ലോകകപ്പോടെ വിരമിക്കില്ല? വീണ്ടും തീരുമാനം മാറ്റുമോ ലിയോണല്‍ മെസി

By Jomit JoseFirst Published Oct 24, 2022, 10:47 AM IST
Highlights

കോപ്പ അമമേരിക്കയും ഫൈനലിസിമ കിരീടവും നേടി 35 മത്സരങ്ങളുടെ അപരാജിത കുതിപ്പുമായാണ് അര്‍ജന്‍റീന ഖത്തര്‍ ലോകകപ്പിനെത്തുന്നത്

ബ്യൂണസ് ഐറിസ്: ഖത്തര്‍ വേദിയാവുന്ന ഫിഫ ലോകകപ്പിന് ശേഷവും അര്‍ജന്‍റീന ടീമിൽ തുടരുമെന്ന സൂചന നൽകി സൂപ്പര്‍താരം ലിയോണൽ മെസി. ഖത്തറിലേത് തന്‍റെ അവസാന ലോകകപ്പായിരിക്കുമെന്ന് മെസി മുമ്പ് പ്രഖ്യാപിച്ചപ്പോൾ അര്‍ജന്‍റീന ജേഴ്‌സിയിൽ താരത്തെ ഇനി കാണാനാവില്ല എന്ന ആശങ്കയിലായിരുന്നു ആരാധകര്‍.

കോപ്പ അമമേരിക്കയും ഫൈനലിസിമ കിരീടവും നേടി 35 മത്സരങ്ങളുടെ അപരാജിത കുതിപ്പുമായാണ് അര്‍ജന്‍റീന ഖത്തര്‍ ലോകകപ്പിനെത്തുന്നത്. ചാമ്പ്യൻസ് ലീഗും ബാലണ്‍ ഡി ഓറും തുടങ്ങി സര്‍വ്വതും സ്വന്തമാക്കിയ മെസിക്ക് മുന്നിൽ കീഴടങ്ങാത്തത് വിശ്വ ഫുട്ബോളിന്‍റെ സ്വര്‍ണ കപ്പ് മാത്രമാണ്. 2014ൽ കയ്യെത്തുംദൂരത്താണ് മെസിക്കും അര്‍ജന്‍റീനും ലോകകപ്പ് നഷ്ടമായത്. ഇത്തവണ മുൻകാലങ്ങളേക്കാൾ പ്രതീക്ഷയുണ്ട് അര്‍ജന്‍റീന ടീമിനെ കുറിച്ച് ആരാധകര്‍ക്ക്. ഖത്തറിലേത് അവസാന ലോകകപ്പായിരിക്കുമെന്ന് മെസി പ്രഖ്യാപിച്ച് കഴിഞ്ഞു. ലോകകപ്പിൽ മുത്തമിട്ട് രാജകീയമായി എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ മെസി വിടവാങ്ങട്ടെയെന്നാണ് ഏതൊരു ലിയോ ആരാധകന്‍റേയും ആഗ്രഹം. അതിനിടക്കും തെല്ലൊരു ട്വിസ്റ്റിന് സാധ്യതയുണ്ട്. 

അര്‍ജന്‍റീനയുടെ വിഖ്യാതമായ നീലയും വെള്ളയും കലര്‍ന്ന ജേഴ്സിയിൽ ലോകകപ്പിന് ശേഷം തുടരണമോ എന്നതിൽ മെസി വീണ്ടുമെന്ന് ആലോചിച്ചേക്കും. പ്രായം മുപ്പത്തിയഞ്ചെങ്കിലും ചില സമയങ്ങളിൽ ഇരുപത്തിയഞ്ചുകാരന്‍റെ ആവേശമുണ്ടെന്നും ഇനിയും ഒരുപാട് കളിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നുമാണ് അര്‍ജന്‍റീന നായകന്‍റെ വാക്കുകള്‍. എന്നാൽ മെസിയുടെ എല്ലാ തീരുമാനവും ഖത്തറിലെ അര്‍ജന്‍റീനയുടെ ലോകകപ്പ് ഫലത്തെ ആശ്രയിച്ചിരിക്കും. അതെന്തായാലും കാത്തിരുന്ന് കാണാമെന്ന് ലിയോണല്‍ മെസി പറയുന്നു.

നെയ്മറിന്‍റെ ബ്രസീലിനും കിലിയൻ എംബാപ്പെയുടെ ഫ്രാൻസിനുമാണ് ഖത്തര്‍ ലോകകപ്പില്‍ മെസി ഏറ്റവും കൂടുതൽ കിരീട സാധ്യത പ്രവചിക്കുന്നത്. മികച്ച താരനിരയാണ് രണ്ട് ടീമിലുമുള്ളത്. ദീര്‍ഘകാലമായി ഈ താരങ്ങൾ ഒരുമിച്ച് കളിക്കുന്നത് ബ്രസീലിനെയും ഫ്രാൻസിനെയും അപകടകാരികളാക്കുന്നുവെന്നും മെസി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ട്, ജർമ്മനി, സ്പെയ്ൻ എന്നിവരും ശക്തരായ എതിരാളികളാണ് എന്നും മെസി പറഞ്ഞിരുന്നു. 

അര്‍ജന്‍റീനയല്ല; ലോകകപ്പില്‍ ഫേവറൈറ്റുകളായ രണ്ട് ടീമുകളെ തെര‍ഞ്ഞെടുത്ത് മെസി

click me!