കളിച്ചത് യുഎസ്എ, അവസരം മുതലാക്കി പ്രഹരിച്ചത് ഡച്ച് പട, പ്രീ ക്വാര്‍ട്ടറില്‍ വന്‍ പോരാട്ടം

Published : Dec 03, 2022, 09:20 PM ISTUpdated : Dec 03, 2022, 09:25 PM IST
കളിച്ചത് യുഎസ്എ, അവസരം മുതലാക്കി പ്രഹരിച്ചത് ഡച്ച് പട, പ്രീ ക്വാര്‍ട്ടറില്‍ വന്‍ പോരാട്ടം

Synopsis

കൂടുതല്‍ ബോള്‍ പൊസഷനുമായി യുഎസ്എ കളം നിറഞ്ഞെങ്കിലും ഗോള്‍ മാത്രം അകലെയായി. ലഭിച്ച സുവര്‍ണാവസരം ലക്ഷ്യത്തിലെത്തിച്ച് മെംഫിസ് ഡീപേയും ബ്ലിന്‍ഡുമാണ് നെതര്‍ലാന്‍ഡ്സിനെ മുന്നിലെത്തിച്ചത്

ദോഹ: ഖത്തര്‍ ലോകകപ്പിലെ ആദ്യ പ്രീ ക്വാര്‍ട്ടറിന്‍റെ ഒന്നാം പകുതി അവസാനിച്ചപ്പോള്‍ യുഎസ്എക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിന്‍റെ ലീഡ് നേടി നെതര്‍ലാന്‍ഡ്സ്. കൂടുതല്‍ ബോള്‍ പൊസഷനുമായി യുഎസ്എ കളം നിറഞ്ഞെങ്കിലും ഗോള്‍ മാത്രം അകലെയായി. ലഭിച്ച സുവര്‍ണാവസരങ്ങള്‍ ലക്ഷ്യത്തിലെത്തിച്ച് മെംഫിസ് ഡീപേയും ബ്ലിന്‍ഡുമാണ് നെതര്‍ലാന്‍ഡ്സിനെ മുന്നിലെത്തിച്ചത്. ലോക ഫുട്ബോളിലെ വമ്പന്മാരായ നെതര്‍ലാന്‍ഡ്സിനെ അമ്പരിപ്പിക്കുന്ന പ്രകടനത്തോടെയാണ് യുഎസ്എ തുടങ്ങിയത്.

കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ ഡച്ച് ഗോള്‍ മുഖത്ത് യുഎസ്എ അപകടം വിതച്ചു. ഓഫ്സൈഡ് കെണിയെ തകര്‍ത്ത് ക്രിസ്റ്റ്യന്‍ പുലിസിച്ച് എടുത്ത ഷോട്ട് ഡച്ച് ഗോള്‍ കീപ്പര്‍ നൊപ്പാര്‍ട്ട് കാല് കൊണ്ട് തടുത്തു. യുഎസ്എയുടെ തുടക്കത്തിലുള്ള ആക്രമണങ്ങള്‍ക്ക് നെതര്‍ലാന്‍ഡ്സ് മറുപടി നല്‍കിയത് അധികം വൈകാതെ ആദ്യ ഗോള്‍ നേട്ടം ആഘോഷിച്ച് കൊണ്ടാണ്. 10-ാം മിനിറ്റില്‍ മധ്യനിരയുടെ മനോഹരമായ പാസിംഗിന് ഒടുവില്‍ വലതു വിംഗില്‍ ഡംഫ്രിസിലേക്ക് പന്ത് എത്തി. താരത്തിന്‍റെ ക്രോസ്, ബോക്സിന്‍റെ നടുവിലേക്ക് എത്തുമ്പോള്‍ ഓടിയെത്തിയ ഡീപെയെ തടുക്കാനായി യുഎസ്എ പ്രതിരോധ സംഘത്തിലെ ആരും ഉണ്ടായിരുന്നില്ല. താരം  അനായാസം പന്ത് ഗോള്‍ പോസ്റ്റിന്‍റെ ഇടത് മൂലയില്‍ നിക്ഷേപിച്ചു.

