മൈതാനത്ത് തീ പടർന്നു; ഇതാണ് കളി, ആവേശക്കൊടിയേറ്റം; കാൽപ്പന്ത് കളിയുടെ സൗന്ദര്യം ചോരാതെ ഒരു സമനില

Published : Nov 28, 2022, 02:25 AM ISTUpdated : Nov 28, 2022, 02:30 AM IST
മൈതാനത്ത് തീ പടർന്നു; ഇതാണ് കളി, ആവേശക്കൊടിയേറ്റം; കാൽപ്പന്ത് കളിയുടെ സൗന്ദര്യം ചോരാതെ ഒരു സമനില

Synopsis

മരണ​ഗ്രൂപ്പിലെ മരണപ്പോരിൽ സ്പെയിനും ജർമനിയും ഓരോ ​ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ഖത്തർ ലോകകപ്പിലെ ഇതുവരെ കണ്ടതിൽ ഏറ്റവും വാശിയും ആവേശവും നിറഞ്ഞ പോരാണ് ​ഗ്രൂപ്പ് ഇയിൽ നടന്നത്. സ്പെയിന് വേണ്ടി അൽവാരോ മൊറാട്ടയും ജർമനിക്കായി ഫുൾക്രു​ഗും ​ഗോളുകൾ നേടി. 

ദോഹ: തോൽക്കാൻ ഞങ്ങളില്ലെന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് രണ്ട് സംഘങ്ങൾ, അവസാന വിസിൽ വരെ ചോരാത്ത ശൗര്യത്തോടെ പോരടിച്ചപ്പോൾ ഖത്തർ ലോകകപ്പിൽ കാൽപ്പന്ത് കളിയുടെ ആവേശക്കൊടിയേറ്റം. മരണ​ഗ്രൂപ്പിലെ മരണപ്പോരിൽ സ്പെയിനും ജർമനിയും ഓരോ ​ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ഖത്തർ ലോകകപ്പിലെ ഇതുവരെ കണ്ടതിൽ ഏറ്റവും വാശിയും ആവേശവും നിറഞ്ഞ പോരാണ് ​ഗ്രൂപ്പ് ഇയിൽ നടന്നത്. സ്പെയിന് വേണ്ടി അൽവാരോ മൊറാട്ടയും ജർമനിക്കായി ഫുൾക്രു​ഗും ​ഗോളുകൾ നേടി. 

വാശിക്കളി കണ്ട ആദ്യ പകുതി

കോസ്റ്ററിക്കയെ സെവൻ അപ് കുടിപ്പിച്ച് എവിടെ നിർത്തിയോ അവിടെ നിന്ന് തന്നെയാണ് സ്പാനിഷ് പോരാളികൾ ആദ്യ പകുതി തുടങ്ങിയത്. ജർമനിയുടെ ആത്മവിശ്വാസക്കുറവ് ആദ്യം തന്നെ മുതലാക്കുന്നതിനായി കടുത്ത പ്രെസിം​ഗ് തന്നെ സ്പെയിൻ താരങ്ങൾ നടത്തി. ഇതിൽ ജർമനി ഒന്ന് വിറച്ചപ്പോൾ നാലാം മിനിറ്റിൽ തന്നെ സ്പാനിഷ് സംഘം ആദ്യ അവസരം തുറന്നെടുത്തു. പെഡ്രി, ​ഗവി, അസൻസിയോ എന്നിവർ ചേർന്ന ഒരു നീക്കത്തിൽ ഡാനി ഓൾമോയുടെ ഷോട്ട് മാന്വൽ ന്യൂയർ പണിപ്പെട്ട് ​ഗോളാകാതെ രക്ഷിച്ചു. സ്പെയിന്റെ പാസിം​ഗ് ശൈലയെ കുറിച്ച് നല്ല ​ഗൃഹപാഠം നടത്തിയെന്ന് ജർമനിയുടെ ആദ്യ നിമിഷങ്ങളിലെ നീക്കങ്ങൾ തെളിയിച്ചു. പൊസഷന് വേണ്ടി മത്സരിക്കാതെ കൗണ്ടർ അറ്റാക്കിം​ഗിലൂടെ അതിവേ​ഗം സ്പാനിഷ് ബോക്സിലെത്താനാണ് 2014ലെ ലോക ചാമ്പ്യന്മാർ ശ്രമിച്ചത്.

