എഫ് എ കപ്പില്‍ കൊട്ടാര വിപ്ലവം; 174 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ക്രിസ്റ്റല്‍ പാലസിന് ആദ്യ കിരീടം

Published : May 18, 2025, 11:08 AM IST
എഫ് എ കപ്പില്‍ കൊട്ടാര വിപ്ലവം; 174 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ക്രിസ്റ്റല്‍ പാലസിന് ആദ്യ കിരീടം

Synopsis

കളിയുടെ ഗതിക്ക് എതിരായി വെംബ്ലിയിൽ 174 വർഷത്തെ ക്രിസ്റ്റൽ പാലസ് ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച ഗോൾ പിറന്നത് പതിനാറാം മിനിറ്റിലായിരുന്നു.

ലണ്ടൻ: എഫ് എ കപ്പിൽ കൊട്ടാര വിപ്ലവവുമായി ചരിത്രം കുറിച്ച് ക്രിസ്റ്റൽ പാലസ്. മാഞ്ചസ്റ്റർ സിറ്റിയെ ഒറ്റ ഗോളിന് തോൽപിച്ച് ക്രിസ്റ്റൽ പാലസ് എഫ് എ കപ്പ് ചാമ്പ്യൻമാരായി. 174 വർഷത്തെ ക്ലബിന്‍റെ ചരിത്രത്തിൽ ക്രിസ്റ്റൽ പാലസ് നേടുന്ന ആദ്യ മേജർ കിരീടമാണിത്.

പ്രതീക്ഷിച്ചതുപോലെ സിറ്റിയുടെ ആധിപത്യത്തോടെയാണ് മത്സരം തുടങ്ങിയത്. മാഞ്ചസ്റ്റര്‍ സിറ്റി കുപ്പായത്തിൽ അവസാന മത്സരം കളിക്കുന്ന കെവിന്‍ ഡിബ്രൂയിനെ ആയിരുന്നു സിറ്റി ആക്രമണങ്ങള്‍ നയിച്ചത്. പക്ഷെ കളിയുടെ ഗതിക്ക് എതിരായി വെംബ്ലിയിൽ 174 വർഷത്തെ ക്രിസ്റ്റൽ പാലസ് ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച ഗോൾ പിറന്നത് പതിനാറാം മിനിറ്റിലായിരുന്നു. എബിറീച്ചി എസെയായിരുന്നു ക്രിസ്റ്റല്‍ പാലസിന്‍റെ വിജയ ഗോള്‍ നേടിയത്. തൊട്ടുപിന്നാലെ ക്രിസ്റ്റൽ പാലസ് ഗോളി ഡീൻ ഹെൻഡേഴ്സൻ ബോക്സിന് പുറത്ത് നിന്ന് പന്ത് തട്ടിയിട്ടും റഫറി ചുവപ്പ് കാർഡ്  നൽകാതിരുന്നത്  വിവാദമായി. പ്രതിഷേധവുമായി സിറ്റി താരങ്ങൾ എത്തിയെങ്കിലും റഫറി വഴങ്ങിയില്ല.

വിവാദ നായകനില്‍ നിന്ന് ഡീൻ ഹെൻഡേഴ്സൻ വീര നായകനാവുന്നതിന് അധിക സമയം വേണ്ടിവന്നില്ല. സീസണിൽ തൊട്ടതെല്ലാം പിഴച്ച മാഞ്ചസ്റ്റർ സിറ്റിയുടെ ഗോ‌ൾമടക്കാനുള്ള സുവർണാവസരം പാഴാക്കിയത് ഒമർ മർമൗഷ് ആയിരുന്നു. 33-ാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയെ ക്രിസ്റ്റല്‍ പാലസ് താരം ടൈറിക് മിച്ചല്‍ ബോക്സില്‍ വീഴ്ത്തിയതിന് റഫറി പെനല്‍റ്റി വിധിച്ചു. വാര്‍ പരിശോധനയിലും റഫറിയുടെ തീരുമാനം ശരിയാണെന്ന് വിധിച്ചതോടെ സിറ്റിക്കായി കിക്കെടുക്കാന്‍ എത്തിയത് ഒമര്‍ മര്‍മൗഷ് ആയിരുന്നു.  എന്നാല്‍ മര്‍മൗഷിന്‍റെ ദുര്‍ബല കിക്ക് വലത്തേക്ക് ചാടി രക്ഷപ്പെടുത്തി ക്രിസ്റ്റൽ പാലസ് ഗോള്‍ കീപ്പര്‍ ഡീൻ ഹെൻഡേഴ്സൻ ടീമിന്‍റെ രക്ഷകനായി.

പിന്നീട് ഗോൾമടക്കാൻ സാധ്യമായ വഴികളിലൂടെ എല്ലാം സിറ്റി ഇരച്ചെത്തിയെങ്കിലും പാലസ് പ്രതിരോധം പതറാതെ പിടിച്ചു നിന്നു. 10 മിനിറ്റിന്‍റെ ഇഞ്ചുറി ടൈമില്‍ ട്വിസ്റ്റ് പ്രതീക്ഷിച്ച സിറ്റി ആരാധകരെ നിരാശരാക്കി ഒടുവില്‍ ക്രിസ്റ്റല്‍ പാലസിന്‍റെ വിജയഭേരി. 2016ൽ പെപ് ഗ്വാർഡിയോള പരിശീലകനായി എത്തിയതിന് ശേഷം ആദ്യമായി ഒരു കിരീടം പോലും ഇല്ലാതെ മാഞ്ചസ്റ്റര്‍ സിറ്റി സീസൺ അവസാനിപ്പിക്കുമ്പോൾ ക്രിസ്റ്റൽ പാലസിന് ചരിത്രത്തിലെ ആദ്യ കിരീടത്തിളക്കം. മുമ്പ് രണ്ട് ഫൈനലുകളിലും അടിയറവ് പറഞ്ഞതിന്‍റെ മധുരപ്രതികാരം കൂടിയായി പാലസിന്‍റെ വിജയം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സ്‌പോണ്‍സര്‍മാരായില്ല, ഐഎസ്എല്‍ രണ്ടോ മൂന്നോ വേദികളിലായി നടത്തും
മെസിയും റൊണാള്‍ഡോയും നിറഞ്ഞുനിന്ന വര്‍ഷം; പിഎസ്ജിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ്