ഖത്തറിലെ മുറിയിൽ ലിയോണല്‍ മെസി തനിച്ച്, ബാക്കിയെല്ലാ റൂമിലും രണ്ട് പേര്‍ വീതം; കാരണം എന്ത്

By Jomit JoseFirst Published Nov 19, 2022, 6:45 PM IST
Highlights

യൂണിവേഴ്സിറ്റിയിലെ മൊഡ്യൂൾ ഒന്നിലെ ബി 201 എന്ന മുറിയിൽ മെസി ഒറ്റയ്ക്കാണ് താമസിക്കുന്നത്

ദോഹ: ഖത്തർ ലോകകപ്പിന് എത്തിയ അര്‍ജന്‍റീനന്‍ സൂപ്പര്‍താരം ലിയോണല്‍ മെസി ഒരിടത്ത് മാത്രം ഏകാന്തനാണ്. അർജന്‍റീനയുടെ താരങ്ങൾ റൂം ഷെയ‍ർ ചെയ്യുമ്പോൾ എന്തുകൊണ്ടാണ് മെസി തനിച്ച് താമസിക്കുന്നത്? ഉറ്റ ചങ്ങാതി ഫുട്ബോള്‍ മതിയാക്കിയതോടെ ഇനിയങ്ങ് കൂട്ടിനാരും മുറിയില്‍ വേണ്ട എന്ന് മെസി തീരുമാനിക്കുകയായിരുന്നു. 

ലോകകപ്പിന് എത്തിയ അർജന്‍റീന ടീമിന് താമസ സൗകര്യം ഒരുക്കിയത് ഖത്തർ യൂണിവേഴ്സിറ്റിയിലാണ്. രണ്ടു താരങ്ങൾക്ക് ഒരു മുറി എന്ന രീതിയിലാണ് ക്രമീകരണം. യൂണിവേഴ്സിറ്റിയിലെ മൊഡ്യൂൾ ഒന്നിലെ ബി 201 എന്ന മുറിയിൽ മെസി ഒറ്റയ്ക്കാണ് താമസിക്കുന്നത്. 2011 മുതൽ മെസിക്ക് ഒപ്പം റൂം പങ്കിട്ടിരുന്നത് സെര്‍ജിയോ അഗ്യൂറോയായിരുന്നു. കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്‍റ് വരെ അഗ്യൂറോ മെസിക്ക് ഒപ്പമായിരുന്നു. എന്നാൽ ഹൃദ്രോഗം മൂലം അഗ്യൂറോ കളി മതിയാക്കിയതോടെ മെസി തനിച്ചായി. മുറി പങ്കിടാൻ മറ്റൊരാൾ വേണ്ടെന്നാണ് മെസി തീരുമാനിച്ചത്.

ലിയോണല്‍ മെസിയുടെ തൊട്ടടുത്ത റൂമിൽ ഓട്ടമെന്‍റിയും റോഡ്രിഗോ ഡി പോളുമുണ്ട്. നേരെ മുന്നിലുള്ള റൂമിലാണ് എയ്ഞ്ചൽ ഡി മരിയയും ലിയാൻഡ്രോ പരേഡസും താമസിക്കുന്നത്. 

ഈ ഫിഫ ലോകകപ്പില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന ടീമുകളിലൊന്നാണ് അര്‍ജന്റീന. മെസിയും പത്ത് പേരുമെന്ന അവസ്ഥയില്‍ നിന്ന് ഒരു കെട്ടുറപ്പുള്ള ടീമായി മാറിയെന്നാണ് റഷ്യയില്‍ നിന്ന് ഖത്തറിലെത്തുമ്പോഴുള്ള അര്‍ജന്റീന ടീമിന്റെ പ്രധാന മാറ്റം. ലോകകപ്പില്‍ ചൊവ്വാഴ്ച സൗദി അറേബ്യക്ക് എതിരെയാണ് അര്‍ജന്‍റീനയുടെ ആദ്യ മത്സരം. 36 മത്സരങ്ങളിലെ അപരാജിത കുതിപ്പുമായാണ് അര്‍ജന്റീന ലുസൈല്‍ സ്റ്റേഡിയത്തില്‍ ആദ്യ പോരാട്ടത്തിനിറങ്ങുന്നത്. സൗദി അറേബ്യക്കെതിരായ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയുടെ ആദ്യ ഇലവനിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ലിയോണല്‍ മെസിയും സംഘവും വിജയകുതിപ്പ് തുടരുമോ? സൗദി അറേബ്യക്കെതിരായ പ്ലെയിംഗ് ഇലവന്‍ അറിയാം


 

click me!