സ്പെയിനും അൽപ്പം ശൈലി മാറ്റി സ്വിച്ചിം​ഗ് പ്ലേ നടത്തി സ്പേസ് കണ്ടെത്താനുള്ള ശ്രമങ്ങളും നടത്തി. 21-ാം മിനിറ്റിൽ ജോർഡി ആൽബയുടെ ഒരു ​ഗോൾ ശ്രമവും പുറത്തേക്ക് പോയി. പതിയെ ജർമനി താളം കണ്ടെത്തി തുടങ്ങി. 24-ാം മിനിറ്റിൽ സ്പെയിൻ ​ഗോൾ കീപ്പർ ഉനെയ് സിമോണന്റെ ഒരു ക്ലിയറൻസ് നേരെ വന്നത് സെർജിയോ ​ഗ്നാർബി കാലുകളിലേക്കായിരുന്നു. ബയേൺ താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയത് സ്പാനിഷ് സംഘത്തിന് ആശ്വാസം നൽകി. തൊട്ടടുത്ത നിമിഷം മറുവശത്ത് ന്യൂയറിന്റെ ഒരു ക്ലിയറൻസും പിഴച്ചു. പക്ഷേ, ഫെറാൻ ടോറസ് ഫസ്റ്റ് ടച്ച് എടുത്ത് ഷോട്ട് ഉതിർത്തപ്പോഴേക്കും റൗം രക്ഷക്കെത്തി ബ്ലോക്ക് ചെയ്തു.

ഇതിന് ശേഷം ആദ്യ നിമിഷങ്ങളിലെ അങ്കലാപ്പും സ്പെയിന്റെ ഹൈ പ്രസിം​ഗും നേരിട്ട് ജർമനി മത്സരത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് മെച്ചപ്പെട്ട നിലയിലുള്ള കളി പുറത്തെടുത്തു. അവസാനം ഓഫ്സൈഡ് വിസിൽ മുഴങ്ങിയെങ്കിലും 33-ാം മിനിറ്റിൽ ​ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ഫെറാൻ ടോറസിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. അവസരങ്ങൾ കൂടുതൽ മെനഞ്ഞ് എടുത്തത് സ്പെയിൻ ആയിരുന്നു. എന്നാൽ, അത് ​ഗോളാക്കിയെടുക്കാനാണ് എൻ‍റിക്വയുടെ കുട്ടികൾ വിഷമിച്ചത്. 39-ാം മിനിറ്റിലാണ് ജർമനിയുടെ സ്വപ്ന നിമിഷം പിറന്നത്. കിമ്മിച്ച് എടുത്ത ഫ്രീകിക്കിൽ റൂ‍ഡി​ഗറിന്റെ ഹെഡ്ഡർ വല തുളച്ചു. വാർ തീരുമാനത്തിൽ ​ഗോൾ നിഷേധിക്കപ്പെട്ടതോടെ ആ ​ഗോൾ മറ്റൊരു സ്വപ്നമായി മാറി. അവസാന നിമിഷങ്ങളിൽ മറ്റൊരു ഫ്രീകിക്കിൽ റൂഡി​ഗറിന്റെ ഷോട്ട് സിമോൺ തടഞ്ഞിടുകയും ചെയ്തു.

മൈതാനത്ത് തീപടർന്നു

ജയിക്കാനുറച്ച് തന്നെ ഇരു ടീമുകളും രണ്ടാം പകുതിയിൽ ഇറങ്ങിയപ്പോൾ ആദ്യ നിമിഷങ്ങളിൽ തന്നെ മൈതാനത്ത് തീപടർന്നു. ഇരു ബോക്സിലേക്കും മുന്നേറ്റങ്ങൾ എത്തി. വിജയിക്കാനായില്ലെങ്കിൽ അപകടം കാത്തിരിക്കുന്നുവെന്ന് ഉറപ്പായിരുന്ന ജർമനി ഹൈ പ്രസിം​ഗ് തന്നെ നടത്തി. എന്നാൽ, അതിവേ​ഗം പാസിം​ഗിലൂടെ മനോഹരമായി തന്നെ സ്പെയിൻ ഈ നീക്കത്തെ തകർത്തു കൊണ്ടിരുന്നു. വിം​ഗുകളിലൂടെ കുതിച്ച് എത്താൻ സ്പെയിന് സാധിച്ചെങ്കിലും ബോക്സിലേക്ക് അപകടകരമായ ക്രോസുകൾ വരുന്നതിനെ ജർമനി പല്ലും നഖവും ഉപയോ​ഗിച്ച് തടഞ്ഞു.

