Subhas Bhowmick : ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം സുഭാഷ് ഭൗമിക് അന്തരിച്ചു

By Web TeamFirst Published Jan 22, 2022, 3:42 PM IST
Highlights

കൊല്‍ക്കത്തയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വൃക്കരോഗവും പ്രമേഹവും കാരണം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഭൗമിക് (Subhas Bhowmick).

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബാള്‍ ഇതിഹാസം സുഭാഷ് ഭൗമിക് (72) അന്തരിച്ചു. കൊല്‍ക്കത്തയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വൃക്കരോഗവും പ്രമേഹവും കാരണം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഭൗമിക് (Subhas Bhowmick). നേരത്തെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ (Kolkata) എക്ബാല്‍പുരിലെ നേഴ്സിങ് ഹോമില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇന്ത്യന്‍ ജഴ്സിയില്‍ 69 മത്സരങ്ങളില്‍ നിന്ന് 50 ഗോളുകള്‍ നേടി. ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ ടീമുകള്‍ക്ക് വേണ്ടി മാത്രമാണ് അദ്ദേഹം ക്ലബ് തലത്തില്‍ കളിച്ചിട്ടുള്ളത്. 1970കളില്‍ ഇന്ത്യന്‍ ദേശീയ ടീമിലെയും സ്ഥിര സാന്നിധ്യമായിരുന്നു. 1970 ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഫുട്ബോള്‍ ടീം അംഗമായിരുന്നു. 1971ലെ മെര്‍ദേക്ക കപ്പില്‍ ഫിലിപ്പൈന്‍സിനെതിരെ ഹാട്രിക് നേടി താരമായി. 

1974ലെ ഏഷ്യന്‍ ഗെയിംസിലും ഭൗമിക് കളിച്ചിട്ടുണ്ട്. 1979ല്‍ ബൂട്ടഴിച്ച ശേഷം പരിശീലകനെന്ന നിലയിലും തിളങ്ങി. ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, മുഹമ്മദന്‍ സ്‌പോര്‍ടിങ്, സാല്‍ഗോക്കര്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ് എന്നീ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. 2003ല്‍ ഈസ്റ്റ്ബംഗാള്‍ ആസിയാന്‍ കപ്പില്‍ ജേതാക്കളാവുമ്പോള്‍ ഭൗമിക്കായിരുന്നു പരിശീലകന്‍.

click me!