ആദ്യപകുതിയില്‍ ഇംഗ്ലീഷ് ആധിപത്യം സമ്പൂര്‍ണം, പ്രതിരോധിക്കാന്‍ പണിപ്പെട്ട് ഇറാന്‍; ഗോളടിമേളം

By Web TeamFirst Published Nov 21, 2022, 7:31 PM IST
Highlights

35-ാം മിനിറ്റില്‍ ജൂഡ് ബെല്ലിംഗ്ഹാം ആണ് ഹെഡറിലൂടെ ത്രീ ലയണ്‍സിനെ മുന്നിലെത്തിച്ചത്. പിന്നാലെ സാക്കയും സ്റ്റെര്‍ലിംഗും വല ചലിപ്പിച്ചതോടെ ഇറാന് കാര്യങ്ങള്‍ ദുഷ്കരമായി

ദോഹ: ലോകകപ്പില്‍ ഇറാനെതിരെയുള്ള മത്സരത്തിന്‍റെ ആദ്യപകുതിയില്‍ ഇംഗ്ലണ്ടിന്‍റെ സമ്പൂര്‍ണ ആധിപത്യം. ഒന്നാം പകുതി അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലാണ്. 35-ാം മിനിറ്റില്‍ ജൂഡ് ബെല്ലിംഗ്ഹാം ആണ് ഹെഡറിലൂടെ ത്രീ ലയണ്‍സിനെ മുന്നിലെത്തിച്ചത്. പിന്നാലെ സാക്കയും സ്റ്റെര്‍ലിംഗും വല ചലിപ്പിച്ചതോടെ ഇറാന് കാര്യങ്ങള്‍ ദുഷ്കരമായി. ആദ്യ മിനിറ്റുകളില്‍ തന്നെ ഏറിയ പങ്ക് ബോള്‍ പൊസിഷനും നേടി കളത്തില്‍ ഇംഗ്ലണ്ട് മേധാവിത്വം ഉറപ്പിക്കുന്ന കാഴ്ചയായിരുന്നു.

രണ്ടാം മിനിറ്റില്‍ ട്രിപ്പിയറിന്‍റെ വലത് ഭാഗത്ത് നിന്നുള്ള ക്രോസ് ഇറാനിയന്‍ ബോക്സില്‍ പരിഭ്രാന്തി പരത്തി. റഹീം സ്റ്റെര്‍ലിംഗിന്‍റെ തലപ്പാകത്തിന് പന്ത് എത്താത്തതിനാല്‍ അപകടം ഒഴിവായി. പിന്നില്‍ നിന്ന് കുറിയ പാസുകള്‍ വഴി ഇരു വിംഗുകളിലേക്കും പന്ത് എത്തിച്ച് ക്രോസുകള്‍ നല്‍കാനാണ് ഇംഗ്ലീഷ് പട ശ്രമിച്ച് കൊണ്ടിരുന്നത്. എട്ടാം മിനിറ്റില്‍ സൗത്ത്ഗേറ്റിന്‍റെ സംഘത്തിന് മികച്ച ഒരു അവസരം ലഭിച്ചു. ട്രിപ്പിയര്‍ എടുത്ത അതിവേഗ ഫ്രീക്കിക്കില്‍ നിന്ന് പന്ത് ലഭിച്ച ഹാരി കെയ്ന്‍ ബോക്സിലേക്ക് ക്രോസ് നല്‍കിയെങ്കിലും മഗ്വെയറിന്‍റെ ശ്രമം ഗോള്‍ വല കുലുക്കാന്‍ മാത്രം മെച്ചപ്പെട്ടതായിരുന്നില്ല.

