ചാംപ്യന്‍സ് ലീഗ്: റയലിന് ആദ്യ ജയം; യുവന്റസും സിറ്റിയും ആധികാരികം

By Web TeamFirst Published Oct 23, 2019, 9:16 AM IST
Highlights

യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡിന് ആദ്യ ജയം. തുര്‍ക്കി ക്ലബ്ബായ ഗലറ്റ്‌സരേയ്‌ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് റയല്‍ തോല്‍പ്പിച്ചത്.

മാഞ്ചസ്റ്റര്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡിന് ആദ്യ ജയം. തുര്‍ക്കി ക്ലബ്ബായ ഗലറ്റ്‌സരേയ്‌ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് റയല്‍ തോല്‍പ്പിച്ചത്. പിഎസ്ജി, മാഞ്ചസ്റ്റര്‍ സിറ്റി, യുവന്റസ്, ബയേണ്‍ മൂനിച്ച്, ടോട്ടന്‍ഹാം ടീമുകളും ജയിച്ചു. 

മൂന്നാം റൗണ്ടില്‍ ജീവന്മരണ പോരാട്ടത്തിനിറങ്ങിയ റയല്‍ മാഡ്രിഡിന് ജയിക്കാനായെങ്കിലും കാര്യങ്ങള്‍ ഏറെയൊന്നും അനുകൂലമായിരുന്നില്ല. അടുത്ത ഒരു തോല്‍വി കോച്ച് സിനദിന്‍ സിദാനെ തെറിപ്പിക്കും എന്ന അവസ്ഥയില്‍ കളിക്കാനിറങ്ങിയ റയലിന്റെ രക്ഷകനായത് ടോണി ക്രൂസാണ്. 18ാം മിനിറ്റിലാണ് ക്രൂസ് ഗോള്‍ നേടിയത്. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ റയല്‍. 

അതേസമയം ഗ്രൂപ്പില്‍ ഒന്നാമതുള്ള പിഎസ്ജി ആധികാരിക ജയം നേടി. ക്ലബ് ബ്രുഗയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് പിഎസ്ജി വീഴ്ത്തിയത്. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ കിലിയന്‍ എംബാപ്പേ ഹാട്രിക്കോടെ പിഎസ്ജിയുടെ ജയം ആധികാരികമാക്കി. അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ പൗളോ ഇകാര്‍ഡിയുടെ വകയായിരുന്നു രണ്ട് ഗോളുകള്‍.

പൗലോ ഡിബാലയുടെ ഇരട്ട ഗോളിന്റെ മികവില്‍ ഗ്രൂപ്പ് ഡിയില്‍ യുവന്റസ്, ലോക്കോമോട്ടീവ് മോസ്‌കോയെ മറികടന്നു. ഇതേ ഗ്രൂപ്പില്‍ ബയര്‍ലെവര്‍ക്യൂസിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയായിരുന്നു അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മുന്നേറ്റം.

ഗ്രൂപ്പ് സിയില്‍ അറ്റ്‌ലാന്റയ്‌ക്കെതിരെ ആധികാരികമായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് സിറ്റിയുടെ ജയിച്ച് കയറിയത്. റഹീം സ്‌റ്റെര്‍ലിങ്ങിന്റെ ഹാട്രിക്കും സെര്‍ജിയോ അഗ്യൂറോയുടെ ഇരട്ട ഗോളുകളുമാണ് സിറ്റിക്ക് ജയമൊരുക്കിയത്. 

ടോട്ടന്‍ഹാം എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡിനെ തകര്‍ത്തു. ഹാരി കെയ്ന്‍, സോണ്‍ ഹിയുങ് എന്നിവര്‍ രണ്ടും എറിക് ലമേല ഒരു ഗോളും നേടി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഒളിംപിയാക്കോസിനെതിരെ ബയേണ്‍ മ്യൂനിച്ചിന്റെ ജയം. 

click me!