
ബുക്കാറസ്റ്റ്: യൂറോ പ്രീ ക്വാട്ടറിൽ സ്വിറ്റ്സർലൻഡിനോട് പെനൽറ്റി ഷൂട്ടൌട്ടിൽ തോറ്റ് ഫ്രാൻസ് പുറത്തായതിന് പിന്നാലെ ഫ്രഞ്ച് യുവതാരം കിലിയൻ എംബാപ്പെക്ക് ഉപദേശവുമായി ഇതിഹാസതാരം പെലെ. നിശ്ചിത സമയത്തും അധിക സമയത്തും 3-3 തുല്യത പാലിച്ച മത്സരം പെനൽറ്റി ഷൂട്ടൌട്ടിലേക്ക് നീണ്ടപ്പോൾ എംബാപ്പെ പാഴാക്കിയ പെനൽറ്റിയാണ് ഫ്രാൻസിന്റെ അപ്രതീക്ഷിത പുറത്താകലിന് വഴിവെച്ചത്.
സ്വിസ് ടീം തങ്ങളുടെ അഞ്ച് സ്പോട് കിക്കുകളും വലയിലാക്കിയപ്പോൾ ഫ്രാൻസിന്റെ അഞ്ചാമത്തെ കിക്കെടുത്ത എംബാപ്പെക്ക് പിഴച്ചു. എംബാപ്പെയുടെ കിക്ക് സ്വിസ് ഗോളി തട്ടിത്തെറിപ്പിച്ചതോടെ ഫ്രാൻസിന്റെ പതനം പൂർത്തിയായി. നേരത്തെ മത്സരത്തിൽ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കാനും എംബാപ്പെക്ക് കഴിഞ്ഞിരുന്നില്ല.
തലകുനിക്കരുത് കിലയൻ, തല ഉയർത്തിപ്പിടിച്ചു തന്നെ നടക്കു, നാളെ നിങ്ങളുടെ ജിവത്തിലെ പുതിയൊരു യാത്ര ആരംഭിക്കുകയാണ്-പെലെ ട്വീറ്റ് ചെയ്തു. നേരത്തെ പെനൽറ്റി പാഴാക്കിയതിന് ടീമിനോടും രാജ്യത്തിനോടും ക്ഷമ ചോദിച്ച എംബാപ്പെ തനിക്ക് ഉറങ്ങാൻ പോലും കഴിയാത്ത രാത്രിയായിരിക്കുമെന്നും മത്സരശേഷം പറഞ്ഞിരുന്നു.
ഈ തോൽവി മറക്കാൻ കുറച്ചു പാടാണ്. കാരണം ഈ പുറത്താകൽ ഞങ്ങളെ അത്രമാത്രം ദുഖത്തിലാഴ്ത്തിയിരിക്കുന്നു. ഞങ്ങൾക്ക് ഗോൾ നേടാനായില്ല. പെനൽറ്റിയിലൂടെ ടീമിനെ സഹായിക്കാൻ എനിക്കായില്ല. ഞാനതിന് ക്ഷമ ചോദിക്കുന്നു. ഇന്ന് രാത്രി ഉറങ്ങാനാവുമെന്ന് തോന്നുന്നില്ല. ഈ കളിയിലെ പ്രതിബന്ധങ്ങൾ ഇങ്ങനെയൊക്കെയാണെന്ന് എനിക്കറിയാം. അത് ഞാൻ ഇഷ്ടപ്പെടുന്നു-മത്സരശേഷം എംബാപ്പെ ട്വിറ്ററിൽ കുറിച്ചു.
ആരാധകർ നിരാശരാണെന്ന് എനിക്കറിയാം. എന്നാലും നിങ്ങൾ തന്നെ പിന്തുണക്കും ഞങ്ങളിൽ വിശ്വാസമർപ്പിച്ചതിനും നന്ദി പറയുന്നു. അടുത്ത വർഷങ്ങളിൽ കൂടുതൽ കരുത്തരായി തിരിച്ചുവരാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ-എംബാപ്പെ എഴുതി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!