ഒടുവില്‍ ഗണ്ണേഴ്‌സിനിട്ടൊരു വെടി; ആഴ്‌സണലിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റി

By Web TeamFirst Published Jan 28, 2023, 7:53 AM IST
Highlights

എഫ്എ കപ്പിൽ പ്രീക്വാർട്ടർ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നിറങ്ങും. രാത്രി ഒന്നരയ്ക്ക് തുടങ്ങുന്നമത്സരത്തിൽ റീഡിംഗ് ആണ് എതിരാളികൾ. 

മാഞ്ചസ്റ്റര്‍: എഫ്എ കപ്പിൽ ആഴ്‌സണലിനെ തോൽപ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി പ്രീക്വാര്‍ട്ടറില്‍. ഏകപക്ഷീയമായ ഒരു ഗോളിനാണ് സിറ്റിയുടെ ജയം. അറുപത്തിനാലാം മിനിറ്റിൽ നതാൻ ആക്കെയാണ് വിജയ ഗോൾ നേടിയത്. സമനിലക്കായി ആഴ്‌സണൽ കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോൾ മടക്കാനായില്ല.

എഫ്എ കപ്പിൽ പ്രീക്വാർട്ടർ ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നിറങ്ങും. രാത്രി ഒന്നരയ്ക്ക് തുടങ്ങുന്ന മത്സരത്തിൽ റീഡിംഗ് ആണ് എതിരാളികൾ. ടോട്ടനം, ഫുൾഹാം, ലെസ്റ്റർ സിറ്റി ടീമുകൾക്കും മത്സരമുണ്ട്. ഇഎഫ്എൽ കപ്പ് ആദ്യപാദ സെമിയിലെ ഉജ്വല ജയത്തിന്‍റെ ആവേശമടങ്ങും മുൻപാണ് എഫ്എ കപ്പിൽ പ്രീക്വാർട്ടർ പ്രതീക്ഷയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങുന്നത്. മത്സരം ഓൾഡ് ട്രഫോഡിലാണെന്നത് യുണൈറ്റഡിന് ഇരട്ടിക്കരുത്താണ്. യുണൈറ്റഡ് പ്രതിരോധത്തിൽ മാറ്റം ഉറപ്പ്. ഡിയേഗോ ഡാലോട്ടിന് മത്സരം നഷ്ടമായേക്കും. ലൂക്ക് ഷോയും കളിച്ചേക്കില്ല. പരിക്ക് മാറി ജാഡൻ സാഞ്ചോ ഫിറ്റ്നസ് വീണ്ടെടുത്തത് കോച്ച് എറിക് ടെൻഹാഗിന് ആശ്വാസമാകും. സാഞ്ചോ, ഗർണാച്ചോ, വെഹോസ്റ്റ് സഖ്യത്തെ മുന്നേറ്റത്തിൽ പരീക്ഷിക്കാനും സാധ്യത. 

എഫ്എ കപ്പിൽ റീഡിങ്ങിനെതിരെ മികച്ച റെക്കോർഡാണ് യുണൈറ്റഡിന്. നേർക്കുനേർ പോരിൽ 10ൽ 9ലും ജയമുണ്ട്. ആകെ ഏറ്റുമുട്ടിയ 22 കളിയിൽ 1927ൽ നേടിയ ഒരു ജയം മാത്രമാണ് റീഡിങ്ങിന്‍റെ പേരിലുള്ളത്. 2015ന് ശേഷം എഫ്എ കപ്പിൽ യുണൈറ്റഡ് ഓൾഡ് ട്രഫോർഡിൽ തോൽവിയറിഞ്ഞിട്ടില്ലെന്നതും ചരിത്രം. 12 എഫ്എ കിരീടങ്ങൾ യുണൈറ്റഡ് ഷെൽഫിലുണ്ട്. 151 വർഷത്തെ ചരിത്രത്തിൽ ഒരിക്കൽ പോലും റീഡിംഗ് എഫ്എ കപ്പിൽ ജേതാക്കളായിട്ടില്ല. 2017ന് ശേഷം ആദ്യ കിരീടമാണ് യുണൈറ്റഡ് എറിക് ടെൻഹാഗിന് കീഴിൽ ലക്ഷ്യമിടുന്നത്.

ടോട്ടനത്തിന് എവേ മത്സരത്തിൽ പ്രസ്റ്റനാണ് എതിരാളികൾ. രാത്രി പതിനൊന്നരയ്ക്കാണ് മത്സരം. മറ്റ് മത്സരങ്ങളിൽ ഫുള്‍ഹാം സണ്ടർലാൻഡിനെയും ലെസ്റ്റർ സിറ്റി വാൾസാലിനെയും നേരിടും. ലീഡ്സ്‍ യുണൈറ്റഡ്, ബേൺലി ടീമുകൾക്കും ഇന്ന് മത്സരമുണ്ട്. ലിവർപൂളിന് നാളെ ബ്രൈറ്റനാണ് എതിരാളികൾ. 

ജേസന്‍ റോയിയുടെ സെഞ്ചുറി പാഴായി; പ്രോട്ടീസിനെതിരെ ഇംഗ്ലണ്ടിന് തോല്‍വി

click me!