'പുലി'സിച്ച് തീ! ഇംഗ്ലണ്ടിന്‍റെ ഗോള്‍ ആറാട്ട് അവസാനിപ്പിച്ച് യുഎസ്എ; മത്സരം ഗോള്‍രഹിത സമനിലയില്‍

By Jomit JoseFirst Published Nov 26, 2022, 2:23 AM IST
Highlights

പുലിക്കുട്ടി പുലിസിച്ചിന് മുന്നില്‍ തോല്‍വിയറിയാതെ കഷ്ടിച്ച് തടിതപ്പി ഇംഗ്ലണ്ട്, യുഎസ്എയ്ക്ക് മുന്നില്‍ വിറച്ച് കുളിച്ച് ഹാരി കെയ്നും സംഘവും

ദോഹ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തില്‍ ഇറാനെതിരെ ആറ് ഗോളടിച്ച് എത്തിയ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി യുഎസ്എ. ഒരു ഗോള്‍ പോലും നേടാനാവാതെ ഇംഗ്ലണ്ട് ഗോള്‍രഹിത സമനില അമേരിക്കയോട് വഴങ്ങുകയായിരുന്നു. ലോകകപ്പില്‍ യുഎസ്എയെ തോല്‍പിക്കുക എന്നത് ബാലികേറാമലയായി ഇംഗ്ലണ്ടിന് തുടരുകയാണ്. ലോകകപ്പില്‍ നാളിതുവരെ ഇംഗ്ലണ്ടിന് യുഎസ്എയെ തോല്‍പിക്കാനായിട്ടില്ല. ഒരു തോല്‍വിയും രണ്ട് സമനിലയുമാണ് ഇതുവരെയുള്ള ഫലം.  

ഇംഗ്ലണ്ട് കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ സൂക്ഷിച്ചിട്ടും യുഎസ്എ കൂടുതല്‍ ആക്രമിച്ച് കളിക്കുകയായിരുന്നു ആദ്യപകുതിയില്‍. പക്ഷേ 45 മിനുറ്റുകളിലും ഒരു മിനുറ്റ് അധികസമയത്തും ഗോള്‍ പട്ടിക തുറന്നില്ല. ഇംഗ്ലണ്ട് അഞ്ചും യുഎസ്എ ആറും ഷോട്ടുകള്‍ക്ക് ശ്രമിച്ചു. ഹാരി കെയ്നിനൊപ്പം ബുക്കായോ സാക്ക, മേസന്‍ മൗണ്ട്, റഹീം സ്റ്റെർലിംഗ് എന്നിവരുണ്ടായിട്ടും ഇംഗ്ലണ്ടിന് പന്ത് വലയിലെത്തിക്കാനായില്ല. മറുവശത്ത് യൂറോപ്യന്‍ ലീഗുകളിലെ പരിചയത്തിന്‍റെ കരുത്തില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ചും തിമോത്തി വിയ്യയും സെർജിനോ ഡസ്റ്റുമെല്ലാം അപ്രതീക്ഷിത ആക്രമണങ്ങളുമായി ഇംഗ്ലണ്ടിനെ വിറപ്പിച്ചു. പുലിസിച്ചിന്‍റെ ശ്രമങ്ങള്‍ നേരിയ വ്യത്യാസത്തില്‍ പുറത്തുപോയിരുന്നില്ലെങ്കില്‍ ആദ്യപകുതിയില്‍ ഇംഗ്ലണ്ട് പിന്നിലായേനേ. 

രണ്ടാംപകുതി തുടങ്ങിയത് യുഎസ്എയുടെ ആക്രമണത്തോടെയാണ്. നിരന്തര ആക്രമണങ്ങളുമായി പുലിസിച്ച് ഇംഗ്ലീഷ് മടയിലേക്ക് പാഞ്ഞുകയറിയെങ്കിലും പിറ്റ്‍ഫോർഡിന്‍റെ ജാഗ്രത ഗുണം ചെയ്തു. മറുവശത്ത് അമേരിക്കന്‍ ഗോളി മാറ്റ് ടർണറും മോശമാക്കിയില്ല. ഇഞ്ചുറിടൈമില്‍ അവസരം കെയ്ന് മുതലാക്കാതെ വന്നതോടെ മത്സരം 0-0ന് അവസാനിച്ചു. സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പ് ബിയില്‍ നാല് പോയിന്‍റുമായി ഇംഗ്ലണ്ട് തന്നെയാണ് മുന്നില്‍. ഇറാന്‍ രണ്ടും(3 പോയിന്‍റ്), യുഎസ്എ(2 പോയിന്‍റ്) മൂന്നും സ്ഥാനങ്ങളിലാണ്. ഒരു പോയിന്‍റ് മാത്രമുള്ള വെയ്ല്‍സ് നാലാമത് നില്‍ക്കുന്നു.  

വീണ്ടുമൊരു ലോകകപ്പ് കണ്ണീർ, പക്ഷേ തിരിച്ചുവരും; ആരാധകരെ കരയിക്കുന്ന കുറിപ്പുമായി നെയ്മർ

click me!