ലിവര്‍പൂള്‍, ടോട്ടനം, ചെല്‍സി, ബാഴ്‌സലോണ, അത്‌ലറ്റിക്കോ; വമ്പന്‍മാര്‍ അങ്കത്തിന്

By Web TeamFirst Published Jan 31, 2021, 10:31 AM IST
Highlights

തോമസ് ടുഷേൽ പരിശീലകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യമത്സരത്തിൽ വൂള്‍വ്സിനെതിരെ ചെൽസി സമനില വഴങ്ങിയിരുന്നു.

ചെല്‍സി: പുതിയ പരിശീലകന് കീഴില്‍ ആദ്യജയം തേടി ചെൽസി ഇന്നിറങ്ങും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബേൺലി ആണ് ചെൽസിയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകീട്ട് 5.30നാണ് ചെൽസി മൈതാനത്താണ് മത്സരം. തോമസ് ടുഷേൽ പരിശീലകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യമത്സരത്തിൽ വൂള്‍വ്സിനെതിരെ ചെൽസി സമനില വഴങ്ങിയിരുന്നു.

20 കളിയിൽ 30 പോയിന്‍റുമായി എട്ടാം സ്ഥാനത്താണ് നിലവില്‍ ചെൽസി. ബേൺലി 15-ാം സ്ഥാനത്താണ്. നിലവിലെ ജേതാക്കളായ ലിവര്‍പൂള്‍, മുന്‍ ജേതാക്കളായ ലെസ്റ്റര്‍ സിറ്റി, കരുത്തരായ ടോട്ടനം എന്നീ ക്ലബ്ബുകളും ഇന്നിറങ്ങും. രാത്രി 7.30ന് ലെസ്റ്റര്‍, ലീഡ്സിനെയും, 10 മണിക്ക് ലിവര്‍പൂള്‍, വെസ്റ്റ് ഹാമിനെയും, ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 12.45ന് ടോട്ടനം, ബ്രൈറ്റണിനെയും നേരിടും.

20 കളിയിൽ 39 പോയിന്‍റുമായി ലെസ്റ്റര്‍ മൂന്നാമതും , 37 പോയിന്‍റുള്ള ലിവര്‍പൂള്‍ നാലാം സ്ഥാനത്തുമാണ്. 19 കളിയിൽ 33 പോയിന്‍റുള്ള ടോട്ടനം ആറാം സ്ഥാനത്താണ്.

ബാഴ്‌സയും കളത്തില്‍

സ്‌പാനിഷ് ലീഗ് ഫുട്ബോളില്‍ മുന്‍ ചാമ്പ്യന്മാരായ ബാഴ്‌സലോണയ്‌ക്കും മത്സരമുണ്ട്. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 1.30ന് തുടങ്ങുന്ന മത്സരത്തിൽ അത്‍‍ലറ്റിക് ക്ലബ്ബാണ് എതിരാളികള്‍. 19 കളിയിൽ 37 പോയിന്‍റുള്ള ബാഴ്സലോണ മൂന്നാമതും 24 പോയിന്‍റുളള അത്‌ലറ്റിക് ക്ലബ്ബ് ഒന്‍പതാം സ്ഥാനത്തുമാണ്. 

സൂപ്പര്‍ കപ്പിലേറ്റ തോൽവിക്ക് പകരം വീട്ടാന്‍ കൂടിയാണ് ബാഴ്സലോണ ഇന്നിറങ്ങുന്നത്. തുടര്‍ച്ചയായി ഏഴ് എവേ മത്സരങ്ങള്‍ കളിച്ച ശേഷമാണ് ബാഴ്സലോണ നൗകാമ്പിലേക്ക് തിരിച്ചുവരുന്നത്. ഈ മാസം ആദ്യം സ്‌പാനിഷ് ലീഗില്‍ മെസിയുടെ ഇരട്ടഗോള്‍ മികവില്‍ അത്‌ലറ്റിക് ക്ലബ്ബിനെ ബാഴ്‌സ തോൽപ്പിച്ചിരുന്നു.

 

അതേസമയം ലീഡ് ഉയര്‍ത്താന്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഇന്നിറങ്ങും. കാഡിസ് ആണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 8.45നാണ് മത്സരം. 18 കളിയിൽ 47 പോയിന്‍റുമായി നിലവില്‍ ഒന്നാം സ്ഥാനത്താണ് അത്‌ലറ്റിക്കോ. കാ‍ഡിസ് 11-ാം സ്ഥാനത്താണ്. 

കടം വീട്ടാന്‍ ബ്ലാസ്റ്റേഴ്‌സ്; എതിരാളികള്‍ എടികെ മോഹന്‍ ബഗാന്‍

click me!