ഇതിനിടെ ഹൊസൈനിയുമായി കൂട്ടിയിടിച്ച ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ ബെയ്റന്‍വാന്‍ഡിനെ പിന്‍വലിക്കേണ്ടി വന്നത് ഇറാന് വലിയ തിരിച്ചടിയായി. ഇംഗ്ലണ്ട് മുന്നേറ്റം തുടര്‍ന്നതോടെ ഇറാന്‍ പല ഘട്ടത്തിലും പരുക്കന്‍ അടവുകള്‍ പുറത്തെടുത്തു. പിന്നാലെ തുടര്‍ച്ചയായ രണ്ട് മിന്നും അവസരങ്ങള്‍ ഇംഗ്ലീഷ് പട തുറന്നെടുത്തു. ട്രിപ്പിയര്‍ - സാക്ക കോംബിനേഷന്‍റെ മികച്ച പാസിംഗിന് ഒടുവില്‍ വന്ന ലോ ക്രോസിലേക്ക് ഓടിയെത്തിയെങ്കിലും മൗണ്ടിന് ലേശം പിഴച്ചു പോയി.

ട്രിപ്പിയര്‍ വീണ്ടും വലതു വിംഗില്‍ അപാര ഫോമിലാണെന്ന് തെളിയിക്കുന്ന മുന്നേറ്റങ്ങളാണ് നടത്തിക്കൊണ്ടിരുന്നത്. 32-ാം മിനിറ്റില്‍ ന്യുകാസില്‍ യുണൈറ്റഡിന് മിന്നും താരത്തിന്‍റെ ക്രോസിലേക്ക് മഗ്വെയര്‍ സുന്ദരമായി എത്തി തലവെച്ചങ്കിലും തടസമായത് ക്രോസ് ബാറാണ്. ഇംഗ്ലീഷ് ടീം കാത്തിരുന്ന ആ അമൂല്യ നിമിഷം എത്തിയത് 35-ാം മിനിറ്റിലാണ്. ഇടത് വിംഗില്‍ നിന്ന് ലൂക്ക് ഷോ തൊടുത്ത് വിട്ട ക്രോസ് യുവ താരം ബെല്ലിംഗ്ഹാം അനായാസം വലയിലെത്തിച്ചു.

തുടര്‍ന്നും ഇംഗ്ലണ്ട് ആക്രമണം അവസാനിപ്പിച്ചില്ല. 43-ാം മിനിറ്റില്‍ ബുക്കായോ സാക്കയിലൂടെ ഇംഗ്ലണ്ട് അടുത്ത ഗോള്‍ സ്വന്തമാക്കി. ട്രിപ്പിയറിന്‍റെ കോര്‍ണറാണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. മഗ്വെയറിന്‍റെ അസിസ്റ്റില്‍ സാക്കയുടെ ഷോട്ട് ഇറാനെ ഞെട്ടിച്ചു കളഞ്ഞു. രണ്ടാം ഗോളിന്‍റെ ആഘാതത്തില്‍ നിന്ന് ഇറാന്‍ കരകയറും മുമ്പ് ഇംഗ്ലണ്ട് അടുത്ത പ്രഹരമേല്‍പ്പിച്ചു. ഹാരി കെയ്ന്‍ നല്‍കിയ ലോ ക്രോസിലേക്ക് പറന്നെത്തിയ സ്റ്റെര്‍ലിംഗിന്‍റെ ഷോട്ട് തടയാന്‍ ഹെസൈന്‍ ഹെസൈനിക്ക് കരുത്തുണ്ടായിരുന്നില്ല. 

മത്സരത്തില്‍ ഇറാന് ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന ഒരു മുന്നേറ്റം വന്നത് ഇഞ്ചുറി ടൈമിന്‍റെ 11-ാം മിനിറ്റിലാണ്. ലൂക്ക് ഷോയക്ക് സംഭവിച്ച അമളി മുതലെടുത്ത് നൂറോല്ലാഹി കൗണ്ടറിനായി കുതിച്ചു. ഒടുവില്‍ ഇടത് വശത്ത് നിന്നുള്ള മൊഹമദിയുടെ ക്രോസ്  മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ജഹന്‍ബക്ഷിന് പാകത്തിന് ലഭിച്ചെങ്കിലും താരത്തിന്‍റെ കനത്ത ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 

click me!