
ബുഡാപെസ്റ്റ്: വാർത്താ സമ്മേളനത്തിനിടെ മുന്നിലിരിക്കുന്ന കൊക്ക കോളയുടെ കുപ്പി എടുത്തു മാറ്റി പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ വെള്ളക്കുപ്പി എടുത്തുവെച്ചതിന് ആരാധകർ കൈയടിക്കുന്നതിനിടെ കൊക്ക കോളക്ക് നഷ്ടമായത് നാല് ബില്യൺ ഡോളർ. റൊണാൾഡോയുടെ നടപടിയിലൂടെ കൊക്ക കോള ഓഹരികളുടെ വിപണി മൂല്യത്തിൽ നാല് ബില്യൺ ഡോളറിന്റെ നഷ്ടമാണുണ്ടാക്കിയത്.
ഫിറ്റ്നെസിൽ ശ്രദ്ധിക്കുന്ന റൊണാൾഡോ ബുഡാപെസ്റ്റിൽ ഹംഗറിക്കെതിരായ മത്സരത്തിന് തൊട്ടു മുമ്പ് നടത്തിയ വാർത്തസമ്മേളനത്തിനിടെയാണ് മുമ്പിലെ മേശപ്പുറത്തിരിക്കുന്ന കൊക്ക കോള കുപ്പികൾ എടുത്തുമാറ്റി രണ്ട് വെള്ളക്കുപ്പികൾ എടുത്തുവെച്ചത്. കോളക്ക് പകരം വെള്ളം കുടിക്കാനും റൊണാൾഡോ ആംഗ്യത്തിലൂടെ പറഞ്ഞിരുന്നു. യൂറോ കപ്പിന്റെ പ്രധാന സ്പോൺസറാണ് കൊക്ക കോള.
റൊണാൾഡോയുടെ വാർത്താസമ്മേളനത്തിനുശേഷം ഓഹരി വിപണിയിൽ കൊക്ക കോളയുടെ ഓഹരിവില 56.10 ഡോളറിൽ നിന്ന് 55.22 ലേക്ക് വീണു. 1.6 ശതമാനം ഇടിവ് രേഖപ്പെടുത്തിയ ഓഹരികൾ ഇപ്പോൾ 55.41 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഓഹരിവില ഒരു ഡോളർ ഇടിഞ്ഞപ്പോൾ തന്നെ കൊക്ക കോളയുടെ വിപണിമൂല്യം 242 ബില്യൺ ഡോളറിൽ നിന്ന് 238 ബില്യൺ ഡോളറായി.
റൊണാൾഡോക്ക് പിന്നാലെ ടൂർണമെന്റിന്റെ മറ്റൊരു സ്പോൺസറായ ഹെനികിന്റെ ബിയർ കുപ്പികൾ വാർത്താ സമ്മേളനത്തിനിടെ ഫ്രഞ്ച് താരം പോൾ പോഗ്ബയും എടുത്തു മാറ്റിയിരുന്നു. ടൂർണമെന്റിന്റെ ഔദ്യോഗിക സ്പോൺസർമാർക്കെതിരെ സൂപ്പർ താരങ്ങളെടുക്കുന്ന നിലപാടുകൾ യുവേഫക്കും തലവേദനയാകുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!