
ദോഹ: ലോക ഫുട്ബോളിന്‍റെ അടുത്ത രാജാക്കന്‍മാർ ആരായിരിക്കും. വിധിയെഴുത്തിന് ദോഹയിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ലിയോണല്‍ മെസിയുടെ ചുമലിലേറി അർജന്‍റീനയും കിലിയന്‍ എംബാപ്പെയുടെ ശരവേഗത്തില്‍ പ്രതീക്ഷയർപ്പിച്ച് ഫ്രാന്‍സും നേർക്കുനേർ വരുമ്പോള്‍ ലുസൈലില്‍ ഇന്ന് തീപാറും പോരാട്ടം നടക്കും. ഖത്തർ ലോകകപ്പിന്‍റെ കലാശപ്പോരിന് മലയാളി ആരാധകരുടെ ഒഴുക്കുതന്നെയുണ്ടാകും. ഇവരില്‍ പ്രവാസ ലോകത്ത് കേരളത്തിന്‍റെ അഭിമാനമായ സംരംഭകന്‍ എം എ യൂസഫലിയുമുണ്ടാകും. ലോകകപ്പ് സംഘാടനത്തിൽ തൻ്റെ നിർണായക റോൾ പൂർത്തിയാക്കിയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ഫൈനൽ കാണാനെത്തുക.
ലുസൈലിലെ ഫൈനല്‍ നേരില്‍ കാണാന്‍ മലയാളികളുടെ അഭിമാനമായ എം എ യൂസഫലിയെത്തും. ഫൈനലില്‍ ആർക്കൊപ്പമെന്ന് ചോദിച്ചാല്‍ താന്‍ 32 ടീമുകള്‍ക്കുമൊപ്പവുമുണ്ട് എന്നാണ് അദേഹം പറയുന്നത്. '32 ടീമും നമ്മുടെ ടീമാണ്. എല്ലാ ടീമുകള്‍ക്കും നല്ല ഭക്ഷണം ഒരുക്കാന്‍ ശ്രദ്ധിച്ചു. ഇന്നത്തെ കളി വളരെ മികച്ചതായിരിക്കും. ആര് ജയിക്കും എന്നതല്ല, ഇന്നത്തെ മത്സരത്തിന്‍റെ ആവേശം ഒന്ന് വേറെതന്നെയായിരിക്കും. നമുക്കെല്ലാവർക്കും ഒരുമിച്ച് ലോകകപ്പ് ഫൈനല്‍ ആസ്വദിക്കാം. ഫൈനല്‍ പോരാട്ടം പൂർണസമയവും കാണും' എന്നും ലുലു ഗ്രൂപ്പ് ചെയർമാന്‍ എം എ യൂസഫലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഖത്തർ സർക്കാരിന്‍റെ ക്ഷണപ്രകാരമാണ് എം എ യൂസഫലി ലോകകപ്പ് ഫൈനല്‍ നേരില്‍ കാണാന്‍ ലുസൈലില്‍ എത്തുന്നത്.
ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിലെ ചാമ്പ്യന്മാരെ ഇന്നറിയാം. കലാശപ്പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ ഫ്രാന്‍സും മുന്‍ ചാമ്പ്യന്മാരായ അര്‍ജന്‍റീനയും ഏറ്റുമുട്ടും. രാത്രി എട്ടരയ്ക്ക് ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം. ലോക വേദിയിലെ മൂന്നാം കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ലോകം ഒരു കാൽപന്തിന് പിന്നാലെ പാഞ്ഞ ഒരുമാസക്കാലത്തിന് കൂടിയാണ് ഇന്ന് അവസാനമാകുന്നത്. മെസി-എംബാപ്പെ പോരാട്ടമായാണ് മത്സരം വിശേഷിപ്പിക്കപ്പെടുന്നത്. സംഘാടനത്തിലും കാണികളുടെ പങ്കാളിത്തത്തിലും മലയാളിപ്പെരുമ ഉയർത്തിയാണ് ഖത്തർ ലോകകപ്പിന് വിരാമമാകാന്‍ പോകുന്നത് എന്ന സവിശേഷതയുമുണ്ട്. ഏറ്റവും കൂടുതല്‍ മലയാളികള്‍ നേരില്‍ക്കണ്ട ഫിഫ ലോകകപ്പാണ് ഖത്തറിലേത്.
മെസി ഞാന്‍ കണ്ട ഏറ്റവും മികച്ച ഫുട്ബോളർ, മറഡോണയേക്കാള്‍ കേമന്‍; വാഴ്ത്തിപ്പാടി ലിനേക്കർ