എണ്ണിമടുത്ത ഏഴ് ഗോളുകള്‍; സ്‌പെയിന് ലോകകപ്പ് റെക്കോര്‍ഡ്

By Jomit JoseFirst Published Nov 23, 2022, 11:49 PM IST
Highlights

ലോകകപ്പില്‍ ഇതോടെ ഗംഭീര തുടക്കം നേടാനും ലൂയിസ് എന്‍‌റിക്വയ്ക്കും കൂട്ടര്‍ക്കുമായി

ദോഹ: ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് ഇ മത്സരത്തില്‍ കോസ്റ്റാറിക്കയ്‌ക്കെതിരെ സ്‌പെയിന്‍ നേടിയത് ലോകകപ്പ് ചരിത്രത്തില്‍ അവരുടെ ഏറ്റവും വലിയ വിജയം(7-0). ഇതാദ്യമായാണ് സ്‌പെയിന്‍ ഒരു ലോകകപ്പ് മത്സരത്തില്‍ ഏഴ് ഗോളുകള്‍ അടിച്ചുകൂട്ടുന്നത്. ഡാനി ഓല്‍മോ, മാര്‍ക്കോ അസന്‍സിയോ, ഫെരാന്‍ ടോറസ്, ഗാവി, കാര്‍ലോസ് സോളര്‍, ആല്‍വാരോ മൊറാട്ട എന്നിവരായിരുന്നു സ്കോറര്‍മാര്‍. ടോറസ് ഇരട്ട ഗോള്‍ നേടി. ഖത്തര്‍ ലോകകപ്പില്‍ ഇതോടെ ഗംഭീര തുടക്കം നേടാന്‍ ലൂയിസ് എന്‍‌റിക്വയ്ക്കും കൂട്ടര്‍ക്കുമായി.    

ഇതാണ് കളി, ഇതാണ് ജയം

പന്തിന്‍മേല്‍ ആദ്യ മിനുറ്റ് മുതല്‍‌ സമ്പൂർണ നിയന്ത്രണവുമായി ആറാടുകയായിരുന്നു സ്പെയിന്‍ ടീം. ആദ്യപകുതിയില്‍ തന്നെ 573 പാസുകളുമായി സ്പാനിഷ് താരങ്ങള്‍ കളംനിറഞ്ഞപ്പോള്‍ മൂന്ന് ഗോളുകള്‍ 31 മിനുറ്റിനിടെ കോസ്റ്റാറിക്കയുടെ വലയിലെത്തി. മൂന്നും നേടിയത് മുന്നേറ്റനിര താരങ്ങള്‍. 11-ാം മിനുറ്റില്‍ ഡാനി ഓല്‍മോയും 21-ാം മിനുറ്റില്‍ മാര്‍ക്കോ അസന്‍സിയോയും വലകുലുക്കി. 31-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ഫെരാന്‍ ടോറസും കോസ്റ്റാറിക്കയുടെ വിഖ്യാത ഗോളി കെയ്‌ലര്‍ നവാസിനെ കബളിപ്പിച്ചു. ഒരൊറ്റ ഷോട്ട് പോലും ഓണ്‍ ടാര്‍ഗറ്റിലേക്ക് ഉതിര്‍ക്കാന്‍ 45 മിനുറ്റുകള്‍ക്കിടെ കോസ്റ്റാറിക്കയ്ക്കായില്ല.  

പന്ത് കിട്ടാക്കനിയായി കോസ്റ്റാറിക്ക

രണ്ടാംപകുതിയിലും കളിയുടെ പൂര്‍ണ നിയന്ത്രണം സ്‌പെയിന് തന്നെയായിരുന്നു. 54-ാം മിനുറ്റില്‍ സുന്ദര ഫിനിഷിലൂടെ ടോറസ് ലീഡ് നാലാക്കി ഉയര്‍ത്തി. 74-ാം മിനുറ്റില്‍ ഗാവിയും 90-ാം മിനുറ്റില്‍ കാര്‍ലോസ് സോളറും ഇഞ്ചുറിടൈമില്‍(90+2) മൊറാട്ടയും പട്ടിക പൂര്‍ത്തിയാക്കി. സ്‌പെയിന്‍ ആയിരത്തിലധികം(1043) പാസുകളുമായി കോസ്റ്റാറിക്കന്‍ താരങ്ങളെ വട്ടംകറക്കിയപ്പോള്‍ എതിരാളികള്‍ക്ക് കഷ്ടിച്ച് 231 പാസുകളെ ഉണ്ടായിരുന്നുള്ളൂ. രണ്ടാംപകുതിയിലും ഓണ്‍ ടാർഗറ്റ് ഷോട്ടുകള്‍ ഒന്നുപോലും കോസ്റ്റാറിക്കയ്ക്കില്ല. 

ഖത്തറില്‍ സ്‌പാനിഷ് '7അപ്'; കോസ്റ്റാറിക്കയെ 7-0ന് തോല്‍പിച്ചു!
 

click me!