ജീവന്‍മരണ പോരിന് അര്‍ജന്‍റീന, പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഫ്രാന്‍സും സൗദിയും; ഇന്നത്തെ മത്സരങ്ങള്‍

By Jomit JoseFirst Published Nov 26, 2022, 7:54 AM IST
Highlights

ഇന്നത്തെ മറ്റ് മത്സരങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഇന്നിറങ്ങും

ദോഹ: ഫിഫ ലോകകപ്പിൽ അര്‍ജന്‍റീനയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം. രാത്രി 12.30ക്ക് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മെക്‌സിക്കോയാണ് എതിരാളികൾ. പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താൻ അര്‍ജന്‍റീനയ്ക്ക് ജയം അനിവാര്യമാണ്. ലോകകപ്പില്‍ ജീവന്മരണപോരാട്ടത്തിന് മുന്‍പ് അര്‍ജന്‍റീന താരങ്ങള്‍ പരിശീലനത്തിന് ഇറങ്ങി. ലിയോണൽ മെസി അടക്കം എല്ലാ താരങ്ങളും പരിശീലനത്തിനെത്തി. മെക്‌സിക്കന്‍ ഗോളി ഒച്ചാവയെ മറികടക്കുകയാവും അര്‍ജന്‍റീനയ്ക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. 

അർജന്‍റീനയെ ആദ്യ മത്സരത്തിൽ അട്ടിമറിച്ച സൗദി അറേബ്യയും ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങും. വൈകിട്ട് ആറരയ്ക്ക് പോളണ്ടാണ് സൗദിയുടെ എതിരാളികൾ. മൂന്ന് പോയിന്‍റുള്ള സൗദിയാണ് നിലവിൽ ഗ്രൂപ്പിൽ ഒന്നാമത്. പോളണ്ടിനോടും ജയിച്ചാൽ സൗദിക്ക് പ്രീക്വാർട്ടറിലേക്ക് മുന്നേറാം. ആദ്യ മത്സരത്തിൽ മെക്സിക്കോയോട് സമനില വഴങ്ങിയ പോളണ്ടിനും ഗ്രൂപ്പ് ഘട്ടം കടക്കാൻ ജയം അനിവാര്യമാണ്. ഗ്രൂപ്പ് സിയില്‍ മൂന്ന് പോയിന്‍റുമായി സൗദി അറേബ്യയാണ് തലപ്പത്ത്. ഓരോ പോയിന്‍റ് വീതവുമായി പോളണ്ടും മെക്‌സിക്കോയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. അക്കൗണ്ട് തുറക്കാത്ത അര്‍ജന്‍റീനയാണ് നാലാമത്. 

ഇന്നത്തെ മറ്റ് മത്സരങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഇന്നിറങ്ങും. ഡെൻമാർക്കാണ് എതിരാളികൾ. രാത്രി ഒൻപതരയ്ക്കാണ് മത്സരം. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ മികച്ച ജയം സ്വന്തമാക്കിയാണ് ഫ്രാൻസ് വരുന്നത്. ടുണീഷ്യയോട് സമനില വഴങ്ങിയ ഡെൻമാർക്കിനാകട്ടെ ഗ്രൂപ്പിൽ നിന്ന് മുന്നേറാൻ ജയം അനിവാര്യമാണ്. മൂന്ന് പോയിന്‍റുമായി ഗ്രൂപ്പ് ഡിയില്‍ മുന്നിലുണ്ട് ഫ്രാന്‍സ്. ഒരു പോയിന്‍റ് മാത്രമുള്ള ഡെന്‍മാര്‍ക്ക് നിലവില്‍ മൂന്നാം സ്ഥാനക്കാരാണ്. 

ഇന്നത്തെ ആദ്യ മത്സരം പതിവുപോലെ മൂന്നരയ്ക്കാണ്. ഓസ്ട്രേലിയ, ടുണീഷ്യയെ നേരിടും. ഫ്രാൻസിനോട് തോറ്റ ഓസ്ട്രേലിയക്ക് പ്രതീക്ഷ നിലനിർത്താൻ ടുണീഷ്യക്കെതിരെ ജയിച്ചേ തീരൂ. ഡെൻമാർക്കിനെ സമനിലയിൽ തളച്ച ആത്മവിശ്വാസവുമായാണ് ടുണീഷ്യയും ഇറങ്ങുന്നത്. ഗ്രൂപ്പ് ഡിയില്‍ ഒരു പോയിന്‍റുമായി ടുണീഷ്യ രണ്ടാമതും അക്കൗണ്ട് തുറക്കാത്ത ഓസ്ട്രേലിയ അവസാന സ്ഥാനത്തുമാണ്. 

'പുലി'സിച്ച് തീ! ഇംഗ്ലണ്ടിന്‍റെ ഗോള്‍ ആറാട്ട് അവസാനിപ്പിച്ച് യുഎസ്എ; മത്സരം ഗോള്‍രഹിത സമനിലയില്‍

click me!