കാസ്പർ ഷ്മൈക്കലിന്റെ ശ്രദ്ധതിരിക്കാൻ കാണികളുടെ വക ലേസർ ലൈറ്റ് പ്രയോ​ഗവും

By Web TeamFirst Published Jul 8, 2021, 2:16 PM IST
Highlights

റഹീം സ്റ്റെർലിം​ഗിനെ വീഴ്ത്തിയതിന് പെനൽറ്റി വിധിച്ചത് തെറ്റായിപ്പോയെന്ന അഭിപ്രായങ്ങളും ആരാധകർക്കിടയിൽ ഉയരുന്നുണ്ട്.

ലണ്ടൻ: യൂറോ കപ്പ് സെമി ഫൈനലിൽ ഡെൻമാർക്കിനെതിരായ ആവേശപ്പോരാട്ടത്തിൽ ഇം​ഗ്ലണ്ട് ജയിച്ച് ഫൈനലിലെത്തിയെങ്കിലും വിവാദ പെനൽറ്റിയെക്കുറിച്ചും സ്റ്റേഡിയത്തിലെ ഇം​ഗ്ലീഷ് ആരാധകരുടെ പെരുമാറ്റത്തെക്കുറിച്ചുമെല്ലാം ആരോപണങ്ങൾ നിലക്കുന്നില്ല.നിശ്ചിത സമയത്തും അധിക സമയത്തും ഇം​ഗ്ലണ്ട് ആക്രമണങ്ങളെ ​ഗോൾ പോസ്റ്റിന് മുന്നിൽ വൻമതിൽ കെട്ടി പ്രതിരോധിച്ച ഡെൻമാർക്ക് ​ഗോൾ കീപ്പർ കാസ്പർ ഷ്മൈക്കലിന്റെ മുഖത്തേക്ക് കാണികളിലാരോ ലേസർ ലൈറ്റ് അടിച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

എക്സ്ട്രാ ടൈമിൽ ഹാരി കെയ്ൻ എടുത്ത പെനൽറ്റി കിക്കിന് മിനിറ്റുകൾക്ക് മുമ്പായിരുന്നു സംഭവം. ഇതിന് പിന്നാലെയാണ് റഹീം സ്റ്റെർലിം​ഗിനെ ബോക്സിൽ വീഴ്ത്തിയതിന് റഫറി പെനൽറ്റി വിധിച്ചത്. ഹാരി കെയ്ൻ ആദ്യമെടുത്ത കിക്ക് ഷ്മൈക്കൽ തടുത്തിട്ടെങ്കിലും റീ ബൗണ്ടിൽ പന്ത് വലയിലാക്കി കെയ്ൻ ഇം​ഗ്ലണ്ടിന്റെ വിജയ​ഗോൾ നേടി.

അതേസമയം, റഹീം സ്റ്റെർലിം​ഗിനെ വീഴ്ത്തിയതിന് പെനൽറ്റി വിധിച്ചത് തെറ്റായിപ്പോയെന്ന അഭിപ്രായങ്ങളും ആരാധകർക്കിടയിൽ ഉയരുന്നുണ്ട്. സ്റ്റെർലിം​ഗിനെ ജോക്വിം മെയ്ൽ ഫൗൾ ചെയ്തിട്ടില്ലെന്നും അബദ്ധത്തിൽ കാലു കൊണ്ടപ്പോൾ തന്നെ സ്റ്റെർലിം​ഗ് അഭിനയിച്ച് വീഴുകയായിരുന്നുവെന്നുമാണ് ഒരു വിഭാ​ഗം ആരാധകർ കരുതുന്നത്.

1966ലെ ലോകകപ്പ് ഫൈനലിനുശേഷം ഇം​ഗ്ലണ്ട് ആദ്യമായാണ് ഒരു പ്രധാന ടൂർണമെന്റിന്റെ ഫൈനലിലെത്തുന്നത്. 55 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ ഫൈനൽ ടിക്കറ്റ് ഇം​ഗ്ലീഷ് ആരാധകരും ആഘോഷമാക്കുകയാണ്. ഞായറാഴ്ച വെംബ്ലിയിൽ നടക്കുന്ന ഫൈനലിൽ ഇറ്റലിയാണ് ഇം​ഗ്ലണ്ടിന്റെ എതിരാളികൾ.

click me!