പ്രീമിയര്‍ ലീഗ്: കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; മാഞ്ചസ്റ്റര്‍ സിറ്റിക്ക് തിരിച്ചടി

By Web TeamFirst Published Dec 1, 2019, 8:34 AM IST
Highlights

 ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വീണ്ടും തിരിച്ചടി. ന്യൂകാസിലിനെതിരെ സിറ്റി സമനില വഴങ്ങി.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ലിവര്‍പൂളിന്‍റെ ജൈത്രയാത്ര തുടരുന്നു. ബ്രൈറ്റണിനെ ഒന്നിനെതിരെ രണ്ട് ഗോളിന് ചെമ്പട തോൽപ്പിച്ചു. 

ആദ്യ 24 മിനിറ്റിനിടെ രണ്ട് ഗോളിന് ലിവര്‍പൂള്‍ മുന്നിലെത്തി. വിര്‍ജിൽ വാന്‍ ഡെയ്ക് ആണ് രണ്ട് ഗോളും നേടിയത്. 79-ാം മിനിറ്റില്‍ ലൂയിസ് ഡ്രങ്ക് ബ്രൈറ്റണിനായി ആശ്വാസഗോള്‍ നേടി. ലിവര്‍പൂള്‍ ഗോളി അലിസൺ ബെക്കറിന് 76-ാം മിനിറ്റിൽ ചുവപ്പുകാര്‍ഡ് കിട്ടി പുറത്തുപോകേണ്ടിവന്നു. ജയത്തോടെ 14 കളിയിൽ ലിവര്‍പൂളിന് 40 പോയിന്‍റായി. നിലവില്‍ സിറ്റിയേക്കാള്‍ 11 പോയിന്‍റിന് മുന്നിലെത്തി ലിവര്‍പൂള്‍. 14 കളിയിൽ ലിവര്‍പൂളിന്‍റെ പതിമൂന്നാം ജയമാണിത്. 

അതേസമയം ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തിരിച്ചടി നേരിട്ടു. ന്യൂകാസിലിനെതിരെ സിറ്റി സമനില വഴങ്ങി. ഇരുടീമും രണ്ട് ഗോള്‍ വീതം നേടി. 88-ാം മിനിറ്റില്‍ ഷെൽവി നേടിയ ഗോളാണ് ചാംപ്യന്മാരുടെ ജയപ്രതീക്ഷ തകര്‍ത്തത്. മത്സരത്തിൽ രണ്ട് തവണ സിറ്റി ലീഡ് നേടിയപ്പോഴും തൊട്ടുപിന്നാലെ സമനിലഗോള്‍ നേടാന്‍ ന്യൂകാസിലിന് കഴിഞ്ഞു. ഇതോടെ ലീഗ് കിരീടം നിലനിര്‍ത്താമെന്ന ഗ്വാര്‍ഡിയോളയുടെ മോഹങ്ങള്‍ മങ്ങുകയാണ്. 

പുതിയ പരിശീലകന്‍ ഹൊസെ മൗറീഞ്ഞോക്ക് കീഴില്‍ ടോട്ടനം വിജയക്കുതിപ്പ് തുടരുന്നു. പ്രീമിയര്‍ ലീഗില്‍ ബോൺമൗത്തിനെ രണ്ടിനെതിരെ രണ്ട് ഗോളിന് ടോട്ടനം തോൽപ്പിച്ചു. മൗറീഞ്ഞോയുടെ കീഴില്‍ 10 ദിവസത്തിനിടെ ടോട്ടനത്തിന്‍റെ മൂന്നാം ജയമാണിത്. ടോട്ടനം പരിശീലകനായി മൗറീഞ്ഞോയുടെ ആദ്യ ഹോം മത്സരത്തിൽ ഡെലി അലിയുടെ ഇരട്ടഗോള്‍ ആണ് നിര്‍ണായകമായത്. 21, 50 മിനിറ്റുകളിലാണ് അലി ഗോള്‍ നേടിയത്. 69-ാം മിനിറ്റില്‍ മൗസാ സിസോക്കോ മൂന്നാം ഗോള്‍ നേടി. 14 കളിയിൽ 20 പോയിന്‍റുമായി ടോട്ടനം അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു

മറ്റൊരു മത്സരത്തില്‍ മുന്‍ ചാംപ്യന്മാരായ ചെൽസിക്ക് തോൽവി. വെസ്റ്റ് ഹാം ആണ് ചെൽസിയെ വീഴ്ത്തിയത്. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ജയം. 48-ാം മിനിറ്റില്‍ ആരോൺ ക്രെസ്‍‍വെൽ ആണ് നിര്‍ണായകഗോള്‍ നേടിയത്. 2002ന് ശേഷം ആദ്യമായാണ് ചെൽസി മൈതാനത്ത് വെസ്റ്റ് ഹാം ജയിക്കുന്നത്. കഴിഞ്ഞ എട്ട് മത്സരത്തിൽ ഒന്നില്‍ പോലും ജയിക്കാന്‍ വെസ്റ്റ് ഹാമിന് കഴിഞ്ഞിരുന്നില്ല.

click me!