
ദോഹ: ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരമാകാന്‍ ലിയോണല്‍ മെസിക്ക് ലോകകപ്പ് കിരീടത്തിന്‍റെ ആവശ്യമുണ്ടോ? ലോക കിരീടം അനിവാര്യമാണെന്നും അല്ലെന്നും ചർച്ച പൊടിപൊടിക്കുമ്പോള്‍ ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇന്ന് മെസി കനകകിരീടം തേടി ഇറങ്ങുകയാണ്. ഖത്തർ ലോകകപ്പിന്‍റെ കലാശപ്പോരില്‍ അർജന്‍റീനയും ഫ്രാന്‍സും മുഖാമുഖം വരുമ്പോള്‍ ഏഴ് വർഷം മുമ്പത്തെ ഒരു ട്വീറ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഈ ട്വീറ്റിലെ പ്രവചനം സാധ്യമായാല്‍ മിഗ്വായേല്‍ പ്രവചന സിംഹമാകും.
2022 ഡിസംബർ 18ന് 34കാരനായ ലിയോണല്‍ മെസി ലോകകപ്പ് കിരീടം നേടും, എക്കാലത്തെയും മികച്ച താരമായി മാറും. ഏഴ് വർഷത്തിന് ശേഷം എന്‍റെ ഈ ട്വീറ്റ് നോക്കിവച്ചോ എന്നുമാണ് മിഗ്വായേല്‍ 2015 മാർച്ച് 21ന് ട്വിറ്ററില്‍ കുറിച്ചത്. ഈ ട്വീറ്റ് ഇപ്പോള്‍ വലിയ ചർച്ചയായിരിക്കുകയാണ്. ഇതിനകം തന്നെ ഇരുപതിനായിരത്തോളം റി-ട്വീറ്റുകള്‍ ഇതിന് ലഭിച്ചുകഴിഞ്ഞു. ലൈക്ക് ചെയ്തത് 55000ത്തോളം പേരും. ഇനിയാകെ അറിയേണ്ടത് മിഗ്വായേലിന്‍റെ പ്രവചനം ഫലിക്കുമോ എന്ന് മാത്രമാണ്.
ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിലെ ചാമ്പ്യന്മാരെ ഇന്നറിയാം. കലാശപ്പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ ഫ്രാന്‍സും മുന്‍ ചാമ്പ്യന്മാരായ അര്‍ജന്‍റീനയും ഏറ്റുമുട്ടും. രാത്രി എട്ടരയ്ക്ക് ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം. ലോക വേദിയിലെ മൂന്നാം കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ലോകം ഒരു കാൽപന്തിന് പിന്നാലെ പാഞ്ഞ ഒരുമാസക്കാലത്തിന് കൂടിയാണ് ഇന്ന് അവസാനമാകുന്നത്. മെസി-എംബാപ്പെ പോരാട്ടമായാണ് മത്സരം വിശേഷിപ്പിക്കപ്പെടുന്നത്. മെസിക്ക് ലോകകപ്പ് കിരീടമുയർത്താനുള്ള അവസാന അവസരമാണിത്. മെസിയുടെ അവസാന ലോകകപ്പ് മത്സരമാകും ലുസൈലിലേത് എന്നുറപ്പാണ്. മെസിയുടെ അഞ്ചാം ലോകകപ്പാണിത്. മുപ്പത്തിയഞ്ചുകാരനായ മെസി ഏഴ് ബാലന്‍ ഡി ഓർ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!