മെസിയുണ്ടായിട്ടും അര്‍ജന്‍റീന പിന്നില്‍; ഖത്തര്‍ ലോകകപ്പിലെ ഏറ്റവും താരമൂല്യമുള്ള ടീം ഏത്?

By Jomit JoseFirst Published Nov 24, 2022, 6:41 PM IST
Highlights

മൂന്നാം സ്ഥാനത്ത് നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസാണെങ്കില്‍ മൂല്യം എഴുപത്തിയേഴായിരം കോടി രൂപയാണ്

ദോഹ: ആരാധകർ കൂടുതലുള്ള ടീമും താരമൂല്യമുള്ള ടീമും ഒന്നാണോ? ലിയോണല്‍ മെസിയുണ്ടായിട്ടും അർജന്‍റീന ടീമിന്‍റെ മൂല്യം എന്തുകൊണ്ട് താഴെയായി. പട്ടികയിൽ ഒന്നാമനായ ഇംഗ്ലണ്ടിന്‍റെ കരുത്ത് എന്താണ് ?

പ്രീമിയർ ലീഗിലെ വമ്പൻ താരങ്ങളുമായാണ് ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം ഖത്തറിലെത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിന്‍റെ താരമൂല്യം കേട്ടേൽ എല്ലാവരും ഞെട്ടും. 26 അംഗ ടീമിന്‍റെ മൂല്യം തൊണ്ണൂറ്റിരണ്ടായിരം കോടി രൂപ. ഫിൽ ഫോഡൻ, ജൂഡ് ബെല്ലിങ്ഹാം, ഡെക്ലാൻ റൈസ്, മേസൺ മൗണ്ട്, ബുകായോ സാക, ഹാരി കെയ്ൻ എന്നിവരാണ് സൗത്ത്‌ഗേറ്റിന്‍റെ ടീമിനെ താരമൂല്യത്തിൽ ഒന്നാമത് എത്തിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലും മോശമല്ല. എൺപത്തിരണ്ടായിരം കോടി രൂപയാണ് ബ്രസീലിന്റെ മൂല്യം. നെയ്മർക്കും വിനീഷ്യസ് ജൂനിയർക്കും തന്നെയാണ് മൂല്യം കൂടുതൽ.

മൂന്നാം സ്ഥാനത്ത് നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസാണെങ്കില്‍ മൂല്യം എഴുപത്തിയേഴായിരം കോടി രൂപയാണ്. കിലിയൻ എംബാപ്പേയും കരീം ബെൻസേമയുമാണ് ഫ്രാൻസിനെ മൂന്നാം സ്ഥാനത്ത് എത്തിച്ചത്. നാലാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലുണ്ട്. അറുപത്തിയേഴായിരം കോടി രൂപയാണ് പറങ്കിപ്പടയുടെ മൂല്യം. റൊണാൾഡോയുടെ സാന്നിധ്യം തന്നെയാണ് ഇവിടെയും പോർച്ചുഗലിന് കരുത്താവുന്നത്. അറുപത്തിയാറായിരം കോടി മൂല്യമുള്ള സ്പെയിന്‍റെ യുവനിര അഞ്ചാം സ്ഥാനത്തുണ്ട്. ജർമനി, അർജന്‍റീന എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ. വിവിധ ക്ലബുകളിൽ നിന്ന് താരങ്ങൾക്ക് കിട്ടുന്ന പ്രതിഫലം കണക്കാക്കിയാണ് ടീമുകളുടെ മൂല്യം നിശ്ചയിച്ചിരിക്കുന്നത്.

കണ്ണുകളെല്ലാം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്‍; കാരണം ലോകകപ്പിലെ ആ റെക്കോര്‍ഡ്
 

 
 

click me!