
പാരീസ്: ഫിഫയുടെ മികച്ച താരം ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകർ. പാരീസില്‍ ഇന്ത്യന്‍ സമയം ഇന്ന് രാത്രി 1.30ന് ആരംഭിക്കുന്ന ചടങ്ങിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക. മികച്ച പുരുഷ താരമാവാന്‍ പിഎസ്‍ജിയുടെ അർജന്‍റൈന്‍ സൂപ്പർ താരം ലിയോണല്‍ മെസിയും പിഎസ്‍ജിയുടെ തന്നെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പേയും റയല്‍ മാഡ്രിഡിന്‍റെ ഫ്രഞ്ച് താരം കരീം ബെന്‍സേമയും തമ്മിലാണ് പോരാട്ടം. ഇവരില്‍ ആരാവും വിജയി എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ ജേതാവിന്‍റെ പേര് ചോർന്നതായാണ് റിപ്പോർട്ട്.
ഇക്കുറി അർജന്‍റീനയെ ഫിഫ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുകയും ടൂർണമെന്‍റിലെ ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കുകയും ചെയ്ത ലിയോണല്‍ മെസിക്കാണ് പുരസ്കാര സാധ്യത. മെസി ഫിഫ ബെസ്റ്റ് പുരസ്കാരം നേടുമെന്ന് അർജന്‍റൈന്‍ മാധ്യമപ്രവർത്തകനാണ് റിപ്പോർട്ട് ചെയ്തത്. ലോകകപ്പില്‍ ഫ്രാന്‍സിനെതിരെ ഫൈനലിലെ രണ്ട് അടക്കം ഏഴ് ഗോളുകള്‍ മെസി ടൂർണമെന്‍റില്‍ അടിച്ചുകൂട്ടിയിരുന്നു. അടുത്തിടെ ലോറസ് പുരസ്കാരത്തിനും മെസിയുടെ പേര് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. അർജന്‍റീനയ്ക്ക് ഖത്തർ ലോകകപ്പ് കിരീടം സമ്മാനിച്ചതിന് പുറമെ പിഎസ്ജിക്കായി സീസണില്‍ 16 ഗോളും 14 അസിസ്റ്റും 27 മത്സരങ്ങളില്‍ മെസി നേടിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ബാലന്‍ ഡി ഓർ പുരസ്കാരം നേടിയ ബെന്‍സേമയെയും ഫ്രാന്‍സിനെ ലോകകപ്പ് ഫൈനലിലെത്തിച്ച എംബാപ്പെയേയും മെസി അനായാസം പിന്തള്ളും എന്നാണ് റിപ്പോർട്ടുകള്‍.
ലിയോണല്‍ മെസിക്കും കിലിയന്‍ എംബാപ്പെയ്ക്കും കരീം ബെന്‍സേമയ്ക്കും പുറമെ ജൂലിയന്‍ ആല്‍വാരസ്, ജൂഡ് ബെല്ലിംങ്ഹാം, കെവിന്‍ ഡി ബ്രൂയിന്‍, എർലിംഗ് ഹാലണ്ട്, അഷ്റഫ് ഹക്കീമി, റോബർട്ട് ലെവന്‍ഡോവ്സ്കി, സാദിയോ മാനേ, ലൂക്കാ മോഡ്രിച്ച്, നെയ്മർ, മുഹമ്മദ് സലാ, വിനീഷ്യസ് ജൂനിയർ എന്നിവരാണ് മികച്ച താരമാവാനുള്ള നോമിനേഷനില്‍ അവസാന 14ല്‍ എത്തിയിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!