ബെല്‍ജിയത്തിന്‍റെ പരാജയത്തില്‍ ക്ഷുഭിതരായ ആരാധകരാണ് ബ്രസല്‍സിലെ തെരുവുകളില്‍ കലാപക്കൊടി നാട്ടിയത്. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ജല പീരങ്കിയും കണ്ണീര്‍ വാതകമടക്കം പ്രയോഗിച്ചിരിക്കുകയാണ് ബെല്‍ജിയം പൊലീസ്

ലോകകപ്പ് ഫുട്ബോളില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മൊറോക്കോയുടെ മുന്നില്‍ ബെല്‍ജിയം അടിയറവ് പറഞ്ഞതിന് പിന്നാലെ ബെല്‍ജിയത്തിന്‍റെ തലസ്ഥാനമായ ബ്രസല്‍സിലെ തെരുവുകളില്‍ കലാപം. ബെല്‍ജിയത്തിന്‍റെ പരാജയത്തില്‍ ക്ഷുഭിതരായ ആരാധകരാണ് ബ്രസല്‍സിലെ തെരുവുകളില്‍ കലാപക്കൊടി നാട്ടിയത്. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ജല പീരങ്കിയും കണ്ണീര്‍ വാതകമടക്കം പ്രയോഗിച്ചിരിക്കുകയാണ് ബെല്‍ജിയം പൊലീസ്. ബെല്‍ജിയം ആരാധകര്‍ നിരവധി ഇടങ്ങളില്‍ തീയിട്ടതിന് പുറമേ കാറുകള്‍ക്ക് നേരെയും കല്ലും കട്ടയും വലിച്ചെറിയുകയും ചെയ്യുന്ന സാഹചര്യമാണ് ബ്രസല്‍സിലുണ്ടായത്. 

അക്രമത്തില്‍ ഒരാള്‍ക്ക് മുഖത്ത് പരിക്കേറ്റതോടെയാണ് പൊലീസ് അക്രമികളെ കൈകാര്യം ചെയ്യാനാരംഭിച്ചത്. സിറ്റി സെന്‍ററില്‍ നിന്ന് അകലം പാലിക്കണമെന്ന് ബ്രസല്‍സ് മേയര്‍ ഫിലിപ്പ് ക്ലോസെ ഫുട്ബോള്‍ ആരാധകരോട് ആവശ്യപ്പെട്ടു. തെരുവുകളില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള നീക്കത്തിലാണ് പൊലീസുള്ളതെന്നും മേയര്‍ വ്യക്തമാക്കി. പൊലീസ് നിര്‍ദ്ദേശമനുസരിച്ച് സബ്വേകളും ട്രാം സര്‍വ്വീസ് അടക്കമുള്ളവയും നിര്‍ത്തി വച്ചിരിക്കുകയാണ്യ കലാപത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലായവരുടെ വിവരങ്ങള്‍ വ്യക്തമല്ല.

1998ല്‍ സ്‌കോട്‌ലാന്‍ഡിനെ പരാജയപ്പെടുത്തിയശേഷം ലോകകപ്പിലെ മൊറോക്കെയുടെ ആദ്യ ജയമായിരുന്നു ബെല്‍ജിയത്തിനെതിരെ നേടിയത്. 73ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍. സബിറി ഫ്രികിക്കിലൂടെയാണ് ഗോള്‍ നേടിയത്. ഇടത് വിംഗില്‍ നിന്ന് സബിറി തൊടുത്ത ഡയറക്റ്റ് ഫ്രീകിക്ക് ഗോള്‍കീപ്പര്‍ കോര്‍ത്വോയെ കബളിപ്പിച്ച് വലയിലേക്ക് കയറി. ഇത്തവണ വാറില്‍ ഒന്നുംതന്നെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഗോള്‍ തിരിച്ചടിക്കാന്‍ ബെല്‍ജിയം കിണഞ്ഞ് ശ്രമിച്ചു. ഇതിനിടെ രണ്ടാമത്തെ ഗോളും ബെല്‍ജിയം വലയിലെത്തി. സിയെച്ചിന്റെ പാസില്‍ അബൗഖല്‍ അനായാസം പന്ത് വലയിലെത്തിച്ചു. മോറോക്കോയ്ക്ക് വിലപ്പെട്ട മൂന്ന് പോയിന്റ്.

മത്സരത്തിലുടനീളം ബെല്‍ജിയത്തിനൊപ്പം നില്‍ക്കാന്‍ മൊറോക്കോയ്ക്ക് സാധിച്ചിരുന്നു. ഇതോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ മൊറോക്കയ്ക്കായി. രണ്ട് മത്സരങ്ങളില്‍ നാല് പോയിന്റാണ് മൊറോക്കോയ്ക്ക്. ആദ്യ മത്സരത്തില്‍ അവര്‍ ക്രൊയേഷ്യയെ സമനിലയില്‍ തളച്ചിരുന്നു. ആദ്യ മത്സരത്തില്‍ കാനഡയെ മറികടന്ന ബെല്‍ജിയം രണ്ട് പോയിന്റോടെ രണ്ടാം സ്ഥാനത്താണുള്ളത്.