150 പാസുകൾ മാത്രമായിരുന്നു ഗ്രൗണ്ടിലെത്തുന്നവർക്കായി നൽകിയത്. എന്നാൽ സ്റ്റേഡിയത്തിലുണ്ടായിരുന്ന വിഐപി മൂന്നിരട്ടി ആളുകളെയാണ് ഗ്രൗണ്ടിലേക്ക് തള്ളിക്കയറ്റിയത്

കൊൽക്കത്ത: മെസിയുടെ ഇന്ത്യ സന്ദർശനത്തിൽ കൊൽക്കത്തയിലെ പരിപാടി അലങ്കോലമായതിൽ വെളിപ്പെടുത്തലുമായി സതാദ്രു ദത്ത. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയ മെസി നിമിഷങ്ങൾക്കുള്ളിൽ മടങ്ങിയതിന് പിന്നാലെ ആരാധകർ സ്റ്റേഡിയത്തിന് സാരമായ കേടുപാട് വരുത്തിയിരുന്നു. ഇതിന് പിന്നാലെ പരിപാടിയുടെ സംഘാടകനായ സതാദ്രു ദത്ത അറസ്റ്റിലായിരുന്നു. എന്നാൽ സ്റ്റേഡിയത്തിലുണ്ടായിരുന്ന സുപ്രധാന വ്യക്തിയാണ് മെസി നിമിഷങ്ങൾക്കുള്ളിൽ മടങ്ങാൻ കാരണമെന്നാണ് സതാദ്രു ദത്ത ആരോപിക്കുന്നത്. 150 പാസുകൾ മാത്രമായിരുന്നു ഗ്രൗണ്ടിലെത്തുന്നവർക്കായി നൽകിയത്. എന്നാൽ സ്റ്റേഡിയത്തിലുണ്ടായിരുന്ന വിഐപി മൂന്നിരട്ടി ആളുകളെയാണ് ഗ്രൗണ്ടിലേക്ക് തള്ളിക്കയറ്റിയത്. ആളുകൾ ആലിംഗനം ചെയ്യാൻ ശ്രമിക്കുന്നതും തൊടാൻ ശ്രമിക്കുന്നതും താരത്തിന് താൽപര്യമില്ലെന്ന് മെസിയുടെ അംഗരക്ഷകർ വിശദമാക്കിയിരുന്നുവെന്നും സതാദ്രു ദത്ത വെളിപ്പെടുത്തുന്നത്. 

വിഐപി എത്തും വരെ തിരക്ക് നിയന്ത്രണ വിധേയം ആയിരുന്നുവെന്ന് സതാദ്രു ദത്ത

ഗ്രൗണ്ടിലുണ്ടായിരുന്നവർ തൊടാനും അടുത്ത് വരാനും ശ്രമിച്ചതിൽ മെസിക്ക് അസ്വസ്ഥത തോന്നിയിരുന്നു. താരം ഇത് പ്രകടിപ്പിച്ചതോടെ അത്തരത്തിൽ ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും സതാദ്രു ദത്ത വിശദമാക്കുന്നത്. ചിത്രമെടുക്കാൻ ആളുകൾ തിരക്കുണ്ടാക്കാൻ തുടങ്ങി. ഗ്രൗണ്ടിലേക്ക് ഒരു വിഐപി എത്തുന്നത് വരെ കാര്യങ്ങൾ നിയന്ത്രണത്തിലായിരുന്നുവെന്നും സതാദ്രു ദത്ത വിശദമാക്കുന്നത്. ഈ വിഐപിയാണ് നിരവധി പേരെ ഗ്രൗണ്ടിലേക്ക് എത്തിച്ചതെന്നാണ് ആരോപണം. ബംഗാള്‍ കായിക മന്ത്രി അരൂപ് ബിശ്വാസ് മെസിക്കൊപ്പം നടന്ന് അദ്ദേഹത്തിന്‍റെ ഇടുപ്പില്‍ കൈയിട്ട് ചിത്രമെടുക്കാന്‍ ശ്രമിക്കുകയും ബന്ധുക്കളെയും അടുപ്പക്കാരെയും ഗ്രൗണ്ടിലേക്ക് എത്തിച്ചുവെന്നുമാണ് ആരോപണം.

സംഘാടന പിഴവുമൂലം കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലെ സന്ദര്‍ശനം വെട്ടിച്ചുരുക്കി മെസി മടങ്ങിയതിന് പിന്നാലെ പ്രകോപിതരായ ആരാധകര്‍ സ്റ്റേഡിയത്തില്‍ കലാപന്തരീക്ഷം സൃഷ്ടിച്ചിരുന്നു. കസേരകൾ എടുത്തെറിഞ്ഞും തല്ലിത്തകര്‍ത്തും പ്രതിഷേധിച്ച ആരാധകരെ പിരിച്ചുവിടാന്‍ പൊലീസിന് ലാത്തിച്ചാര്‍ജ് നടത്തേണ്ടി വന്നിരുന്നു. സംഭവത്തെത്തുടര്‍ന്ന് കായിക മന്ത്രിയായ അരൂപ് ബിശ്വാസ് രാജിവെച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം