പെനല്‍റ്റി ഷൂട്ടൗട്ടില്‍ ജപ്പാന്‍റെ കണ്ണീര്‍, ക്രൊയേഷ്യ ക്വാര്‍ട്ടറില്‍

By Web TeamFirst Published Dec 5, 2022, 11:24 PM IST
Highlights

നേരത്തെ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും തുല്യത പാലിച്ചിരുന്നു. ഇരു ടീമുകളും ആക്രമണ ഫുട്ബോള്‍ കാഴ്ചവെച്ച മത്സരത്തില്‍ ജപ്പാനാണ് ആദ്യം ലീഡെടുത്തത്. ആദ്യ പകുതിയുടെ 43-ാം മിനിറ്റില്‍ ഡെയ്സന്‍ മെയ്ഡായുടെ ഗോളില്‍ മുന്നിലെത്തിയ ജപ്പാനെ രണ്ടാം പകുതിയില്‍ 55-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിന്‍റെ മിന്നല്‍ ഹെഡ്ഡറിലാണ് ക്രൊയേഷ്യ സമനിലയില്‍ തളച്ചത്.

ദോഹ: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ജപ്പാനെ മറികടന്ന് ക്രൊയേഷ്യ ക്വാര്‍ട്ടറിലെത്തി. നിശ്ചിത സമയത്തും അധിക സമയത്തും 1-1 സമനിലയായ മത്സരത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ക്രൊയേഷ്യയുടെ ജയം. ഷൂട്ടൗട്ടില്‍ ജപ്പാന്‍റെ ടാകുമി മിനാമിനോയുടെയും കൗറു മിടോമയുടെയും കിക്കുകള്‍ ക്രോയേഷ്യന്‍ ഗോളി ലിവാകോവിച്ച് തടുത്തിട്ടപ്പോള്‍ ക്രൊയേഷ്യയുടെ നിക്കോള വാള്‍സിച്ചിന്‍റെയും മാഴ്സലോ ബ്രോവിച്ചിന്‍റെയും ആദ്യ രണ്ട് കിക്കുകളും തടയാന്‍ ജപ്പാന്‍ ഗോള്‍ കീപ്പര്‍ ഗോണ്ടക്കായില്ല.

ജപ്പാന്‍റെ മൂന്നാം കിക്കെടുത്ത ടാകുമ അസാനോ ഗോള്‍ നേടിയപ്പോള്‍ ക്രോയേഷ്യയുടെ മാര്‍ക്കോ ലിവാജയുടെ കിക്ക് ജപ്പാന്‍ ഗോള്‍ കീപ്പര്‍ ഗോണ്ട രക്ഷപ്പെടുത്തി ടീമിന് നേരിയ പ്രതീക്ഷ നല്‍കി.  എന്നാല്‍ മായാ യോഷിധ എടുത്ത ജപ്പാന്‍റെ നാലാം കിക്കും ക്രൊയേഷ്യന്‍ ഗോളി ലിവാകോവിച്ച് രക്ഷപ്പെടുത്തി. ക്രൊയേഷ്യയുടെ നാലാം കിക്ക് മാരിയോ പസലിച്ച് ഗോളാക്കിയതോടെ ക്രൊയേഷ്യ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു.

ഖത്തര്‍ ലോകകപ്പ്: കിരീട സാധ്യതയുള്ള നാലു ടീമുകളെ തെരഞ്ഞെടുത്ത് മെസി, ഇംഗ്ലണ്ടിന് സ്ഥാനമില്ല

നേരത്തെ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും തുല്യത പാലിച്ചിരുന്നു. ഇരു ടീമുകളും ആക്രമണ ഫുട്ബോള്‍ കാഴ്ചവെച്ച മത്സരത്തില്‍ ജപ്പാനാണ് ആദ്യം ലീഡെടുത്തത്. ആദ്യ പകുതിയുടെ 43-ാം മിനിറ്റില്‍ ഡെയ്സന്‍ മെയ്ഡായുടെ ഗോളില്‍ മുന്നിലെത്തിയ ജപ്പാനെ രണ്ടാം പകുതിയില്‍ 55-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിന്‍റെ മിന്നല്‍ ഹെഡ്ഡറിലാണ് ക്രൊയേഷ്യ സമനിലയില്‍ തളച്ചത്.

