
മ്യൂണിക്: വാർത്താ സമ്മേളനത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ മുന്നിലുള്ള കൊക്ക കോള കുപ്പി എടുത്തുമാറ്റിയ മാതൃക പിന്തുടർന്ന് ഫ്രാൻസ് സൂപ്പർ താരം പോൾ പോഗ്ബയും. ജർമനിക്കെതിരായ മത്സരത്തിനുശേഷം നടന്ന വാർത്താ സമ്മേളനത്തിനിടെ മുന്നിലുള്ള ഹെനികിൻ കമ്പനിയുടെ ബിയർ കുപ്പി എടുത്തുമാറ്റിയാണ് പോഗ്ബ റോണോയെ മാതൃകയാക്കിയത്.
ഇസ്ലാം മതവിശ്വാസിയായ പോഗ്ബ മദ്യ ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാറുണ്ട്. യൂറോയുടെ പ്രധാന സ്പോൺസർമാരിലൊരാളാണ് ഹെനികിൻ. കഴിഞ്ഞ ദിവസം ഹംഗറിക്കെതിരായ മത്സരത്തിന് മുമ്പ് നടന്ന വാർത്താ സമ്മേളനത്തിൽ പോർച്ചുഗൽ നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോ മേശപ്പുറത്തിരുന്ന കൊക്ക കോള കുപ്പികൾ എടുത്തുമാറ്റി വെള്ളക്കുപ്പികൾ എടുത്തുവെച്ചിരുന്നു.
2019ലാണ് പോഗ്ബ ഇസ്ലാം മതവിശ്വാസിയായത്. ഇസ്ലാം മതം സ്വീകരിച്ചത് തന്റെ മനസിന് കൂടുതൽ ശാന്തത നൽകുന്നുവെന്ന് പോഗ്ബ നേരത്തെ വ്യക്തമാക്കിയിരുന്നു. 2019ൽ പോഗ്ബ മക്കയിൽ സന്ദർശനം നടത്തുകയും ചെയ്തിരുന്നു.
യൂറോ കപ്പിലെ മരണ ഗ്രൂപ്പിൽ ജർമനിക്കെതിരായ മത്സരത്തിൽ ഒരു ഗോളിനാണ് ലോക ചാമ്പ്യൻമാരായ ഫ്രാൻസ് ജയിച്ചത്. ജർമൻ താരം മാറ്റ് ഹെമ്മൽസിന്റെ സെൽഫ് ഗോളാണ് ഫ്രാൻസിന് ജയമൊരുക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!