ലാ ലിഗയില്‍ റയലിന് സമനിലക്കുരുക്ക്; പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനും യുണൈറ്റഡിനും ജയഭേരി

By Jomit JoseFirst Published Oct 31, 2022, 7:41 AM IST
Highlights

തകർപ്പൻ വിജയത്തോടെ ആഴ്സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി

മാഡ്രിഡ്: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡിന് സ്വന്തം മൈതാനത്ത് സമനിലക്കുരുക്ക്. ആദ്യം മുന്നിലെത്തിയ റയലിനെ ജിറോണ സമനിലയിൽ തളയ്ക്കുകയായിരുന്നു. എഴുപതാം മിനിറ്റിൽ വിനിഷ്യസ് ജൂനിയറിന്‍റെ ഗോളിന് റയൽ മുന്നിലെത്തി. എൺപതാം മിനിറ്റിൽ ക്രിസ്റ്റ്യൻ സ്റ്റുവാനിയാണ് ജിറോണയുടെ സമനില ഗോൾ നേടിയത്. ഇഞ്ചുറിടൈമിൽ ടോണി ക്രൂസ് ചുവപ്പുകാർഡ് കണ്ട് പുറത്തായത് റയലിന് തിരിച്ചടിയായി. 12 കളിയിൽ 32 പോയിന്‍റുമായി റയൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 31 പോയിന്‍റുള്ള ബാഴ്സലോണയാണ് രണ്ടാം സ്ഥാനത്ത്.

തകർപ്പൻ വിജയത്തോടെ ആഴ്സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ആഴ്സണൽ എതിരില്ലാത്ത അഞ്ച് ഗോളിന് നോട്ടിംഗ്ഹാം ഫോറസ്റ്റിനെ തകർത്തു. റീസ് നെൽസന്‍റെ ഇരട്ടഗോൾ കരുത്തിലാണ് ഗണ്ണേഴ്സിന്‍റെ ജയം. അഞ്ചാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലി സ്കോറിംഗിന് തുടക്കമിട്ടു. ബുകായ സാക്കോയുടെ അസിസ്റ്റിൽ നിന്നായിരുന്നു മാർട്ടിനെല്ലയുടെ ഗോൾ. 49, 52 മിനിറ്റുകളിലായിരുന്നു നെൽസന്‍റെ ഗോളുകൾ. രണ്ടുഗോളിനും വഴിയൊരുക്കിയത് ഗബ്രിയേൽ ജീസസായിരുന്നു. അൻപത്തിയേഴാം മിനിറ്റിൽ തോമസ് പാർട്ടിയും എഴുപത്തിയെട്ടാം മിനിറ്റിൽ മാർട്ടിൻ ഒഡേഗാർഡും ആഴ്സണലിന്‍റെ ഗോൾപട്ടിക പൂർത്തിയാക്കി. പന്ത്രണ്ട് കളിയിൽ 31 പോയിന്‍റുമായാണ് ആഴ്സണൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്. 29 പോയിന്‍റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്.

പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏകപക്ഷീയമായൊരു ഗോളിന് വെസ്റ്റ് ഹാമിനെ തോൽപിച്ചു. ആദ്യ പകുതിയിൽ(38) മാർക്കസ് റാഷ്ഫോർഡാണ് നിർണായക ഗോൾ നേടിയത്. യുണൈറ്റഡിനായി റാഷ്ഫോർഡിന്‍റെ നൂറാം ഗോളായിരുന്നു ഇത്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് യുണൈറ്റഡ് കളിച്ചത്. ജയത്തോടെ യുണൈറ്റഡ് ചെൽസിയെ മറികടന്ന് അഞ്ചാം സ്ഥാനത്തെത്തി. വെസ്റ്റ്ഹാം പതിമൂന്നാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു.

ഫ്രഞ്ച് ഓപ്പൺ ബാഡ്‌മിന്‍റണില്‍ ചരിത്രം; സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം ചാമ്പ്യന്‍മാര്‍

click me!