56-ാം മിനിറ്റിൽ സിമോണിന്റെ ​ഗുരുതരമായ മറ്റൊരു പിഴവ് സ്പാനിഷ് ബോക്സിനെ ഒരു നിമിഷത്തേക്ക് ഞെട്ടിച്ചു കളഞ്ഞു. ഇത് മുതലാക്കി ​ഗുണ്ടോ​ഗന്റെ പാസിൽ കിമ്മിച്ച് കിറുകൃത്യം ഷോട്ട് പായിച്ചെങ്കിലും തന്റെ പിഴവിന് പറക്കും സേവിലൂടെ സിമോൺ തന്നെ പ്രായശ്ചിത്തം ചെയ്തു. ഇതിനിടെ ഫൊറാനെ പിൻവലിച്ച് മൊറാട്ടയെ എൻ‍റിക്വ കളത്തിൽ ഇറക്കിയിരുന്നു. 62-ാം മിനിറ്റിലാണ് ഈ നീക്കത്തിന്റെ വിലയെന്താണെന്ന് ജർമനിക്ക് മനസിലായത്. ഇടതു വിം​ഗിൽ നിന്നുള്ള ആൽബയുടെ അളന്നു മുറിച്ച ലോ ക്രോസ് കെഹററിന്റെ ദുർബലമായ പ്രതിരോധ ശ്രമത്തെ തോൽപ്പിച്ച മൊറോട്ട വലയിലാക്കി. ​

ഗോൾ വഴങ്ങിയതോടെ ലിറോയ് സാനെയും ഫുൾക്രു​ഗിനെ ഉൾപ്പെടെ ഇറക്കി ഹാൻസി ഫ്ലിക്ക് കാടിളക്കിയുള്ള ജർമൻ ആക്രമണത്തിനുള്ള അരങ്ങൊരുക്കി. പിന്നെ കളത്തിൽ കണ്ടത് അതുവരെ കാണാത്ത ഒരു പീരങ്കിപ്പടയെ ആയിരുന്നു. സ്പാനിഷ് താരങ്ങളെ വട്ടം കറക്കി മൂസിയാല നൽകിയ ക്രോസിലേക്ക്  ഫുൾക്രു​​ഗിന് കാലെത്തിക്കാനായില്ല. ബയേൺ താരം മൂസിയാലയുടെ എണ്ണം പറഞ്ഞൊരു ഷോട്ട് സിമോൺ കുത്തിയകറ്റുകയും ചെയ്തു. പക്ഷേ, സബ്സ്റ്റിറ്റ്യൂഷൻ കളിയിൽ വീണ്ടും വ്യത്യാസമുണ്ടാക്കി. സ്പാനിഷ് പ്രതിരോധ നിരയുടെ പിഴവ് മുതലെടുത്ത ഫുൾക്രു​ഗിന്റെ പവർ ഷോട്ടിന് സിമോണിന് മറുപടിയുണ്ടായിരുന്നില്ല. ഇഞ്ചുറി സമയത്ത് വിജയ ​ഗോളിനായി ജർമനി ആവും വിധം ശ്രമിച്ച് നോക്കിയെങ്കിലും കാൽപ്പന്ത് കളിയുടെ സൗന്ദര്യം ഒട്ടും ചോരാത്ത ഒരു സമനിലയിൽ കളിയുടെ അവസാന വിസിൽ ഒടുവിൽ മുഴങ്ങി.

മൊറോക്കോയ്ക്ക് മുന്നില്‍ അടിപതറി രാജ്യം; ബെല്‍ജിയത്തില്‍ കലാപമുണ്ടാക്കി ഫുട്ബോള്‍ ആരാധകര്‍

PREV
click me!

Recommended Stories

ഫിഫ ലോകകപ്പ് മത്സരക്രമം ഇന്നറിയാം, ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന്, തത്സമയം കാണാനുള്ള വഴികള്‍
റയാന്‍ വില്യംസിന് പിന്നാലെ, കനേഡിയന്‍ സ്‌ട്രൈക്കറായ ഷാന്‍ സിംഗ് ഹന്‍ഡാല്‍ ഇന്ത്യന്‍ ഫുട്‌ബോളിലേക്ക്