ആദ്യം വിറച്ചു; അവസാന നിമിഷം നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യ

By Web TeamFirst Published Oct 15, 2019, 9:37 PM IST
Highlights

റാങ്കിംഗില്‍ 187-ാം സ്ഥാനത്ത് നില്‍കുന്ന ബംഗ്ലാദേശിനോട് പിന്നില്‍ നിന്ന ശേഷം ഇന്ത്യ ആദിലിന്‍റെ ഗോളില്‍ നാടകീയ സമനില(1-1) പിടിച്ചു. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യ മത്സരം കൈവിട്ടെന്ന് തോന്നിച്ച നിമിഷങ്ങളില്‍ 89-ാം മിനുറ്റിലാണ് ആദിലിന്‍റെ സുന്ദരന്‍ ഗോള്‍ പിറന്നത്.

കൊല്‍ക്കത്ത: ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയെ കാത്ത് ആദില്‍ ഖാന്‍റെ ഹെഡര്‍. റാങ്കിംഗില്‍ 187-ാം സ്ഥാനത്ത് നില്‍കുന്ന ബംഗ്ലാദേശിനോട് പിന്നില്‍ നിന്ന ശേഷം 102--ാം സ്ഥാനക്കാരായ ഇന്ത്യ ആദിലിന്‍റെ ഗോളില്‍ നാടകീയ സമനില(1-1) പിടിച്ച് രക്ഷപെട്ടു. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യ മത്സരം കൈവിട്ടെന്ന് തോന്നിച്ച നിമിഷങ്ങളില്‍ 89-ാം മിനുറ്റിലാണ് ആദിലിന്‍റെ സുന്ദരന്‍ ഗോള്‍ പിറന്നത്. മലയാളി താരങ്ങളായ സഹല്‍ അബ്‌ദുള്‍ സമദ്, ആഷിഖ് കുരുണിയന്‍, അനസ് എടത്തൊടിക എന്നിവരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. 

ഇന്ത്യ വിറച്ച ആദ്യ പകുതി

കിക്കോഫായി അഞ്ചാം മിനുറ്റില്‍ തന്നെ ഇന്ത്യ ആദ്യ ആക്രമണമുതിര്‍ത്തു. മലയാളി താരം ആഷിഖ് കുരുണിയന്‍റെ പാസില്‍ നിന്ന് നായകന്‍ സുനില്‍ ഛേത്രിയുടെ വോളി ഗോളിയുടെ കൈകളില്‍. 31--ാം മിനുറ്റില്‍ അദിലന്‍റെ പിഴവില്‍ നിന്ന് ബംഗ്ലാദേശ് താരം ബിപ്ലോയുടെ മുന്നേറ്റം ഗോള്‍മുഖത്ത് എത്തിയെങ്കിലും അനസ് എടത്തൊടിക തട്ടിത്തെറിപ്പിച്ചത് ഇന്ത്യക്ക് ആശ്വാസമായി. 35-ാം മിനുറ്റില്‍ മന്‍വീറിന്‍റെ ലോംഗ് ത്രോയില്‍ നിന്ന് രാഹുല്‍ ബേക്കേയുടെ ഹെഡര്‍ ബംഗ്ലാ ഗോളി തട്ടിയകറ്റുകയും ചെയ്തു. 

തൊട്ടുപിന്നാലെ അനസിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. മലയാളി താരങ്ങളായ ആഷിഖ് കുരുണിയനും സഹല്‍ അബ്‌ദുല്‍ സമദും ആദ്യ പകുതിയില്‍ മികച്ച ശ്രമങ്ങള്‍ക്ക് തുനിഞ്ഞെങ്കിലും ഫലം കണ്ടില്ല. അനസ് എടത്തൊടികയുടെ ക്ലിയറന്‍സും നിര്‍ണായകമായി. എന്നാല്‍ 42-ാം മിനുറ്റില്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗിന്‍റെ പിഴവ് ഇന്ത്യന്‍ പ്രതീക്ഷകള്‍ തച്ചുടച്ചു. ജമാന്‍ ബുയാന്‍റെ പറന്നിറങ്ങിയ‍ ഫ്രീകിക്കില്‍ നിന്ന് സാദ് ഉദ്ധിന്‍റെ തലോടലോടെ ബംഗ്ലാദേശിന് നിര്‍ണായക ലീഡ്. ഇതോടെ മത്സരം ആദ്യ പകുതിക്ക് പിരിയുകയായിരുന്നു. 

തോല്‍വി മണത്ത്, അവസാന നിമിഷം ജീവന്‍ വീണ്ടെടുത്ത് ഇന്ത്യ

രണ്ടാം പകുതിയിലും മേധാവിത്വം ബംഗ്ലാദേശിനായിരുന്നു. 55-ാം മിനുറ്റില്‍ ലീഡ് രണ്ടായി ഉയര്‍ത്താനുള്ള അവസരം ബംഗ്ലാദേശ് താരം സൊഹില്‍ പാഴാക്കി. ആദ്യ ഗോളിന് വഴിയൊരുക്കിയ ജമാന്‍ ബുയാന് 64-ാം മിനുറ്റില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ചു. 66-ാം മിനുറ്റില്‍ ഛേത്രി-ഉദാന്ത സഖ്യത്തിന്‍റെ മുന്നേറ്റത്തില്‍ മന്‍വീര്‍ ഹെഡര്‍ പാഴാക്കി. 76-ാം മിനുറ്റില്‍ അനസ് എടത്തൊടികയെ പിന്‍വലിച്ച് ചാംങ്തേക്ക് അവസരം നല്‍കി. 

ഇന്ത്യ തോല്‍വി വഴങ്ങും എന്ന് കരുതിയ അവസാന നിമിഷങ്ങളില്‍ ആദില്‍ ഖാന്‍ ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി. ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ് എടുത്ത കോര്‍ണറില്‍ ഉയര്‍ന്നുചാടി തലവെച്ച ആദില്‍ ഖാന്‍ വല ചലിപ്പിക്കുകയായിരുന്നു. തൊട്ടുപിന്നാലെ വിജയഗോള്‍ നേടാന്‍ സുനില്‍ ഛേത്രി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലം ചെയ്‌തില്ല. ഇതോടെ ഒരു ഗോളിന്‍റെ സമനിലയുമായി ഇരു ടീമും പിരിഞ്ഞു. 

click me!