കടംവീട്ടാന്‍ ബ്രസീല്‍, ആധിപത്യം തുടരാന്‍ അര്‍ജന്‍റീന; ഇന്ന് ഫുട്ബോള്‍ ക്ലാസിക്

By Web TeamFirst Published Sep 5, 2021, 10:35 AM IST
Highlights

കോപ്പ അമേരിക്ക ഫൈനലില്‍ ഏഞ്ചൽ ഡി മരിയയുടെ ഗോൾ അ‍ർജന്റീനയുടെ ഉൻമാദവും ബ്രസീലിന്റെ കണ്ണീരുമായിരുന്നു

സാവോപോളോ: ലാറ്റിനമേരിക്കൻ മേഖലയിലെ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ന് വമ്പൻ പോരാട്ടം. കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീന ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്‌ക്ക് ബ്രസീലിനെ നേരിടും. ബ്രസീലിലെ കൊറിന്ത്യൻസ് അറീനയിലാണ് മത്സരം. 

കോപ്പ അമേരിക്ക ഫൈനലില്‍ ഏഞ്ചൽ ഡി മരിയയുടെ ഗോൾ അ‍ർജന്റീനയുടെ ഉൻമാദവും ബ്രസീലിന്റെ കണ്ണീരുമായിരുന്നു. കോപ്പ അമേരിക്ക ഫൈനലിൽ ഡി മരിയയുടെ ഒറ്റ ഗോളിനാണ് ലിയോണൽ മെസിയുടെ അ‍ർജന്റീന ജൂലൈയിൽ തെക്കേ അമേരിക്കയുടെ രാജാക്കൻമാരായത്. ഇതിന് ശേഷം മെസിയുടെ അ‍ർജന്റീനയും നെയ്‌മറുടെ ബ്രസീലും നേർക്കുനേർ വരുന്ന ആദ്യ മത്സരമാണ് കൊറിന്ത്യൻസ് അറീനയില്‍ ഇന്ന് നടക്കുക. 

പ്രീമിയർ ലീഗിൽ കളിക്കുന്ന റോബർട്ടോ ഫിർമിനോ, അലിസൺ ബെക്കർ, തിയാഗോ സിൽവ, ഫ്രെഡ്, ഫാബീഞ്ഞോ, ഗബ്രിയേൽ ജെസ്യൂസ്, റിച്ചാർലിസൺ, എഡേഴ്‌സൺ, തുടങ്ങിയ പ്രമുഖ താരങ്ങളുടെ അഭാവം ബ്രസീലിന് തിരിച്ചടിയാവും. നെയ്‌‌മറുടെ മങ്ങിയ ഫോമും ആശങ്കയാണ്. എങ്കിലും അവസാന മത്സരത്തിൽ എവർട്ടെൻ റിബെയ്റോയുടെ ഗോളിന് ചിലെയെ തോൽപിച്ച ആത്മവിശ്വാസത്തിലാണ് ബ്രസീൽ കോച്ച് ടിറ്റെ. 

തോൽവി അറിയാതെ കുതിക്കുന്ന ലിയോണൽ സ്‌കലോണിയുടെ അ‍ർജന്റീന കഴിഞ്ഞ ദിവസം ഒന്നിനെതിരെ മൂന്ന് ഗോളിന് വെനസ്വേലയെ തോൽപിച്ചിരുന്നു. നായകൻ ലിയോണൽ മെസിക്ക് കാലിന് പരിക്കേറ്റെങ്കിലും ബ്രസീലിനെതിരായ നിർണായക മത്സരത്തിൽ പുറത്തിരുത്താൻ സാധ്യതയില്ല. സസ്‌പെൻഷൻ കഴിഞ്ഞ ക്രിസ്റ്റ്യൻ റൊമേറോയും ലിയാൻഡ്രോ പരേഡസും തിരിച്ചെത്തുന്നതും അർജന്റീനയ്‌ക്ക് കരുത്താവും. 

ലൗറ്റരോ മാർട്ടിനസും ഡി മരിയയും മെസിക്കൊപ്പം താളം കണ്ടെത്തിയതിനാൽ പൗളോ ഡിബാല കാത്തിരിക്കേണ്ടിവരും. ഏഴ് മത്സരങ്ങൾ പൂർത്തിയായപ്പോൾ 21 പോയിന്റുമായി ബ്രസീലാണ് മേഖലയിൽ ഒന്നാമത്. 15 പോയിന്റുള്ള അ‍ർജന്റീന രണ്ടാം സ്ഥാനത്തും. 

യൂറോപ്പിലും പ്രമുഖര്‍ക്ക് മത്സരം

യൂറോപ്യൻ മേഖലയിലെ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്നും പ്രമുഖ ടീമുകൾക്ക് മത്സരമുണ്ട്. ഗാരെത് ബെയ്‍ലിന്റെ വെയ്ൽസ് രാത്രി ഒൻപതരയ്ക്ക് ബെലാറസിനെ നേരിടും. യൂറോ കപ്പ് ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ട്, അൻഡോറയെയും ഹങ്കറി, അൽബേനിയയെയും സ്‌പെയ്ൻ, ജോർജിയയെയും ജർമനി, അർമേനിയയെയും ഇറ്റലി, സ്വിറ്റ്സർലൻഡിനെയും ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരായ ബെൽജിയം, ചെക്ക് റിപ്പബ്ലിക്കിനെയും നേരിടും. 

പാരാലിംപിക്‌സ്: ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം; തങ്കത്തിളക്കമായി കൃഷ്‌ണ നഗര്‍

യുഎസ് ഓപ്പണ്‍: വന്‍ അട്ടിമറിയില്‍ ആഷ്‍ലി ബാർട്ടി പുറത്ത്

ലോകകപ്പ് യോഗ്യതാ മത്സരം; ഫ്രാന്‍സിനെ പൂട്ടി ഉക്രൈന്‍, നെതർലൻഡ്സിന് തകര്‍പ്പന്‍ ജയം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!