പന്തടക്കത്തിലും പാസിംഗിലും ക്രൊയേഷ്യക്കൊപ്പം പിടിച്ച ജപ്പാന്‍ നിശ്ചിത സമയത്ത് ലക്ഷ്യത്തിലേക്ക് നാലു തവണ ലക്ഷ്യം വെച്ചപ്പോള്‍ ക്രോയേഷ്യയും മൂന്ന് തവണ ലക്ഷ്യത്തിലേക്ക് പന്ത് പായിച്ചു. തുടക്കം മുതല്‍ ആക്രമണ ഫുട്ബോള്‍ പുറത്തെടുത്ത ജപ്പാന്‍ ക്രൊയേഷ്യയെ വിറപ്പിച്ചു നിര്‍ത്തി. ആദ്യ പകുതിയിലെ ലീഡില്‍ ജപ്പാന്‍ ആത്മവിശ്വാസത്തോടെ ഇടവേളക്ക് പിരിഞ്ഞെങ്കിലും ക്രൊയേഷ്യ രണ്ടാം പകുതിയുടെ തുടക്കത്തിലെ സമനില കണ്ടെത്തി മത്സരത്തില്‍ തരിച്ചെത്തി.

എന്നാല്‍ അതിവേഗ ഓട്ടത്തിലൂടെയും കുറിയ പാസുകളിലൂടെയും ക്രോയേഷ്യന്‍ ഗോള്‍മുഖം തുടര്‍ച്ചയായി ആക്രമിച്ച ജപ്പാന്‍ അവരെ ശ്വാസം വിടാന്‍ അനുവദിച്ചില്ല. ഇതിനിടെ ക്രൊയേഷന്‍ നായകന്‍ ലൂക്ക മോഡ്രിച്ചിന്‍റെ ഗോളെന്നുറച്ച ഷോട്ട് ജപ്പാന്‍ ഗോള്‍ കീപ്പര്‍ ഷൂയ്ചി ഗോണ്ട അവിശ്വസനീയമായി തട്ടിയകറ്റി. കുറിയ പാസുകളിലൂടെ ജപ്പാന്‍ മുന്നേറിയപ്പോള്‍ ലോംഗ് പാസുകളും സെറ്റ് പീസുകളുമായിരുന്നു ക്രോയേഷ്യയുടെ ആയുധം.

ഖത്തര്‍ അത്ഭുതമാകുന്നത് ഇങ്ങനെയും! ബ്രസീല്‍ - കൊറിയ പോര് 974 സ്റ്റേഡിയത്തിന് അവസാന മത്സരം, ഇതിന് ശേഷം...

എക്സ്ട്രാ ടൈം

എക്സ്ട്രാ ടൈമിന്‍റെ തുടക്കത്തിലെ ക്യാപ്റ്റന്‍ ലൂക്ക മോഡ്രിച്ചിനെ ക്രോയേഷ്യ പിന്‍വലിച്ച് പകരം ലോവ്‌റോ മജേറിനെ ഗ്രൗണ്ടിലിറക്കി. എക്സ്ട്രാ ടീമില്‍ ക്രോയേഷ്യ തുടര്‍ ആക്രമണങ്ങളുമായി ജപ്പാന്‍ ഗോള്‍ മുഖം വിറപ്പിക്കുന്നതിനിടെ നടത്തിയൊരു അപ്രതീക്ഷിത പ്രത്യാക്രമണത്തില്‍ മിടോമ തൊടുത്ത ബുള്ളറ്റ് ഷോട്ട് ക്രോയേഷന്‍ ഗോള്‍ കീപ്പര്‍ ലിവാകോവിച്ച് അവിശ്വസനീയമായി തട്ടിയകറ്റിയത് ക്രൊയേഷ്യക്ക് ആശ്വാസമായി.

click me!