EPL : പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ മത്സരങ്ങള്‍; ചെല്‍സിയും ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്നിറങ്ങും

By Web TeamFirst Published Dec 1, 2021, 10:40 AM IST
Highlights

പ്രീമിയര്‍ ലീഗില്‍ ജൈത്രയാത്ര തുടരാന്‍ ഇറങ്ങുന്ന ചെല്‍സിയുടെ എതിരാളികള്‍ വാറ്റ്‌ഫോര്‍ഡ്. രാത്രി ഒന്നിന് തുടങ്ങുന്ന മത്സരം വാറ്റ്‌ഫോര്‍ഡിന്റെ മൈതാനത്താണ്.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ (EPL) പ്രമുഖ ടീമുകള്‍ ഇന്ന് പതിനാലാം റൗണ്ട് മത്സരത്തിനിറങ്ങും. ചെല്‍സി (Chelsea), ലിവര്‍പൂള്‍ (Liverpool), മാഞ്ചസ്റ്റര്‍ സിറ്റി (Manchester City) ടീമുകള്‍ക്ക് മത്സരമുണ്ട്. പ്രീമിയര്‍ ലീഗില്‍ ജൈത്രയാത്ര തുടരാന്‍ ഇറങ്ങുന്ന ചെല്‍സിയുടെ എതിരാളികള്‍ വാറ്റ്‌ഫോര്‍ഡ്. രാത്രി ഒന്നിന് തുടങ്ങുന്ന മത്സരം വാറ്റ്‌ഫോര്‍ഡിന്റെ മൈതാനത്താണ്. അവസാനം ഏറ്റുമുട്ടിയ എട്ട് മത്സരത്തിലും ചെല്‍സിക്കായിരുന്നു ജയം. 

13 കളിയില്‍ 31 ഗോള്‍ നേടിയ ചെല്‍സി ഇതുവരെ വഴങ്ങിയത് അഞ്ചുഗോള്‍ മാത്രം. 30 പോയിന്റുമായാണ് ചെല്‍സി ഒന്നാം സ്ഥാനത്ത് തുടരുന്നത്. നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആസ്റ്റന്‍ വില്ലയാണ് എതിരാളികള്‍. സിറ്റിക്കെതിരെ ഏറ്റുമുട്ടിയ അവസാന പതിനാല് കളിയില്‍ പന്ത്രണ്ടിലും ആസ്റ്റന്‍ വില്ല തോല്‍വി നേരിട്ടു. എന്നാല്‍ പുതിയ കോച്ച് സ്റ്റീവന്‍ ജെറാര്‍ഡിന്റെ തന്ത്രങ്ങളുമായാണ് ആസ്റ്റന്‍ വില്ല ഇത്തവണ ഇറങ്ങുന്നത്. ജെറാര്‍ഡിന് കീഴില്‍ ആദ്യ രണ്ട് കളിയിലും ആസ്റ്റന്‍ വില്ല ജയിച്ചിരുന്നു.

ലിവര്‍പൂള്‍ എവേ മത്സരത്തില്‍ എവര്‍ട്ടനെ നേരിടും. ബ്രസീലിന്‍ താരം റിച്ചര്‍ലിസണ്‍ സസ്‌പെന്‍ഷന്‍ കഴിഞ്ഞെത്തുന്നത് എവര്‍ട്ടന് കരുത്താവും. എങ്കിലും മുഹമ്മദ് സലാ, ഡീഗോ ജോട്ട, സാദിയോ മാനെ ത്രയത്തെ പിടിച്ചുകെട്ടുക എവര്‍ട്ടന് എളുപ്പമാവില്ല. പരിക്കില്‍ നിന്ന് മുക്തനാവാത്ത റോബര്‍ട്ടോ ഫിര്‍മിനോ ലിവര്‍പൂള്‍ നിരയിലുണ്ടാവില്ല. 

രണ്ട് കളിയും തുടങ്ങും രാത്രി ഒന്നേമുക്കാലിന്. 13 കളിയില്‍ 29 പോയിന്റുള്ള സിറ്റി രണ്ടും 28 പോയിന്റുള്ള ലിവര്‍പൂള്‍ മൂന്നും സ്ഥാനങ്ങളില്‍.

click me!