ബ്യൂണസ് ഐറിസ്: തലച്ചോറില്‍ ശസ്‌ത്രക്രിയക്ക് വിധേയനായ ഫുട്ബോള്‍ ഇതിഹാസം മറഡോണ ആശുപത്രി വിട്ടു. മുന്‍താരം സുഖംപ്രാപിച്ച് വരുന്നതായും മറികടന്നത് ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ സമയമെന്നും അദേഹത്തിന്‍റെ അഭിഭാഷകന്‍ അറിയിച്ചു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നുള്ള ശസ്‌ത്രക്രിയ പൂര്‍ത്തിയായി എട്ട് ദിവസത്തിന് ശേഷമാണ് മറഡോണ ആശുപത്രിയില്‍ നിന്ന് മടങ്ങിയത്.

അറുപത് വയസ് തികഞ്ഞതിന് ദിവസങ്ങള്‍ മാത്രം പിന്നാലെയായിരുന്നു ശാരീരിക അസ്വസ്‌തതകള്‍ പ്രകടിപ്പിച്ച മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടമാംവിധം തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി വിദഗ്ധ പരിശോധനയില്‍ ഉടനടി കണ്ടെത്തി. അര്‍ജന്‍റീനന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ലാ പ്ലാറ്റയിലുള്ള സ്വകാര്യ ക്ലിനിക്കിലായിരുന്നു അര്‍ജന്‍റീനന്‍ ഇതിഹാസ താരത്തിന്‍റെ ശസ്‌ത്രക്രിയ. 

മറഡോണയുടെ ശസ്‌ത്രക്രിയ വാര്‍ത്തയറിഞ്ഞ് ആശുപത്രി പരിസരത്ത് താരത്തിന്‍റെ ആരാധകരും ഇപ്പോള്‍ പരിശീലിപ്പിക്കുന്ന ജിംനാസിയുടെ ആരാധകരും തടിച്ചുകൂടിയിരുന്നു. രണ്ട് തവണ ബൈപ്പാസ് സര്‍ജറിക്ക് വിധേയനായിട്ടുള്ള മറഡോണ കുറച്ച് വര്‍ഷങ്ങളായി നിരവധി ജീവിതശൈലി രോഗങ്ങളുടെ പിടിയിലാണ് എന്നതാണ് ഫുട്ബോള്‍ ലോകത്തെ വലിയ ആശങ്കയിലാഴ്‌ത്തിയത്. 

ഡീഗോ മറഡോണയുടെ ശസ്‌ത്രക്രിയ വിജയകരമെന്ന് ഡോക്‌ടര്‍; ആശുപത്രി പരിസരത്ത് തടിച്ചുകൂടി ആരാധകര്‍