പരിക്കില്‍ മുടന്തുമോ മെസിയും കൂട്ടരും; അര്‍ജന്‍റീന നാളെ പരാഗ്വേക്കെതിരെ

By Web TeamFirst Published Nov 12, 2020, 12:12 PM IST
Highlights

ക്യാപ്റ്റൻ ലിയോണൽ മെസിയടക്കമുള്ളവരുടെ പരിക്കുമായാണ് പരാഗ്വേയെ അ‍ർജന്റീന നേരിടാൻ ഒരുങ്ങുന്നത്

ബ്യൂണസ് ഐറിസ്: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ അർജന്റീന നാളെ പരാഗ്വേയെ നേരിടും. ഇന്ത്യൻ സമയം നാളെ രാവിലെ അഞ്ചരയ്ക്കാണ് കളിതുടങ്ങുക. ലാറ്റിനമേരിക്കൻ മേഖലയിലെ യോഗ്യതാ റൗണ്ടിൽ മൂന്നാം ജയം ലക്ഷ്യമിട്ട് അർജന്റീന ഇറങ്ങുമ്പോള്‍ രണ്ടാം ജയത്തിനായാണ് പരാഗ്വേ ബൂട്ടണിയുക. ബോക്ക ജൂനിയേഴ്സിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 

ക്യാപ്റ്റൻ ലിയോണൽ മെസിയടക്കമുള്ളവരുടെ പരിക്കുമായാണ് പരാഗ്വേയെ അ‍ർജന്റീന നേരിടാൻ ഒരുങ്ങുന്നത്. സ്‌പാനിഷ് ലീഗിലെ അവസാന മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ മെസിയുടെ പരുക്ക് ഇതുവരെ പൂർണമായും ഭേദമായിട്ടില്ല. മെസിക്കൊപ്പം ഇന്റർ മിലാൻ സ്‌ട്രൈക്കർ ലൗറ്ററോ മാർട്ടിനസ്, നിക്കോളാസ് ഓട്ടമെൻഡി, റോബർട്ടോ പെരെയ്റ എന്നിവരും പരിക്കിന്റെ പിടിയിലാണ്. ഇതുകൊണ്ടുതന്നെ കോച്ച് ലിയണൽ സ്കലോണി മെസിയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താനാണ് സാധ്യത. പരിക്കേറ്റ താരങ്ങൾ പ്രത്യേകമാണ് പരിശീലനം നടത്തുന്നത്. 

ആദ്യ രണ്ട് കളിയിൽ അർജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ഇക്വഡോറിനെയും ഒന്നിനെതിരെ രണ്ട് ഗോളിന് ബൊളീവിയയെയും തോൽപിച്ചിരുന്നു. ആദ്യകളിയിൽ പെറുവിനോട് 2-2ന് സമനില വഴങ്ങിയ പരാഗ്വേ രണ്ടാം മത്സരത്തിൽ ഒറ്റഗോളിന് വെനസ്വേലയെ തോൽപിച്ചു. ഇരുടീമുകളുടേയും നേർക്കുനേർ കണക്കിൽ അർജന്റീനയ്ക്ക് വ്യക്തമായ മുൻതൂക്കമുണ്ട്. 58 കളിയിൽ അർജന്റീന ജയിച്ചപ്പോൾ പരാഗ്വേയ്ക്ക് ജയിക്കാനായത് 16 മത്സരങ്ങളില്‍ മാത്രം. 33 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. 

ഫുട്ബോള്‍ ലോകത്തിന് ആശ്വാസം; മറഡോണ ആശുപത്രി വിട്ടു

 

click me!