നെഞ്ചിടിച്ച് അര്‍ജന്‍റീന ആരാധകര്‍, ഇരട്ട ഗോളുമായി സൗദി; ലുസൈലില്‍ മെസിപ്പട വിറയ്ക്കുന്നു

Published : Nov 22, 2022, 04:53 PM ISTUpdated : Nov 22, 2022, 04:55 PM IST
നെഞ്ചിടിച്ച് അര്‍ജന്‍റീന ആരാധകര്‍, ഇരട്ട ഗോളുമായി സൗദി; ലുസൈലില്‍ മെസിപ്പട വിറയ്ക്കുന്നു

Synopsis

അര്‍ജന്‍റീനയെ 48-ാം മിനുറ്റില്‍ സലേ അല്‍ഷെഹ്‌രിയിലൂടെ സൗദി 1-1ന് സമനില പിടിച്ചപ്പോള്‍ തൊട്ടുപിന്നാലെ 53-ാം മിനുറ്റില്‍ സലീം അല്‍ദസ്വാരി 2-1ന് ലീഡ് സമ്മാനിച്ചു

ദോഹ: ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് സിയില്‍ അര്‍ജന്‍റീനയ്ക്ക് ആദ്യപകുതിയിലെ ലീഡിന് രണ്ടാംപകുതിയുടെ തുടക്കത്തില്‍ ഇരട്ട തിരിച്ചടി നല്‍കി സൗദി അറബ്യ. ഒന്നിനെതിരെ രണ്ട് ഗോളിന് മുന്നില്‍ നില്‍ക്കുകയാണ് സൗദി. പത്താം മിനുറ്റില്‍ ലിയോണല്‍ മെസിയുടെ ഗോളില്‍ മുന്നിലെത്തിയ അര്‍ജന്‍റീനയെ 48-ാം മിനുറ്റില്‍ സലേ അല്‍ഷെഹ്‌രിയിലൂടെ സൗദി 1-1ന് സമനില പിടിച്ചപ്പോള്‍ തൊട്ടുപിന്നാലെ 53-ാം മിനുറ്റില്‍ സലീം അല്‍ദസ്വാരി 2-1ന് ലീഡ് സമ്മാനിച്ചു. 

മെസി-മാര്‍ട്ടിനസ് ആക്രമണം

ആദ്യ മത്സരത്തില്‍ തന്നെ ആയുധപ്പുരയിലെ വജ്രായുധങ്ങളെ തന്നെ അര്‍ജന്‍റീന പരിശീലകന്‍ സ്‌കലോണി മൈതാനത്ത് അണിനിരത്തി. ലിയോണല്‍ മെസിയെയും ലൗറ്റാരോ മാര്‍ട്ടിനസിനേയും ആക്രമണത്തിന് നിയോഗിച്ച് 4-4-2 ശൈലിയില്‍ ലാറ്റിനമേരിക്കന്‍ പട കളത്തിറങ്ങിയപ്പോള്‍ ഏഞ്ചല്‍ ഡി മരിയയും റോഡ്രിഗോ ഡി പോളും ലീയാന്‍ഡ്രോ പരേഡസും പപു ഗോമസും മധ്യനിരയില്‍ കരുക്കള്‍ നീക്കാനെത്തി. പരിചയസമ്പന്നനായ ഒട്ടാമെന്‍ഡിക്കൊപ്പം ക്രിസ്റ്റ്യന്‍ റൊമീറോയും നഹ്വേല്‍ മൊളീനയും നിക്കോളാസ് തഗ്ലൈഫിക്കോയും ഉള്‍ക്കൊള്ളുന്നതായിരുന്നു അതിശക്തമായ പ്രതിരോധം. ഒന്നാം നമ്പര്‍ ഗോളി എമിലിയാനോ മാര്‍ട്ടിനസ് ഗോള്‍ബാറിന് കീഴെയുമെത്തി. 

മിശിഹാ അവതരിച്ചു

മത്സരത്തിന് മണിക്കൂറുകള്‍ മുന്നേ ലുസൈല്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ നീലക്കടല്‍ ഗ്യാലറിയെ ആവേശക്കടലാക്കിയപ്പോള്‍ പത്താം മിനുറ്റില്‍ സാക്ഷാല്‍ മിശിഹാ അവതരിച്ചു. കിക്കോഫ് മുതല്‍ പന്തടക്കത്തിലും ആക്രമണത്തിലും പകയ്ക്കാതെ നിന്ന അര്‍ജന്‍റീനയുടെ ലോകകപ്പ് ഗോള്‍ വാതില്‍ തുറന്ന് മെസിയുടെ അനായാസ ഫിനിഷിംഗ് ലോകം കണ്ടു. പരേഡസിനെ അല്‍ ബുലാഹി ബോക്‌സില്‍ വീഴ്‌ത്തിയപ്പോള്‍ വാര്‍ പരിശോധനയിലേക്ക് നീണ്ടു റഫറിയുടെ നടപടി. വാര്‍ പരിശോധനയ്ക്ക് ശേഷം റഫറി ബോക്‌സിലേക്ക് വിരല്‍ ചൂണ്ടിയപ്പോള്‍ കിക്കെടുക്കാന്‍ ലിയോ അല്ലാതെ മറ്റൊരു ഓപ്‌ഷനും അര്‍ജന്‍റീന മനസില്‍ കണ്ടില്ല. സൗദി ഗോളി അല്‍ ഒവൈസിനെ നിഷ്പ്രഭനാക്കി മെസി നിസ്സാരമായി പന്ത് വലയിലിട്ടു.

വില്ലനായി ഓഫ്‌സൈഡുകള്‍

22-ാം മിനുറ്റില്‍ ലിയോ രണ്ടാം ഗോള്‍ നേടിയെങ്കിലും റഫറി ഓഫ്സൈ‍ഡ് വിളിച്ചു. ലീഡ് രണ്ടായി ഉയര്‍ത്താനുള്ള അവസരം 28-ാം മിനുറ്റിലും അര്‍ജന്‍റീന കളഞ്ഞുകുളിച്ചു. ലൗറ്റാരോ മാര്‍ട്ടിനസിന്‍റെ ഗോളും ഓഫ്‌സൈഡിന് വഴിമാറി. 35-ാം മിനുറ്റില്‍ മാര്‍ട്ടിസിന്‍റെ മറ്റൊരു ഓട്ടപ്പാച്ചില്‍ വീണ്ടും ഓഫ്‌സൈഡിന് വഴിമാറി. അല്ലായിരുന്നെങ്കില്‍ ആദ്യപകുതിയില്‍ തന്നെ നാല് ഗോളിന് അര്‍ജന്‍റീന മുന്നിലെത്തുമായിരുന്നു. എന്നാല്‍ രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ സൗദി ഇരട്ട മറുപടി നല്‍കിയതിലൂടെ മത്സരം ആവേശമായിരിക്കുകയാണ്. 

ആക്രമണം, ആക്രമണം, ആക്രമണം! ആദ്യപകുതിയില്‍ മെസിക്കാലില്‍ അര്‍ജന്‍റീനയുടെ പടയോട്ടം


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഇത് ദൈവത്തിന്‍റെ അവസാന താക്കീത്'; റൊണാൾഡോ പ്രതിമക്ക് തീവെച്ച് നൃത്തംചവിട്ടി യുവാവ്, പിന്നാലെ പിടിയിൽ
ട്രാവന്‍കൂര്‍ റോയല്‍സിന് ''ട്രിപ്പിള്‍'' നേട്ടം; തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും കിരീടം