ലിവര്‍പൂള്‍, സിറ്റി, റയല്‍, അത്‌ലറ്റിക്കോ; ഫുട്ബോളില്‍ വമ്പന്‍മാര്‍ ഇന്നിറങ്ങും

By Web TeamFirst Published Nov 28, 2020, 1:09 PM IST
Highlights

ഇന്ത്യന്‍ സമയം വൈകീട്ട് ആറിന് തുടങ്ങുന്ന എവേ മത്സരത്തിൽ ലിവര്‍പൂള്‍, ബ്രൈറ്റണിനെ നേരിടും. 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ കരുത്തന്മാര്‍ ഇന്ന് കളത്തിൽ. നിലവിലെ ജേതാക്കളായ ലിവര്‍പൂള്‍, മുന്‍ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി, ടീമുകള്‍ക്ക് ഇന്ന് മത്സരമുണ്ട്. ഇന്ത്യന്‍ സമയം വൈകീട്ട് ആറിന് തുടങ്ങുന്ന എവേ മത്സരത്തിൽ ലിവര്‍പൂള്‍, ബ്രൈറ്റണിനെ നേരിടും. നിലവില്‍ ഒന്‍പത് കളിയിൽ 20 പോയിന്‍റുള്ള ലിവര്‍പൂള്‍ രണ്ടാമതും, 9 പോയിന്‍റ് മാത്രമുള്ള ബ്രൈറ്റൺ 16ആം സ്ഥാനത്തുമാണ്.  
 
ഗോള്‍ ശരാശരിയിൽ നിലവില്‍ ലീഗില്‍ ഒന്നാമതുള്ള ടോട്ടനത്തിനെ മറികടക്കാന്‍ ഇന്ന് ജയിച്ചാൽ ലിവര്‍പൂളിനാകും. രാത്രി 8.30ന് തുടങ്ങുന്ന ഹോം മത്സരത്തിൽ മാഞ്ചസ്റ്റര്‍ സിറ്റിയുടെ എതിരാളികള്‍ ബേൺലി ആണ്. എട്ട് കളിയിൽ 13 പോയിന്‍റുമായി സിറ്റി 12-ാം സ്ഥാനത്തും അഞ്ച് പോയിന്‍റ് മാത്രമുള്ള ബേൺലി പതിനേഴാമതുമാണ്. ആറാം സ്ഥാനത്തുള്ള എവേര്‍ട്ടനും 14ആമതുള്ള ലീഡ്സ് യുണൈറ്റ‍ഡും തമ്മിലുള്ള മത്സരവും ഇന്ന് നടക്കും.

പരിക്കില്‍ കുടുങ്ങി പോഗ്‌ബ

ചെൽസി, ടോട്ടനം, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആഴ്സനല്‍ തുടങ്ങിയ വമ്പന്മാര്‍ പത്താം റൗണ്ട് മത്സരത്തിനായി നാളെ ഇറങ്ങും.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ പോഗ്‌ബയുടെ പരിക്ക് ഭേദമായില്ല. പ്രീമിയര്‍ ലീഗില്‍ സതാംപ്ടണിന് എതിരായ നാളത്തെ മത്സരത്തിൽ പോഗ്ബ കളിക്കാനുള്ള സാധ്യത മങ്ങി. നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനായി കളിക്കുന്നതിനിടെ പരിക്കേറ്റ പോഗ്‌ബ യുണൈറ്റഡിന്‍റെ കഴിഞ്ഞ രണ്ട് മത്സരത്തിലും കളിച്ചിരുന്നില്ല. മാര്‍ക്കസ് റാഷ്ഫോര്‍ഡും നാളെ കളിക്കുന്ന കാര്യം സംശയമാണ്. അതേസമയം എഡിന്‍സൺ കവാനിയും ഡോണി വാന്‍ ഡീബീക്കും ആദ്യ ഇലവനിലെത്തിയേക്കും.

മാഡ്രിഡ് വമ്പന്‍മാര്‍ കളത്തില്‍ 

സ്‌പാനിഷ് ലീഗ് ഫുട്ബോളില്‍ മാ‍ഡ്രിഡ് വമ്പന്മാര്‍ക്ക് ഇന്ന് മത്സരമുണ്ട്. ലീഗിൽ രണ്ടാമതുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് 9-ാം റൗണ്ട് മത്സരത്തിനും നാലാം സ്ഥാനത്തുള്ള റയൽ മാഡ്രി‍ഡ് പത്താം റൗണ്ട് മത്സരത്തിനും ഇറങ്ങും. ഇന്ത്യന്‍ സമയം രാത്രി 8.45ന് തുടങ്ങുന്ന കളിയിൽ വലന്‍സിയ ആണ് അത്‌ലറ്റിക്കോയുടെ എതിരാളികള്‍. ജയിച്ചാൽ അത്‌ലറ്റിക്കോയ്ക്ക് ലീഗില്‍ മുന്നിലെത്താം. വലന്‍സിയ നിലവില്‍ ഒന്‍പതാം സ്ഥാനത്താണ്. 

റയൽ മാഡ്രിഡ് ദുര്‍ബലരായ അലാവസിനെ നേരിടും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 1.30നാണ് മത്സരം തുടങ്ങുന്നത്. 10 കളിയിൽ 23 പോയിന്‍റുള്ള റയൽ സോസിഡാഡ് ആണ് നിലവില്‍ ലീഗില്‍ ഒന്നാമത്. പതിമൂന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയ്‌ക്ക് നാളെ മത്സരമുണ്ട്.

click me!