എഫ്എ കപ്പ് പ്രീക്വാര്‍ട്ടര്‍ ത്രില്ലറില്‍ ടോട്ടനത്തെ മറികടന്ന് എവര്‍ട്ടണ്‍; കോപ ഡെല്‍ റേയില്‍ ബാഴ്‌സ തോറ്റു

By Web TeamFirst Published Feb 11, 2021, 8:00 AM IST
Highlights

ഗോള്‍മഴ പെയ്ത മത്സരത്തില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു കാര്‍ലോ ആന്‍സലോട്ടിയുടെയും സംഘത്തിന്റേയും ജയം.

ലണ്ടന്‍: എഫ്എ കപ്പില്‍ ഒരു ത്രില്ലര്‍ പോരില്‍ ടോട്ടന്‍ഹാമിനെ മറികടന്ന് എവര്‍ട്ടണ്‍ ക്വാര്‍ട്ടറില്‍ കടന്നു. ഗോള്‍മഴ പെയ്ത മത്സരത്തില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു കാര്‍ലോ ആന്‍സലോട്ടിയുടെയും സംഘത്തിന്റേയും ജയം. മറ്റ് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി 3-1ന് സ്വാന്‍സീയെ തോല്‍പ്പിച്ചു. ലെസ്റ്റര്‍ 1-0ത്തിന് ബ്രൈറ്റണെ മറികടന്നപ്പോള്‍ ഷെഫീല്‍ഡ് യുനൈറ്റഡ് 1-0ത്തിന് ബ്രിസ്റ്റോള്‍ സിറ്റിയെ തോല്‍പ്പിച്ചു. 

നിശ്ചിതസമയത്ത് മത്സരം 4-4ന് സമനിലയില്‍ അവസാനിക്കുകയായിരുന്നു. പിന്നീട് അധികസമയത്താണ് വിജയികളെ നിശ്ചയിച്ചത്. എവര്‍ട്ടണിന്റെ ഹോംഗ്രൗണ്ടായ ഗൂഡിസണ്‍ പാര്‍ക്കില്‍ പന്തടക്കത്തിലും ഷോര്‍ട്ടുകള്‍ പായിക്കുന്നതിലും ടോട്ടന്‍ഹാമിന് തന്നെയായിരുന്നു മുന്‍തൂക്കം. മൂന്നാം മിനിറ്റില്‍ ഡേവിന്‍സണ്‍ സാഞ്ചസിലൂടെ അവര്‍ ലീഡ് നേടുകയും ചെയ്തു. എന്നാല്‍ 36ാം മിനിറ്റില്‍ കാല്‍വെര്‍ട്ട് ലെവിന്‍ എവര്‍ട്ടണെ ഒപ്പമെത്തിച്ചു. 

രണ്ട് മിനിറ്റുകള്‍ക്കകം റിച്ചാര്‍ലിസണിലൂടെ ആതിഥേയര്‍ ലീഡ് നേടി. പിന്നാലെ 43-ാം മിനിറ്റില്‍ സിഗുറോസണ്‍ 43-ാം മിനിറ്റില്‍ എവര്‍ട്ടണിന്റെ മൂന്നാം ഗോളും നേടി. എന്നാല്‍ ആദ്യ പകുതിക്ക് തൊട്ടുമുമ്പ് എറിക് ലമേല ടോട്ടന്‍ഹാമിന് വേണ്ടി ഒന്ന് മടക്കി. സ്‌കോര്‍ 2-3. 57ാം മിനിറ്റില്‍ സാഞ്ചസ് ഒരിക്കല്‍ കൂടി ടോട്ടന്‍ഹാമിന് തുണയായി. സ്‌കോര്‍ 3-3. വിട്ടുകൊടുക്കാന്‍ എവര്‍ട്ടണും തയ്യാറല്ലായിരുന്നു. 

68ാം മിനിറ്റില്‍ റിച്ചാര്‍ലിസണ്‍ ഒരിക്കല്‍കൂടി ലീഡ് സമ്മാനിച്ചു. ഇതിനുള്ള മറുപടി ഹാരി കെയ്‌നിന്റെ വകയായിരു. 87-ാം മിനിറ്റിലായിരുന്നു ഗോള്‍. നിശ്ചിത സമയത്ത് സ്‌കോര്‍ 4-4. മത്സരം അധിക സമയത്തേക്ക്. 97ാ-ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം ബെര്‍ണാര്‍ഡ് എവര്‍ട്ടണി വിജയത്തിലെത്തിച്ചു.  

ബ്രൈറ്റണെതിരെ മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് കെലേച്ചി ഹിയനാച്ചോ നേടിയ ഗോളാണ് ലെസ്റ്ററിന് വിജയം സമ്മാനിച്ചത്. സ്വാന്‍സീക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി കെയ്ല്‍ വാല്‍ക്കര്‍, റഹീം സ്‌റ്റെര്‍ലിംഗ്, ഗബ്രിയേല്‍ ജീസസ് എന്നിവര്‍ ഗോള്‍ നേടി. മോര്‍ഗല്‍ വിറ്റാക്കറായിരുന്നു സ്വാന്‍സീയുടെ ഏക ഗോള്‍ നേടിയത്. ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ വോള്‍വ്‌സ്, സതാംപ്്ടണേയും ചെല്‍സി, ബാണ്‍സ്ലിയേയും നേരിടും. 

കോപ ഡെല്‍ റേയില്‍ ബാഴ്‌സയ്ക്ക് തോല്‍വി

കോപ ഡെല്‍ റേയില്‍ ആദ്യപാദ സെമിയില്‍ ബാഴ്‌സലോണയ്ക്ക് തോല്‍വി. സെവിയ്യക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബാഴ്‌സ തോറ്റത്. ജുലെസ് കൗണ്ടേ, മുന്‍ ബാഴ്‌സലോണ താരം ഇവാന്‍ റാകിടിച്ച് എന്നിവരാണ് സെവിയ്യയുടെ ഗോളുകള്‍ നേടിയത്. രണ്ടാംപാദ മത്സരം മാര്‍ച്ച് നാലിന് ബാഴ്‌സയുടെ ഹോംഗ്രൗണ്ടില്‍ നടക്കും.

click me!