നെയ്‌മറെ തിരികെയെത്തിക്കാന്‍ ശമ്പളം വെട്ടിക്കുറക്കാന്‍ തയ്യാറായിരുന്നു; വെളിപ്പെടുത്തലുമായി പീക്വേ

By Web TeamFirst Published Nov 1, 2019, 12:05 PM IST
Highlights

പിഎസ്ജിയിലെ നെയ്‌മറുടെ ഉയര്‍ന്ന പ്രതിഫലം ക്ലബ് മാറ്റത്തിന് തടസമാകരുതെന്നാണ് ബാഴ്‌സ താരങ്ങള്‍ ആഗ്രഹിച്ചതെന്നും പീക്വേ

ബാഴ്‌സലോണ: നെയ്‌മറുടെ കൂടുമാറ്റം സംബന്ധിച്ച് ശ്രദ്ധേയമായ വെളിപ്പെടുത്തലുമായി ബാഴ്‌സലോണ ഡിഫന്‍ഡര്‍ ജെറാര്‍ഡ് പീക്വേ. നെയ്‌മറെ ടീമിലെത്തിക്കാനായി ശമ്പളം വെട്ടിക്കുറയ്‌ക്കുന്നതിന് താന്‍ അടക്കമുള്ള ബാഴ്‌സ താരങ്ങള്‍ തയ്യാറായിരുന്നതായി പീക്വേ വെളിപ്പെടുത്തി. ഇക്കാര്യം ക്ലബ്ബ് പ്രസിഡന്‍റുമായി നേരിട്ട് സംസാരിച്ചിരുന്നു. പിഎസ്ജിയിലെ നെയ്‌മറുടെ ഉയര്‍ന്ന പ്രതിഫലം ക്ലബ് മാറ്റത്തിന് തടസമാകരുതെന്നാണ് ബാഴ്‌സ താരങ്ങള്‍ ആഗ്രഹിച്ചതെന്നും പീക്വേ പറഞ്ഞു. 

നെയ്‌മര്‍ വൈകാതെ ബാഴ്‌സയിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും പീക്വേ പറഞ്ഞു. നെയ്‌മറെ ടീമിലെത്തിക്കാന്‍ കഴിയാത്തതിൽ നിരാശയുണ്ടെന്ന് ബാഴ്‌സ സൂപ്പര്‍ താരം ലിയോണല്‍ മെസിയും നേരത്തെ തുറന്നുപറഞ്ഞിരുന്നു. നെയ്‌മര്‍ക്ക് പിഎസ്ജിയുമായി 2022 വരെ കരാര്‍ ഉണ്ടെങ്കിലും അടുത്ത സീസണുകളിലും നെയ്‌മര്‍ക്കായി ബാഴ്‌സ രംഗത്തെത്തുമെന്നാണ് സൂചന.

ഈ സീസണിന്‍റെ തുടക്കത്തില്‍ നെയ്‌മറെ തിരികെയെത്തിക്കാന്‍ ബാഴ്‌സ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ശ്രമം പാളുകയായിരുന്നു. 2017ൽ 222 ദശലക്ഷം യൂറോയ്‌ക്കാണ് ബാഴ്‌സലോണയിൽ നിന്ന് നെയ്‌മറെ പിഎസ്‌ജി സ്വന്തമാക്കിയത്. ഇതേ തുക ഇപ്പോഴും കിട്ടണമെന്നായിരുന്നു പാരീസ് ക്ലബിന്‍റെ നിലപാട്. അന്‍റോയ്ൻ ഗ്രീസ്‌മാൻ ഫ്രങ്കീ ഡി ജോംഗ്, നെറ്റോ, ജൂനിയർ ഫിർപോ എന്നിവ‍ർക്കായി ഇതിനോടകം തന്നെ വലിയ തുക മുടക്കിയതിനാൽ ബാഴ്‌സയുടെ ശ്രമങ്ങൾ വഴിമുട്ടുകയായിരുന്നു. 

ട്രാൻസ്‌ഫർ തുകയ്‌ക്കൊപ്പം ഇവാൻ റാക്കിറ്റിച്ച്, ക്ലെയർ ടൊബാഡോ, ഒസ്‌മാൻ ഡെംബലേ എന്നിവരെ നൽകി കരാറിലെത്താൻ ബാഴ്‌സ അവസാന ശ്രമം നടത്തിയിരുന്നു. പിഎസ്ജിയിലേക്ക് പോകാൻ ഡെംബലേ വിസമ്മതിച്ചത് ബാഴ്‌സയ്ക്ക് തിരിച്ചടിയായി. തുടക്കം മുതലേ റയൽ മാഡ്രിഡ് കരാറിനായി ശ്രമിച്ചെങ്കിലും നെയ്‌മർ ബാഴ്‌സലോണയിലേക്ക് മടങ്ങാൻ ആഗ്രഹിച്ചതാണ് അവര്‍ക്ക് തിരിച്ചടിയായത്. 

click me!