Published Jul 4, 2021, 2:35 AM IST
Highlights

റോം ഒളിംപിക് സ്റ്റേഡിയത്തില്‍ മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ യുക്രൈന്‍ ഗോള്‍ വഴങ്ങി. റഹീം സ്റ്റര്‍ലിംഗ് ഒരുക്കികൊടുത്ത അവസരം ക്യാപ്റ്റന്‍ കെയ്ന്‍ ഗോളാക്കി മാറ്റുകയായിരുന്നു.

റോം: യൂറോ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ യുക്രൈന് ദയനീയ പരാജയം. ഹാരി കെയ്ന്‍ ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഹാരി മഗൈ്വര്‍, ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍ എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു രണ്ട് ഗോളുകള്‍ നേടിയത്. ഡെന്‍മാര്‍ക്കാണ് സെമിയില്‍ ഇംഗ്ലണ്ടിന്റെ എതിരാളി.

റോം ഒളിംപിക് സ്റ്റേഡിയത്തില്‍ മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ യുക്രൈന്‍ ഗോള്‍ വഴങ്ങി. റഹീം സ്റ്റര്‍ലിംഗ് ഒരുക്കികൊടുത്ത അവസരം ക്യാപ്റ്റന്‍ കെയ്ന്‍ ഗോളാക്കി മാറ്റുകയായിരുന്നു. യുക്രൈന്‍ പ്രതിരോധത്തെ കീറിമുറിച്ച് നല്‍കിയ പാസിന് ഗോളിനേക്കാള്‍ ഭംഗിയുണ്ടായിരുന്നു. തുടക്കത്തില്‍ വഴങ്ങിയ ഗോളില്‍ നിന്ന് യുക്രൈന് കര കയറാനായില്ല. എന്നാല്‍ ആദ്യ പകുതിയില്‍ പിന്നീടൊരു ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കാന്‍ യുക്രൈനിനായി. 

എന്നാല്‍ രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റുകള്‍ക്കിടെ ഇംഗ്ലണ്ട് രണ്ട് ഗോള്‍ യുക്രൈന്‍ വലയിലെത്തിച്ചു. 46-ാം മിനിറ്റില്‍ മഗൈ്വറാണ് ആദ്യ ഗോള്‍ നേടിയത്. ലൂക് ഷോയുടെ ഫ്രീകിക്കില്‍ തലവച്ചാണ് മഗൈ്വര്‍ ഗോള്‍ നേടിയത്. 50-ാം മിനിറ്റില്‍ കെയ്ന്‍ തന്റെ രണ്ടാം ഗോള്‍ നേടി. 

ഇത്തവണയും ഗോളിന് പിന്നില്‍ ഷോ ആയിരുന്നു. സ്റ്റര്‍ലിംഗിന്റെ ബാക്ക് ഹീല്‍ പാസ് സ്വീകരിച്ച ഷോ പന്ത് ബോക്‌സിലേക്ക് ക്രോസ് ചെയ്തു. അവസരത്തിനൊത്ത് ഉയര്‍ന്ന് ചാടിയ കെയ്ന്‍ യുക്രേനിയന്‍ ഗോള്‍ കീപ്പര്‍ ജോര്‍ജി ബുഷ്ചാന്റെ കാലുകള്‍ക്കിടയിലൂടെ പന്ത് ഹെഡ് ചെയ്തിട്ടു. 

63-ാം മിനിറ്റിലായിരുന്നു നാലാം ഗോള്‍. മേസണ്‍ മൗണ്ടിന്‍റെ കോര്‍ണറില്‍ ഹെന്‍ഡേഴ്‌സണ്‍ തലവച്ചു. സ്‌കോര്‍ 4-0.

click me!