EPL 2021-22 : മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം, ആദ്യ നാലില്‍; എവര്‍ട്ടണ് തുടര്‍ച്ചയായ മൂന്നാം തോല്‍വി

By Web TeamFirst Published Jan 23, 2022, 10:59 AM IST
Highlights

സതാപ്ടണായി കൈല്‍ വാല്‍ക്കറും സിറ്റിക്കായി അയ്‌മെറിക് ലാപോര്‍ട്ടെയുമാണ് ഗോള്‍ നേടിയത്. 57 പോയിന്റുള്ള സിറ്റി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. 25 പോയിന്റുള്ള സതാപ്ടണ്‍ 12-ാമതും.  

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ (EPL 2021-22 ) മാഞ്ചസ്റ്റര്‍ സിറ്റിയുടെ (Manchester City) തുടര്‍വിജയത്തിന് തടയിട്ട് സതാംപ്ടണ്‍ (Southampton). ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. സതാപ്ടണായി കൈല്‍ വാല്‍ക്കറും സിറ്റിക്കായി അയ്‌മെറിക് ലാപോര്‍ട്ടെയുമാണ് ഗോള്‍ നേടിയത്. 57 പോയിന്റുള്ള സിറ്റി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. 25 പോയിന്റുള്ള സതാപ്ടണ്‍ 12-ാമതും.  

അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നാടകീയ ജയം സ്വന്തമാക്കി. യുണൈറ്റഡ് മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെ ഇഞ്ചുറി ടൈം ഗോളില്‍ വെസ്റ്റ് ഹാമിനെ തോല്‍പിച്ചു. തൊണ്ണൂറ്റിമൂന്നാം മിനിറ്റിലായിരുന്നു മത്സരത്തിന്റെ വിധി നിശ്ചയിച്ച ഗോള്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ആന്തണി മാര്‍ഷ്യാല്‍, എഡിന്‍സന്‍ കവാനി എന്നിവരിലൂടെ എത്തിയ പന്താണ് റാഷ്‌ഫോര്‍ഡ് വെസ്റ്റ്ഹാം വലയില്‍ എത്തിച്ചത്. പതിനൊന്നാം ജയത്തോടെ 38 പോയിന്റുമായി യുണൈറ്റഡ് നാലാം സ്ഥാനത്തേക്ക് മുന്നേറി. മത്സരം തുടങ്ങും മുന്‍പ് ഏഴാം സ്ഥാനത്തായിരുന്നു യുണൈറ്റഡ്. 37 പോയിന്റുള്ള വെസ്റ്റ്ഹാം അഞ്ചാം സ്ഥാനത്താണ്. 

എവര്‍ട്ടണ്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി നുണഞ്ഞു. ആസ്റ്റന്‍ വില്ല ഏകപക്ഷീയമായ ഒരു ഗോളിന് എവര്‍ട്ടനെ തോല്‍പിച്ചു. ഒന്നാം പകുതിയുടെ ഇഞ്ചുറിടൈമില്‍ എമിലിയാനോ ബൂണ്ടിയയാണ് നിര്‍ണായക ഗോള്‍ നേടിയത്. 21 കളിയില്‍ 26 പോയിന്റുമായി ആസ്റ്റന്‍ വില്ല പത്താം സ്ഥാനത്തേക്കുയര്‍ന്നു. 19 പോയിന്റുള്ള എവര്‍ട്ടന്‍ പതിനാറാം സ്ഥാനത്താണ്. 

ന്യൂകാസില്‍ യുണൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിന് ലീഡ്‌സ് യുണൈറ്റഡിനെ തോല്‍പിച്ചു. എഴുപത്തിയഞ്ചാം മിനിറ്റില്‍ ഷെല്‍വിയാണ് നിര്‍ണായക ഗോള്‍ നേടിയത്. 21 കളിയില്‍ 15 പോയിന്റുമായി പതിനെട്ടാം സ്ഥാനത്തുള്ള ന്യൂകാസില്‍ ഇപ്പോഴും തരംതാഴ്ത്തല്‍ ഭീഷണിയില്‍ നിന്ന് രക്ഷപ്പെട്ടിട്ടില്ല.

click me!