പൊസഷന്‍ ഫുട്ബോള്‍ കളിച്ച് ബില്‍ഡ് അപ്പിലൂടെ സമനില കണ്ടെത്താനായിരുന്നു യുഎസ്എയുടെ ശ്രമം. പക്ഷേ, പന്ത് നഷ്ടപ്പോഴൊക്കെ കൗണ്ടര്‍ അറ്റാക്കിംഗിലൂടെ ഡച്ച് താരങ്ങള്‍ എതിര്‍ ബോക്സിലേക്ക് കുതിച്ചു. 17-മിനിറ്റില്‍ ഗാപ്കോ ഒരുക്കിയ നല്‍കിയ അവസരത്തില്‍ ബ്ലിന്‍ഡിന്‍റെ ഷോട്ട് ആകാശത്തേക്ക് പറന്നത് യുഎസ്എയ്ക്ക് ആശ്വാസമായി. ഒരു ഗോള്‍ വഴങ്ങിയെങ്കിലും സര്‍വ്വം മറന്നുള്ള ആക്രമണത്തിലേക്കൊന്നും യുഎസ്എ കടന്നില്ല.

രണ്ട് ടീമുകളും ചില നീക്കങ്ങള്‍ നടത്തിയെങ്കിലും മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയമായി. യുഎസ്എയ്ക്ക് ആവശ്യത്തിന് പൊസഷന്‍ അനുവദിച്ച് കൃത്യം സമയത്ത് പ്രഹരം ഏല്‍പ്പിക്കാനുള്ള തക്കം പാര്‍ത്തിരിക്കുകയാണ് നെതര്‍ലാന്‍ഡ്സിന്‍റെ ഗെയിം പ്ലാനെന്ന് അവരുടെ നീക്കങ്ങള്‍ വ്യക്തമാക്കി. അവസാന നിമിഷങ്ങളില്‍ മെച്ചപ്പെട്ട പ്രകടനം യുഎസ്എ പുറത്തെടുത്തെങ്കിലും ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല. തിമോത്തി വിയയുടെ ഒരു തീപ്പൊരി ഷോട്ട് നെതര്‍ലാന്‍ഡ്സ് ഗോള്‍ കീപ്പര്‍ ഒരുവിധമാണ് കുത്തിയകറ്റിയത്. കളിയുടെ ഒഴുക്കിന് വിപരീതമായി ഇഞ്ചുറി ടൈമില്‍ ഒരു ഗോള്‍ കൂടെ നെതര്‍ലാന്‍ഡ്സ് സ്വന്തമാക്കി.

ഒന്നാം ഗോളിന് സമാനമായി വലതു ഭാഗത്ത് നിന്ന് വന്ന ഡംഫ്രിസിന്‍റെ ക്രോസില്‍ ബ്ലിന്‍ഡ് ആണ് ഗോള്‍ നേട്ടം ആഘോഷിച്ചത്. ഖത്തറിനെതിരെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ വിജയിച്ച അതേ ടീമിനെയാണ് ഡച്ച് കോച്ച് വാന്‍ ഗാള്‍ പ്രീക്വാര്‍ട്ടറിനായി നിയോഗിച്ചത്. ലോകകപ്പില്‍ മിന്നും ഫോമിലുള്ള ഗാപ്കോ, മെംഫിസ് ഡീപെ, ഫ്രാങ്കി ഡി ജോങ്ങ് തുടങ്ങിയവര്‍ ആദ്യ ഇലവനില്‍ തന്നെ ഇറങ്ങി. യുഎസ്എ ആരാധകര്‍ക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും ക്രിസ്റ്റ്യന്‍ പുലിസിച്ചിനെ അടക്കം ഉള്‍പ്പെടുത്തി കരുത്തുറ്റതും എന്നാല്‍ ചെറുപ്പത്തിന്‍റെ പ്രസരിപ്പ് ആവോളമുള്ള സംഘത്തെയാണ് ഗ്രെഗ് മാത്യൂ ബെര്‍ഹാള്‍ട്ടര്‍ ഇറക്കിയത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഇത് ദൈവത്തിന്‍റെ അവസാന താക്കീത്'; റൊണാൾഡോ പ്രതിമക്ക് തീവെച്ച് നൃത്തംചവിട്ടി യുവാവ്, പിന്നാലെ പിടിയിൽ
ട്രാവന്‍കൂര്‍ റോയല്‍സിന് ''ട്രിപ്പിള്‍'' നേട്ടം; തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും കിരീടം