താരങ്ങളെ വിട്ടുനല്‍കാതിരുന്ന പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ക്ക് തിരിച്ചടിയുമായി ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന്‍

By Web TeamFirst Published Sep 9, 2021, 6:44 PM IST
Highlights

അതേസമയം എവര്‍ട്ടണ്‍ താരം റിച്ചാലിസണെ ടീമിലെടുക്കുന്നതില്‍ നിന്ന് വിലക്കാന്‍ ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ആവശ്യപ്പെട്ടില്ല എന്നതും കൗതുകകരമായി. കോപ അമേരിക്കയിലും ഒളിംപിക്സിലും പങ്കെടുക്കാന്‍ റിച്ചാലിസണെ വിട്ടു നല്‍കിയ എവര്‍ട്ടണുമായുളള നല്ല ബന്ധത്തിന്‍റെ പേരിലാണ് താരത്തെ വിലക്കാന്‍ ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ആവശ്യപ്പെടാതിരുന്നത്.

സാവോപോളോ: ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് താരങ്ങളെ വിട്ടുനല്‍കാതിരുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകള്‍ക്ക് ബ്രസീൽ ഫുട്ബോൾ ഫെഡറേഷന്‍റെ തിരിച്ചടി. അഞ്ച് ക്ലബുകള്‍ക്കായി കളിക്കുന്ന എട്ടു ബ്രസീല്‍ താരങ്ങള്‍ക്ക് അടുത്ത അഞ്ചു ദിവസത്തേക്ക് പ്രീമിയര്‍ ലീഗില്‍ കളിക്കാനാകില്ല.

ഫിഫ നിയമത്തിലെ പ്രത്യേക അധികാരം പ്രയോഗിച്ചാണ് ബ്രസീൽ താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. ഇതോടെ ലിവര്‍പൂളിന്‍റെ അലിസൺ ബെക്കറിനും റോബർട്ടോ ഫിർമിനോയ്ക്കും ഫാബീഞ്ഞോയ്ക്കും മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗബ്രിയേല്‍ ജീസസും എഡേഴ്‌സണും ചെല്‍സിയുടെ തിയാഗോ സിൽവയ്ക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഫ്രെഡിനും ലീഡ്‌സ് യുണൈറ്റഡിന്‍റെ റഫീഞ്ഞയ്ക്കും വരും ദിവസങ്ങളിലെ മത്സരങ്ങൾ നഷ്ടമാവും.

അതേസമയം എവര്‍ട്ടണ്‍ താരം റിച്ചാലിസണെ ടീമിലെടുക്കുന്നതില്‍ നിന്ന് വിലക്കാന്‍ ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ആവശ്യപ്പെട്ടില്ല എന്നതും കൗതുകകരമായി. കോപ അമേരിക്കയിലും ഒളിംപിക്സിലും പങ്കെടുക്കാന്‍ റിച്ചാലിസണെ വിട്ടു നല്‍കിയ എവര്‍ട്ടണുമായുളള നല്ല ബന്ധത്തിന്‍റെ പേരിലാണ് താരത്തെ വിലക്കാന്‍ ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ആവശ്യപ്പെടാതിരുന്നത്.

വിലക്ക് ലംഘിച്ച് ക്ലബ്ബുകള്‍ ഈ താരങ്ങളെ കളിക്കാനിറക്കിയാല്‍ മത്സരം പ്രസ്തുത ക്ലബ്ബ് 3-0ന് തോറ്റതായി പ്രഖ്യാപിക്കും. എന്നാല്‍ യൂറോപ്യന്‍ ക്ലബ്ബ് അസോസിയേഷന്‍ന്‍റെ നേതൃത്വത്തില്‍ അനുരഞ്ജന ശ്രമങ്ങള്‍ നടത്തുന്ന ക്ലബ്ബുകള്‍ ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അയയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും.

10 ദിവസത്തെ ക്വാറന്‍റീൻ നിയമങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രീമിയര്‍ ലീഗ് ക്ലബുകൾ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ കളിക്കാനായി ബ്രസീല്‍ താരങ്ങളെ വിട്ടുനൽകാതിരുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!