മെസിയുടെയും ഡീ പോളിന്‍റെയും ചായകുടി, ഒപ്പം ആ സ്വിസ്സ് മിഠായിയും; അർജന്‍റീനിയൻ വിജയങ്ങൾക്ക് പിന്നിലെ 'കബാല' വിശ്വാസങ്ങള്‍

Published : Jun 23, 2026, 09:43 AM IST
Messi-Depaul Tea

Synopsis

അർജന്‍റീനക്കാർ ഇതിനെ 'കബാല' എന്നാണ് വിളിക്കുന്നത്. ഭാഗ്യം ഉറപ്പിക്കാൻ വേണ്ടി ചെയ്യുന്ന, ഒരിക്കലും തെറ്റിക്കാത്ത ചിട്ടവട്ടങ്ങൾ എന്നർത്ഥം.

ടെക്സസ്: ലാറ്റിനമേരിക്കൻ ഫുട്ബോളിന്‍റെ വന്യമായ ആവേശത്തിനൊപ്പം എപ്പോഴും ചേർന്നുനിൽക്കുന്ന ഒന്നാണ് അന്ധമായ ചില വിശ്വാസങ്ങൾ. കളി എത്ര മികച്ചതാണെങ്കിലും തങ്ങൾക്ക് തുണയാകാൻ അദൃശ്യമായ ചില ഭാഗ്യങ്ങൾ കൂടി വേണമെന്ന് അവർ ഉറച്ചുവിശ്വസിക്കുന്നു. ലോക ഫുട്ബോളിലെ വൻശക്തികളായ അർജന്‍റീനിയൻ ടീമും ഇതിൽ ഒട്ടും പിന്നിലല്ല. കോച്ച് ലയണൽ സ്കലോണി എന്ന തന്ത്രജ്ഞന് കീഴിൽ അർജന്‍റീന തുടർ ജയങ്ങളുമായി കുതിക്കുമ്പോള്‍ അതിന് പിന്നിൽ കളിക്കാരുടെ കഠിനാധ്വാനത്തിനൊപ്പം തെറ്റിക്കാതെ പിന്തുടരുന്ന ചില 'ആചാരങ്ങൾ' കൂടിയുണ്ട്.

അർജന്‍റീനക്കാർ ഇതിനെ 'കബാല' എന്നാണ് വിളിക്കുന്നത്. ഭാഗ്യം ഉറപ്പിക്കാൻ വേണ്ടി ചെയ്യുന്ന, ഒരിക്കലും തെറ്റിക്കാത്ത ചിട്ടവട്ടങ്ങൾ എന്നർത്ഥം. സ്റ്റേഡിയത്തിൽ എത്തുമ്പോൾ നുകരുന്ന ആദ്യ മധുരം മുതൽ തുടങ്ങുന്നു സ്കലോണിയുടെയും സംഘത്തിന്‍റെയും ഈ കബാലകൾ. ടീം ബസ് സ്റ്റേഡിയത്തിൽ എത്തിയാൽ അർജന്‍റീന നിരയിലെ രണ്ട് പ്രധാനികൾ ആദ്യം നേരെ പോകുന്നത് മൈതാന മധ്യത്തിലേക്കാണ്. റോഡ്രിഗോ ഡി പോളും ലിയാൻഡ്രോ പരേഡസും. ആരാധകരെ കൈവീശി അഭിവാദ്യം ചെയ്ത ശേഷം ഇരുവരും പരസ്പരം സംസാരിച്ച് ഒരു പ്രത്യേക മിഠായി കഴിക്കും.

സഹതാരങ്ങൾ മത്സരത്തിനായി ബൂട്ട് കെട്ടുന്നതിന് മുൻപ് തന്നെ ഈ മിഠായി തീറ്റ നടന്നിരിക്കണം എന്നത് നിർബന്ധമാണ്. 2021-ലെ കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ മത്സരം മുതൽ തുടങ്ങിയ ഈ ശീലം ഇന്ന് ടീമിന്‍റെ ഒഴിച്ചുകൂടാനാകാത്ത മുറയായി മാറിക്കഴിഞ്ഞു. സ്വിറ്റ്സർലൻഡിൽ നിർമ്മിക്കുന്ന, കൃത്യം 20 മില്ലിമീറ്റർ നീളവും വീതിയും 7 മില്ലിമീറ്റർ കനവുമുള്ള ഒരു പ്രത്യേക മിഠായിയാണ് ഇതിനായി ഇവർ കഴിക്കുന്നത്.

മത്സരത്തിന് തൊട്ടുമുൻപുള്ള ചായകുടിയാണ് മറ്റൊരു പ്രധാന ചടങ്ങ്. നായകൻ ലിയോണൽ മെസിയും ഡി പോളും ചേർന്നാണ് ഈ ചായകുടി. അർജന്‍റീനൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് ക്ലോഡിയോ ടാപിയ സ്ഥലത്തുണ്ടെങ്കിൽ ഈ മൂവർ സംഘവും ഒരുമിച്ചിരുന്നേ ചായ കുടിക്കൂ. ഇനി കളിക്കളത്തിലേക്ക് ഇറങ്ങുമ്പോൾ പരിശീലകൻ ലയണൽ സ്കലോണിക്ക് ഒരു നിർബന്ധമുണ്ട്; മൈതാനത്തേക്ക് എപ്പോഴും വലതുകാൽ ആദ്യം കുത്തിയേ അദ്ദേഹം ഇറങ്ങുകയുള്ളൂ. സ്കലോണി ടീമിന്‍റെ പരിശീലകനായ ശേഷമാണ് ഈ ഭാഗ്യവിശ്വാസങ്ങളെല്ലാം അർജന്‍റീനൻ ക്യാമ്പിന്‍റെ ഭാഗമായി മാറിയത്.

ഈ 'മധുര വിശ്വാസം' തുടങ്ങിയ ശേഷം അർജന്‍റീന കളിച്ച മത്സരങ്ങളുടെ കണക്കുകൾ നോക്കിയാൽ ആരും അത്ഭുതപ്പെടും. 77 മത്സരങ്ങളിൽ 58 വിജയം, 14 സമനില, 5 തോല്‍വി. വെറും വിജയങ്ങൾ മാത്രമല്ല, ഇക്കാലയളവിൽ ഒരു ലോകകപ്പ് ഉൾപ്പെടെ നാല് പ്രധാന രാജ്യാന്തര കിരീടങ്ങളാണ് അർജന്‍റീന സ്വന്തമാക്കിയത്.അതുകൊണ്ടുതന്നെ, എത്ര കഴിച്ചാലും മടുക്കാത്ത വിജയമധുരമായി അർജന്‍റീനയുടെ ഈ 'മിഠായി കബാല' ഇനിയും തുടരുമെന്നുറപ്പാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി'; ലോകകപ്പിലെ ചരിത്ര നേട്ടത്തിന് പിന്നാലെ വെളിപ്പെടുത്തി ലിയോണല്‍ മെസി
ഹാലണ്ടിന് ഇരട്ടഗോള്‍; സെനഗലിനെ മറികടന്ന് നോര്‍വെ നോക്കൗട്ടില്‍, ജയം രണ്ടിനെതിരെ മൂന്ന് ഗോളിന്