
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുന്‍ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഗംഭീര തുടക്കം. കഴിഞ്ഞ സീസണിലെ നിരാശജനകമായ പ്രകടനം മറികടന്ന് സിറ്റി വുൾവ്സ് എഫ്സിയെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് ജയിച്ചു തുടങ്ങി. സൂപ്പര്‍ താരം ഏർലിംഗ് ഹാളണ്ട് നേടിയ ഇരട്ട ഗോളുകളാണ് സിറ്റിയുടെ ജയം ആധികാരികമാക്കിയത്. 34, 61 മിനുട്ടുകളിലായിരുന്നു ഹാളണ്ടിന്‍റെ ഗോളുകൾ. പുതിയ താരങ്ങളായ റെയിൻഡേഴ്സും റൊമെയ്ൻ ഷെർക്കിയും മാഞ്ചസ്റ്റർ സിറ്റിക്കായി വല കുലുക്കി. വുൾവ്സ് എഫ്സി ഓൺ ടാർജറ്റിലേക്ക് മൂന്ന് ഷോട്ടുകൾ തൊടുത്തെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.
ജയിച്ചു തുടങ്ങി ടോട്ടനവും, വെസ്റ്റ് ഹാമിന് തോല്‍വി
പ്രീമിയർ ലീഗിൽ ടോട്ടനത്തിനും മിന്നും തുടക്കം. ബേൺലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചു. ബ്രസീലിയൻ താരം റിച്ചാർലിസൻ ഡബിൾ തികച്ച മത്സരത്തിൽ ബ്രെണ്ണൻ ജോൺസണും ടോട്ടനത്തിനായി സ്കോർ ചെയ്തു. പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിന് തോൽവിയോടെ തുടക്കം. സണ്ടർലൻഡ് മറുപടിയില്ലാത്ത മൂന്ന് ഗോളിന് വെസ്റ്റ് ഹാമിനെ തകർത്തു. രണ്ടാം പകുതിയിലാണ് വെസ്റ്റ് ഹാം മൂന്ന് ഗോളുകളും വഴങ്ങിയത്.
ഫുൾഹാം-ബ്രൈട്ടൻ മത്സരം സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. 55- മിനുട്ടിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം കളിയുടെ അവസാന നിമിഷമാണ് ഫുൾഹാം സമനില ഗോൾ കണ്ടെത്തിയത്. ആസ്റ്റൺ വില്ല-ന്യൂകാസിൽ യുണൈറ്റഡ് പോരാട്ടവും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകൾക്കും ഗോളുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഓൺ ടാർജറ്റിലേക്ക് മൂന്ന് വീതം ഷോട്ട് തൊടുത്തെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.
സൂപ്പര്‍ സണ്‍ഡേയില്‍ വമ്പൻ പോരാട്ടങ്ങള്‍
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സൂപ്പര്‍ സണ്‍ഡേയില്‍ ഇന്ന് വമ്പൻ പോരാട്ടങ്ങളുണ്ട്. ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലുമായി ഏറ്റുമുട്ടും. ഓൾഡ് ട്രാഫോർഡിൽ ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് മത്സരം. തുടർച്ചയായ മൂന്ന് സീസണുകളിൽ കൈ അകലെ നഷ്ടമായ കിരീടം ഇത്തവണ തിരിച്ചുപിടിക്കാൻ ഇറങ്ങുന്ന ഗണ്ണേഴ്സ് തകർപ്പൻ ജയമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ സീസണിൽ കനത്ത തിരിച്ചടി നേരിട്ട യുണൈറ്റഡ് ഇത്തവണ ഫോം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ചെൽസിയും ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും. വൈകിട്ട് 6.30ന് നടക്കുന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസാണ് എതിരാളികൾ. ഇതേ സമയം നടക്കുന്ന മറ്റൊരു മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റ് ബ്രെൻഡ്ഫോർഡുമായി ഏറ്റുമുട്ടും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!