അര്‍ജന്റൈന്‍ താരങ്ങള്‍ കൃത്രിമം കാണിച്ചു; കടുത്ത ആരോപണങ്ങളുമായി ബ്രസീലിയന്‍ ആരോഗ്യ പ്രവര്‍ത്തകര്‍

By Web TeamFirst Published Sep 8, 2021, 1:22 PM IST
Highlights

പുറത്തുവരുന്ന വാര്‍ത്തകള്‍ അര്‍ജന്റീന ടീം മാനേജ്‌മെന്റ് കൃത്രിമം കാണിച്ചുവെന്നാണ്. ഇത് തെളിയിക്കപ്പെട്ടാല്‍ ബ്രസീല്‍ 3-0ത്തിന് വിജയിച്ചതായി പ്രഖ്യാപിക്കും.
 

സൂറിച്ച്: ലോകകപ്പ് യോഗ്യതയില്‍ ഉപേക്ഷിക്കപ്പെട്ട ബ്രസീല്‍- അര്‍ജന്റീന മത്സരം വീണ്ടും നടത്തിയേക്കില്ല. ഏത് ടീമിന്റെ ഭാഗത്താണ് തെറ്റെന്ന് തെളിയിക്കപ്പെട്ടാല്‍ അവര്‍ക്ക് മൂന്ന് പോയിന്റ് നഷ്ടമാവും. പുറത്തുവരുന്ന വാര്‍ത്തകള്‍ അര്‍ജന്റീന ടീം മാനേജ്‌മെന്റ് കൃത്രിമം കാണിച്ചുവെന്നാണ്. ഇത് തെളിയിക്കപ്പെട്ടാല്‍ ബ്രസീല്‍ 3-0ത്തിന് വിജയിച്ചതായി പ്രഖ്യാപിക്കും. അര്‍ജന്റീനയ്ക്ക് മൂന്ന് പോയിന്റ് നഷ്ടമാവുകയും ചെയ്യും. എന്നാല്‍ ഇക്കാര്യത്തില്‍ ഫിഫയുടെ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

പ്രീമിയര്‍ ലീഗ് ക്ലബ്ബുകളില്‍ കളിക്കുന്ന അര്‍ജന്റൈന്‍ താരങ്ങളായ എമിലിയാനോ മാര്‍ട്ടിനസ്, ക്രിസ്റ്റ്യന്‍ റൊമേറോ, ജിയോവാനി ലൊ സെല്‍സോ, എമിലിയാനോ ബുവേന്‍ഡിയ എന്നിവര്‍ യാത്രാരേഖയില്‍ കൃത്രിമം കാണിച്ച് ബ്രസീലിലെത്തിയെന്നാണ് ആരോപണം.  ഈ നാല് താരങ്ങളോട് ക്വാറന്റൈനിലേക്ക് മാറുകയോ അല്ലെങ്കില്‍ ഇളവിനായി ബ്രസീലിയന്‍ സര്‍ക്കാരിനെ സമീപിക്കാനോ ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ഇളവ് ലഭിക്കില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. മത്സരത്തിന് മുമ്പ് ഇക്കാര്യം ബ്രസീലിയന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അര്‍ജന്റീന ടീം അധികൃതരെ അറിച്ചിരുന്നുവെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നു. എന്നാല്‍ സംഭവം അറിഞ്ഞിട്ടും താരങ്ങളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഇടപ്പെട്ടത്. പിന്നാലെ അര്‍ജന്റൈന്‍ താരങ്ങള്‍ കളം വിടുകയും ചെയ്തു. എന്തായാലും ഈ ആരോപണങ്ങളില്‍ വാസ്തവമുണ്ടെന്ന് ഫിഫയ്ക്ക് ബോധ്യപ്പെട്ടാല്‍ അര്‍ജന്റീനയ്ക്ക് പിടിവീഴും. ബ്രസീല്‍ ജയിച്ചതായി പ്രഖ്യാപിക്കും.

ഇരുരാജ്യങ്ങളുടെയും ഫുട്‌ബോള്‍ അസോസിയേഷനുകള്‍ ആരോഗ്യവകുപ്പ് അധികൃതരുടെ നടപടിയെ വിമര്‍ശിച്ച് പത്രക്കുറിപ്പിറക്കിയിരുന്നു.

click me!