യൂറോ കപ്പ്: ഇറ്റലിയുടെ എതിരാളികളെ ഇന്നറിയാം; ഇംഗ്ലണ്ടും ഡെന്‍മാര്‍ക്കും നേര്‍ക്കുനേര്‍

By Web TeamFirst Published Jul 7, 2021, 10:13 AM IST
Highlights

ഇംഗ്ലീഷ് ഫുട്ബോളിന്റെ തറവാടായ വെംബ്ലിയിൽ ഹാരി കെയ്‌നെയും സംഘത്തേയും തോൽപിക്കുക അത്ര എളുപ്പമല്ലെന്ന യാഥാർഥ്യം ഡാനിഷ് കോച്ച് കാസ്‌പർ യൂൾമണ്ടിന് നന്നായറിയാം

വെംബ്ലി: യൂറോ കപ്പ് ഫൈനലിൽ ഇറ്റലിയുടെ എതിരാളികൾ ആരെന്ന് ഇന്നറിയാം. വെംബ്ലിയില്‍ ഇംഗ്ലണ്ട് രാത്രി പന്ത്രണ്ടരയ്ക്ക് തുടങ്ങുന്ന സെമിയിൽ ഡെൻമാർക്കിനെ നേരിടും. 

ടൂർണമെന്റ് ഫേവറിറ്റുകൾ എന്ന വിശേഷണം ശരിവച്ചാണ് ഇരുവരെ ഇംഗ്ലണ്ടിന്‍റെ മുന്നേറ്റം. അതേസമയം സർപ്രൈസ് പാക്കേജുമായാണ് ഡെൻമാർക്ക് അമ്പരപ്പിക്കുന്നത്. ഇംഗ്ലണ്ട് സ്വപ്നം കാണുന്നത് യൂറോ കപ്പിലെ ആദ്യ ഫൈനലെങ്കില്‍ 1992ൽ കിരീടമുയ‍‍ർത്തിയ മാന്ത്രിക പ്രകടനം ആവർത്തിക്കാനാണ് ഡെൻമാർക്ക് ഒരുങ്ങുന്നത്. സെമിയിൽ ഉക്രെയ്‌നെ നാല് ഗോളിന് തക‍ർത്ത ഇംഗ്ലണ്ട് ഇതുവരെ ഒറ്റ ഗോൾ വഴങ്ങിയിട്ടില്ല. നായകൻ ഹാരി കെയ്‌നെ മുന്നിൽ നിർത്തിയുള്ള 4-2-3-1 ഫോർമേഷനിൽ തന്നെയാവും കോച്ച് ഗാരെത് സൗത്ഗേറ്റ് ഇംഗ്ലണ്ടിനെ അണിനിരത്തുക.

ക്രിസ്റ്റ്യൻ എറിക്സൻ മരണം മുന്നിൽ കണ്ടപ്പോൾ വിറങ്ങലിച്ചുപോയ ഡെൻമാർക്ക് പിന്നീടങ്ങോട്ട് കളിയും തന്ത്രങ്ങളും മാറ്റുകയായിരുന്നു. അ‍ഞ്ച് കളിയിൽ 11 ഗോൾ നേടി. ക്വാർട്ടറിൽ ചെക് റിപ്പബ്ലിന് ചെക്ക് വച്ചാണ് ഡാനിഷ് മുന്നേറ്റം. ഇംഗ്ലീഷ് ഫുട്ബോളിന്റെ തറവാടായ വെംബ്ലിയിൽ ഹാരി കെയ്‌നെയും സംഘത്തേയും തോൽപിക്കുക അത്ര എളുപ്പമല്ലെന്ന യാഥാർഥ്യം ഡാനിഷ് കോച്ച് കാസ്‌പർ യൂൾമണ്ടിന് നന്നായറിയാം. 

നേര്‍ക്കുനേര്‍ കണക്ക്

ഇംഗ്ലണ്ടും ഡെൻമാർക്കും നേർക്കുനേർ വരുന്ന ഇരുപത്തിരണ്ടാം മത്സരമാണിത്. ഇംഗ്ലണ്ട് 12 കളിയിലും ഡെൻമാർക്ക് നാല് കളിയിലും ജയിച്ചു. അഞ്ച് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. കഴിഞ്ഞ വർഷം യുവേഫ നേഷൻസ് ലീഗിലാണ് ഇരു ടീമും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഡെൻമാർക്ക് ഒരു ഗോളിന് ഇംഗ്ലണ്ടിനെ തോൽപിച്ചിരുന്നു. 

സ്‌പെയ്‌നിനെ തോൽപ്പിച്ചാണ് ഇറ്റലി യൂറോ കപ്പ് ഫൈനലിലെത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. 

കൂടുതല്‍ യൂറോ വാര്‍ത്തകള്‍...

രക്ഷകനും വില്ലനും മൊറാട്ട; സ്‌പെയ്‌നിനെ മറികടന്ന് അസൂറികള്‍ യൂറോ ഫൈനലില്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍
എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
#BreakTheChain #ANCares #IndiaFightsCorona

click me!