പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ മാറ്റി

By Web TeamFirst Published Dec 14, 2019, 7:53 PM IST
Highlights

പൗരത്വ ബില്ലിനെതിരായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ മിസോറാമില്‍ നിന്ന് മാറ്റുന്നതിനെക്കുറിച്ച് ഫെഡറേഷന്‍ നേരത്തെ ആലോചിച്ചിരുന്നു

ഐസ്‌വാള്‍: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം കനക്കുന്ന പശ്ചാത്തലത്തില്‍ മിസോറമിൽ അടുത്ത മാസം തുടങ്ങാനിരുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് മത്സരങ്ങൾ മാറ്റിവച്ചു. ഏപ്രിലിൽ മിസോറമിൽ തന്നെ ടൂർണമെന്റ് നടത്തുമെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ വൃത്തങ്ങൾ അറിയിച്ചു.

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ മിസോറാമില്‍ നിന്ന് മാറ്റുന്നതിനെക്കുറിച്ച് ഫെഡറേഷന്‍ നേരത്തെ ആലോചിച്ചിരുന്നു. വേദിയൊരുക്കാന്‍ തയാറാണെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അറിയിക്കുകയും ചെയ്തു. ഇതിനിടെയാണ് മത്സരങ്ങള്‍ ഏപ്രിലിലേക്ക് നീട്ടിവെച്ചത്. നേരത്തെ സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടിന് കോഴിക്കോട് വേദിയായിരുന്നു.

ജനുവരി 10 മുതല്‍ 23വരെയാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്. കേരളം ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയിട്ടുണ്ട്.പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ കാരണം ഐഎസ്എല്ലിലെ ഏതാനും മത്സരങ്ങളും മാറ്റിവെച്ചിരുന്നു.

click me!