ആക്രമണം, തുടരെ ആക്രമണം; ലോകകപ്പ് ആവേശം ഉണര്‍ന്ന 45 മിനിറ്റുകള്‍, നെതര്‍ലാന്‍ഡ്സും സെനഗലും ഇഞ്ചോടിഞ്ച്

By Web TeamFirst Published Nov 21, 2022, 10:21 PM IST
Highlights

തൊട്ട് പിന്നാലെയാണ് തെതര്‍ലാന്‍ഡ്സിന് സുവര്‍ണാവസരം ലഭിച്ചത്. ബെര്‍ഗ്ഹ്യൂസിന്‍റെ പാസ് ഡി ജോങ്ങിന് ലഭിച്ചപ്പോള്‍ ഷോട്ട് എടുക്കാന്‍ ആവശ്യത്തിന് സമയം ലഭിച്ചിരുന്നു. ആവശ്യമില്ലാത്ത ടച്ചുകള്‍ ബോക്സിനുള്ളില്‍ എടുത്ത ബാഴ്സ താരം അവസരം പാഴാക്കി

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഇതുവരെ നടന്നതിലെ ഏറ്റവും മികച്ച പോരാട്ടം കണ്ട് മത്സരത്തിന്‍റെ ആദ്യ പകുതി സമനിലയില്‍. വാശിയേറിയ ആക്രമണ ഫുട്ബോള്‍ പുറത്തെടുത്ത സെനഗലും നെതര്‍ലാന്‍ഡ്സും ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഗോള്‍രഹിത സമനിലയിലാണ് പിരിഞ്ഞിരിക്കുന്നത്. യൂറോപ്യന്‍ കരുത്തര്‍ക്കെതിരെ ആക്രമണം അഴിച്ചു വിടുക എന്ന ഉദ്ദേശത്തോടെയാണ് സെനഗല്‍ കളത്തില്‍ ഇറങ്ങിയതെന്ന് തുടക്കത്തിലുള്ള നീക്കങ്ങള്‍ വ്യക്തമാക്കി. ഇതോടെ നെതര്‍ലാന്‍ഡ്സും പതിയെ ഉണര്‍ന്ന് കളിച്ചതോടെ ആവേശമുണര്‍ന്നു. ഒമ്പതാം മിനിറ്റില്‍ ഒരു ഗംഭീര ടേണ്‍ നടത്തി സാര്‍ എടുത്ത ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നതോടെ ഓറഞ്ച് പടയുടെ ആരാധകര്‍ ആശ്വസിച്ചു. മികച്ച ബോള്‍ പൊസിഷന്‍ നെതര്‍ലാന്‍ഡ്സിന് ആയിരുന്നെങ്കിലും അല്‍പ്പം കൂടെ മെച്ചപ്പെട്ട ആക്രമണങ്ങള്‍ നടത്തിയത് ആഫ്രിക്കന്‍ പടയായിരുന്നു.

17-ാം മിനിറ്റില്‍ ഗ്യാപ്കോയുടെ ക്രോസ് ബോക്സിലേക്ക് പറന്നിറങ്ങിയെങ്കിലും ബ്ലൈന്‍ഡിന്‍റെ ഹെഡര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. തൊട്ട് പിന്നാലെയാണ് തെതര്‍ലാന്‍ഡ്സിന് സുവര്‍ണാവസരം ലഭിച്ചത്. ബെര്‍ഗ്ഹ്യൂസിന്‍റെ പാസ് ഡി ജോങ്ങിന് ലഭിച്ചപ്പോള്‍ ഷോട്ട് എടുക്കാന്‍ ആവശ്യത്തിന് സമയം ലഭിച്ചിരുന്നു. ആവശ്യമില്ലാത്ത ടച്ചുകള്‍ ബോക്സിനുള്ളില്‍ എടുത്ത ബാഴ്സ താരം അവസരം പാഴാക്കി.

ലോകകപ്പില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും വാശിയേറിയ പോരാട്ടമാക്കി മത്സരത്തെ മാറ്റി ഇരു വിഭാഗങ്ങളും നിരന്തരം ആക്രമണങ്ങള്‍ നടത്തി. മധ്യനിരയില്‍ കൂടിയും വിംഗുകളില്‍ കൂടിയും മുന്നേറ്റങ്ങള്‍ പിറന്നു കൊണ്ടേയിരുന്നു. 25-ാം മിനിറ്റില്‍ സാറിന്‍റെ ഷോട്ട് വാന്‍ ഡൈക്ക് ഒരു വിധത്തില്‍ ഹെഡ് ചെയ്ത് അകറ്റി.

27 മിനിറ്റില്‍ വാന്‍ ഡൈക്കിന്‍റെ ഹെഡ്ഡര്‍ പുറത്തേക്ക് പോയത് സെനഗലിന്‍റെ ആശ്വാസ നിമിഷമായി മാറി. കളി അര മണിക്കൂര്‍ പിന്നിട്ടതോടെ കൂടുതല്‍ കരുത്താര്‍ജ്ജിച്ച ഓറഞ്ച് സംഘവും സെനഗല്‍ ബോക്സിലേക്ക് നിരന്തരം പന്ത് എത്തിച്ചു. സെനഗലിന്‍റെ ഗംഭീരമായ പാസിംഗിനെ തകര്‍ത്ത് 40-ാം മിനിറ്റില്‍ നെതര്‍ലാന്‍ഡ്സ് നടത്തിയ ആക്രമണം സുന്ദരമായ ഡച്ച് ശൈലിക്ക് ഉദാഹരണമായി. എന്നാല്‍, ഒടുവില്‍ ബെര്‍ഗ്ഹ്യൂസ് ഷോട്ടിന് വലയെ തുളയ്ക്കാനായില്ല. വീണ്ടും ഇരു സംഘങ്ങളും ആക്രമണം നടത്തിയെങ്കിലും ഗോള്‍ മാത്രം ആദ്യ പകുതിയില്‍ എത്തിയില്ല. 

ഇറാന്‍റെ പതനം പൂര്‍ണം, വല നിറഞ്ഞു; ഖത്തറില്‍ 'ആറാടി' ഇംഗ്ലീഷ് പട, സമ്പൂര്‍ണ ആധിപത്യം

click me!