
റിയാദ്: 2026ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിലേക്കും 2027ൽ സൗദിയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ടൂർണമെൻറിലേക്കുമുള്ള സംയുക്ത യോഗ്യതാ മത്സരത്തിന്‍റെ രണ്ടാം റൗണ്ടിൽ ഇന്ത്യ മറ്റന്നാള്‍ അഫ്ഗാനിസ്ഥാനെ നേരിടും. വ്യാഴാഴ്ച രാത്രി 10ന് സൗദി അറേബ്യയിലെ അബഹയിലെ ‘ദമാക് മൗണ്ടൈൻ’ എന്നറിയപ്പെടുന്ന അമീർ സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്റ്റേഡിയത്തിലാണ് മത്സരം.
മത്സരത്തിനായി ഇന്ത്യൻ ടീം വെള്ളിയാഴ്ച അബഹയിൽ എത്തിയിരുന്നു. ഇന്ത്യ, കുവൈത്ത്, ഖത്തർ, അഫ്ഗാനിസ്ഥാൻ എന്നിവരടങ്ങിയ ‘എ ഗ്രൂപ്പി’ൽ നിലവിൽ മൂന്ന് പോയന്‍റുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ആറ് പോയിന്‍റുമായി ഖത്തർ ആണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. രണ്ടു മത്സരങ്ങളിലും പരാജയമേറ്റുവാങ്ങിയ അഫ്ഗാനിസ്ഥാന് നിലവിൽ പോയയന്‍റൊന്നുമില്ല.
യോഗ്യത റൗണ്ടിന്‍റെ ഇന്ത്യയിൽ നടന്ന ആദ്യ പാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഖത്തറിനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാൽ കുവൈത്തിൽ നടന്ന മത്സരത്തിൽ കുവൈത്തിനെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ പരാജയപ്പെടുത്തി. എന്നാൽ അഫ്ഗാനിസ്ഥാനെ എതിരില്ലാത്ത നാലു ഗോളിന് തോല്‍പ്പിച്ച കുവൈത്ത് ഗോള്‍ ശരാശരിയില്‍ ഇന്ത്യയേക്കാൾ മുന്നിലെത്തി പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. അഫ്ഗാനെതിരെ വലിയ മാര്‍ജിനിലുള്ള വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യയിറങ്ങുന്നത്.
കഴിഞ്ഞ വർഷം ജനുവരിയിൽ നടന്ന എ.എഫ്.സി ഏഷ്യൻ കപ്പിൽ ഓസ്‌ട്രേലിയയോടും ഉസ്‌ബെക്കിസ്ഥാനോടും സിറിയയോടും ഏറ്റുമുട്ടി ഒരൊറ്റ ഗോൾ പോലും നേടാനാകാതെ മടങ്ങിയ ഇന്ത്യൻ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക്കിന്‍റെ കീഴിൽ നിലവിൽ തങ്ങളുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് സുനില്‍ ചേത്രിയും സംഘവും.
ഇന്ത്യൻ ടീം ഇവരില്‍ നിന്ന്:
ഗോൾകീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, വിശാൽ കൈത്.
ഡിഫൻഡർമാർ: ആകാശ് മിശ്ര, മെഹ്താബ് സിംഗ്, രാഹുൽ ഭേക്കെ, നിഖിൽ പൂജാരി, സുഭാഷിഷ് ബോസ്, അൻവർ അലി, ആമി റണവാഡെ, ജയ് ഗുപ്ത.
മിഡ്ഫീൽഡർമാർ: അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, ലിസ്റ്റൺ കൊളാക്കോ, മഹേഷ് സിംഗ് നൗറെം, സഹൽ അബ്ദുൾ സമദ്, സുരേഷ് സിംഗ് വാങ്ജാം, ജീക്‌സൺ സിംഗ് തൗണോജം, ദീപക് താംഗ്രി, ലാലെങ്‌മാവിയ റാൾട്ടെ, ഇമ്രാൻ ഖാൻ.
ഫോർവേഡുകൾ: സുനിൽ ഛേത്രി, ലാലിയൻസുവാല ചാങ്‌തെ, മൻവീർ സിംഗ്, വിക്രം പ്രതാപ് സിംഗ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!