ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ സെർബിയന്‍ പ്രതിരോധ താരം ടാക്ലിംഗിലാണ് നെയ്മറുടെ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റത്

ദോഹ: ഖത്തർ ലോകകപ്പില്‍ സ്വിറ്റ്സർലന്‍ഡിന് എതിരായ അടുത്ത മത്സരത്തില്‍ കളിക്കില്ലെന്ന് ഉറപ്പായതിന് പിന്നാലെ ആരാധകരെ ആശ്വസിപ്പിക്കുന്ന കുറിപ്പുമായി ബ്രസീലിയന്‍ സ്റ്റാർ നെയ്മർ. കരിയറിലെ ഏറ്റവും കഠിനമായ ദിനങ്ങളിലൊന്നാണിത്. വീണ്ടും ലോകകപ്പില്‍ പരിക്കിന്‍റെ തിരിച്ചടിയേറ്റിരിക്കുന്നു. എന്നാല്‍ എന്‍റെ രാജ്യത്തിനും സഹതാരങ്ങള്‍ക്കുമായി ശക്തമായി തിരിച്ചെത്തുമെന്നും നെയ്മർ ഫേസ്ബുക്കില്‍ കുറിച്ചു. 

നെയ്മറുടെ ഫേസ്ബുക്ക് പോസ്റ്റ്

ബ്രസീലിന്‍റെ മഞ്ഞക്കുപ്പായം അണിയുന്നതിലുള്ള അഭിമാനവും ഇഷ്ടവും വിവരണാതീതമാണ്. ജനിക്കാനായി ഒരു രാജ്യം തെരഞ്ഞെടുക്കാന്‍ ദൈവം ആവശ്യപ്പെട്ടാല്‍ ബ്രസീല്‍ എന്ന് ഞാന്‍ മറുപടി നല്‍കും. എന്‍റെ ജീവിതത്തില്‍ ഒന്നും എളുപ്പമായിരുന്നില്ല. എനിക്കെപ്പോഴും എന്‍റെ സ്വപ്‍നങ്ങള്‍ പിന്തുടരണമായിരുന്നു, ഗോളുകള്‍ നേടണമായിരുന്നു. എന്‍റെ കരിയറിലെ ഏറ്റവും കഠിനമായ ദിനങ്ങളിലൊന്നാണിത്. അതും വീണ്ടും ലോകകപ്പില്‍. എനിക്ക് പരിക്കുണ്ട്, അതെന്നെ അസ്വസ്തനാക്കുന്നു. എന്നാല്‍ എനിക്ക് തിരിച്ചുവരാനാകുമെന്ന വിശ്വാസമുണ്ട്. കാരണം ഞാന്‍ എന്‍റെ രാജ്യത്തെയും സഹതാരങ്ങളെയും എന്നെത്തന്നേയും സഹായിക്കാന്‍ എല്ലാവിധ പരിശ്രമവും നടത്തും. എന്നെ കീഴ്പ്പെടുത്താന്‍ ഏറെക്കാലമായി ശ്രമിക്കുന്നു. പക്ഷേ ഞാന്‍ തളരില്ല. അസാധ്യമായ ദൈവത്തിന്‍റെ മകനാണ് ഞാന്‍. എന്‍റെ വിശ്വാസം അനന്തമാണ്. 

ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ സെർബിയന്‍ പ്രതിരോധ താരം നിക്കോള മിലങ്കോവിച്ചിന്‍റെ ടാക്ലിംഗിലാണ് നെയ്മറുടെ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റത്. നെയ്മറെ എംആർഐ സ്കാനിംഗിന് വിധേയനാക്കിയിരുന്നു. നെയ്മർക്ക് പുറമെ പ്രതിരോധ താരം ഡാനിലോയ്ക്കും 28-ാം തിയതി സ്വിറ്റ്സർലന്‍ഡിന് എതിരായ മത്സരം നഷ്ടമാകും. ആദ്യ മത്സരത്തില്‍ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാനറികള്‍ തോല്‍പിച്ചിരുന്നു. ശക്തരായ സ്വിസ് ടീമിനെ തോല്‍പിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനുള്ള ബ്രസീലിയന്‍ മോഹങ്ങള്‍ക്കാണ് നെയ്മറുടെ പരിക്ക് തിരിച്ചടി നല്‍കുന്നത്. ഇതിന് പിന്നാലെ കാമറൂണുമായും ബ്രസീലിന് മത്സരമുണ്ട്. 

നെയ്മർ ഓർക്കാനാഗ്രഹിക്കാത്ത 2014

ലോകകപ്പ് ചരിത്രത്തില്‍ നെയ്മർക്ക് പരിക്ക് പറ്റുന്നത് ഇതാദ്യമല്ല. 2014 ലോകകപ്പില്‍ കൊളംബിയക്കെതിരായ മത്സരത്തില്‍ സുനിഗയുടെ കാല്‍മുട്ട് കൊണ്ട് നട്ടെല്ലിനുള്ള കുത്തേറ്റ് നെയ്മർ പരിക്കേറ്റ് മൈതാനത്ത് വീണിരുന്നു. അന്ന് 22 വയസ് മാത്രമായിരുന്നു നെയ്മർക്ക് പ്രായം. അന്നത്തെ പരിക്കിനെ തുടർന്ന് ലോകകപ്പിലെ പിന്നീടുള്ള മത്സരങ്ങളില്‍ നെയ്മർക്ക് കളിക്കാനായിരുന്നില്ല. സെമിയില്‍ ബ്രസീല്‍ സ്വന്തം നാട്ടുകാർക്ക് മുന്നില്‍ ജർമനിയോട് 7-1ന് തോറ്റപ്പോള്‍ കരഞ്ഞുകൊണ്ട് കണ്ടിരിക്കാനേ നെയ്മർക്കായുള്ളൂ. തന്‍റെ കരിയറിലെ ഏറ്റവും മോശം ഓർമ്മയായാണ് 2014 ലോകകപ്പിലെ പരിക്കിനെ നെയ്മർ വിശേഷിപ്പിക്കുന്നത്.

നെയ്മർക്ക് പിന്നാലെ മറ്റൊരു സൂപ്പർതാരത്തിനും അടുത്ത മത്സരം നഷ്ടമാകും; ബ്രസീലിന് ആശങ്കയേറുന്നു