ചരിത്രം ആവർത്തിക്കുകയാണോ? ഘാനയെ ഒരിക്കൽ കൂടി കണ്ണീര് കുടിപ്പിക്കുമോ ഈ നിർഭാ​ഗ്യം, വീഡിയോ

By Web TeamFirst Published Dec 2, 2022, 9:33 PM IST
Highlights

ഉറു​ഗ്വെ താരങ്ങൾ പ്രതിഷേധിച്ചത്തോടെ രണ്ട് മിനിറ്റുകളോളം നഷ്ടമാവുകയും ചെയ്തു. തുടർന്ന് ഘാനയുടെ നായകൻ എടുത്ത പെനാൽറ്റി ഉറു​ഗ്വെ ​ഗോൾ കീപ്പർ റോച്ചറ്റ് സേവ് ചെയ്യുകയായിരുന്നു.

ദോഹ: ലോകകപ്പിൽ വീണ്ടും ഘാനയെ കണ്ണീരിലാഴ്ത്തി പെനാൽറ്റി നഷ്ടം. 2010ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിലെ മുറിവുകൾ ഉണങ്ങുന്നതിന് മുമ്പാണ് അന്നത്തെ അതേ എതിരാളികൾക്കെതിരെ നിർണായക പോരാട്ടത്തിൽ മുന്നിലെത്താനുള്ള അവസരം ഘാന നഷ്ടപ്പെടുത്തിയത്. മത്സരത്തിലെ 18-ാം മിനിറ്റിലാണ് കുഡൂസിനെതിരെയുള്ള റോച്ചറ്റിന്റെ ചാലഞ്ചിന് റഫറി പെനാൽറ്റി വിധിച്ചത്. തുടർന്ന് ഘാനയുടെ നായകൻ എടുത്ത പെനാൽറ്റി ഉറു​ഗ്വെ ​ഗോൾ കീപ്പർ റോച്ചറ്റ് സേവ് ചെയ്യുകയായിരുന്നു.

❌ MISSED PENALTY

🇬🇭 Andre Ayew’s penalty is saved by Uruguay’s Sergio Rochet |
pic.twitter.com/jT00PaTjLo

— Fast Footy Goals (@fast_footygoals)

ദക്ഷിണാഫ്രിക്കൻ ലോകകപ്പിലെ നടുക്കുന്ന ഓർമ്മകളാവും ഈ സമയം ഘാന ആരാധകരുടെ മനസിലൂടെ മിന്നി മറഞ്ഞു പോയിരിക്കുക. 2010 ദക്ഷിണാഫ്രിക്കൻ ലോകകപ്പിലേക്ക് എത്തുമ്പോൾ ഘാന ഫേവറിറ്റുകൾ ആയിരുന്നില്ല. പക്ഷേ ഗ്രൂപ്പ് ഘട്ടം പിന്നിടുമ്പോഴേക്കും കറുത്ത കുതിരകളായി മാറി ഘാന. പ്രീ ക്വാർട്ടറിൽ അമേരിക്കയെ വീഴ്ത്തി ഉറുഗ്വെയെ നേരിടാനെത്തിയ ഘാന ഒരൊറ്റ ജയത്തിനപ്പുറം സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമാകുമായിരുന്നു. അതും ആഫ്രിക്കൻ മണ്ണിൽ.

എന്നാൽ നടന്നത് മറ്റൊന്ന്. അക്ഷരാർത്ഥത്തിൽ ലൂയി സുവാരസ് ഘാനയിൽ നിന്ന് ആ ജയം മോഷ്ടിക്കുകയായിരുന്നു. ആദ്യപകുതിയുടെ അധിക സമയത്ത് സുള്ളി മുന്താരി ആഫ്രിക്കൻ കരുത്തരെ മുന്നിലെത്തിച്ചു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ ഡിഗോ ഫോർലാൻ ഉറുഗ്വെയെ സമനിലയിലെത്തിച്ചു. മത്സരം അവസാനിക്കുമ്പോൾ സ്കോർ 1-1. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ പിന്നെ നടന്നതൊക്കെ നാടകീയത. എക്‌സ്‌ട്രാ ടൈമിന്‍റെ അവസാന നിമിഷത്തിൽ ഘാനയുടെ സ്റ്റീവൻ ആപ്പിയ തൊടുത്തുവിട്ട ഫ്രീകിക്ക് ഉറുഗ്വെ ഗോളിയെ കടന്ന് വലയിലേക്ക് നീങ്ങി.

ഗോൾ ലൈനിൽ നിന്ന സുവാരസ് ഗോൾ കാൽമുട്ടുകൊണ്ട് തടുത്തിട്ടു. പുറത്തേക്ക് തെറിച്ച പന്തിൽ ഡൊമിനിക് അഡിയാന്‍റെ ഹെഡർ വന്നു. വലയിലേക്ക് പാഞ്ഞെത്തിയ പന്ത് സുവാരസ് ഇരു കൈയും കൊണ്ട് തട്ടിപ്പുറത്തേക്കിട്ടു. ഫുട്ബോൾ ലോകം ഒരു നിമിഷം പകച്ചു നിന്നു. സുവാരസിന് ചുവപ്പ് കാർഡ് നൽകാൻ റഫറിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഘാനയ്ക്ക് അനുകൂലമായ പെനാൽറ്റി കിക്ക് എടുത്തത് അന്നത്തെ സൂപ്പര്‍ താരം അസമോവ ഗ്യാനായിരുന്നു. അത് പക്ഷേ ക്രോസ് ബാറിൽ തട്ടി പുറത്തേക്ക് പോയി. ആ പിഴവും ലൂയി സുവാരസ് ആഘോഷമാക്കി. ഒടുവിൽ ഷൂട്ടൗട്ടിൽ 4-2ന്‍റെ ജയവുമായി ഉറുഗ്വെ സെമിയിലേക്ക് കടന്നു. ഘാന പുറത്തായി. സമാനമയി ഉറു​ഗ്വെയോട് മറ്റൊരു പെനാൽറ്റി നഷ്ടം ഘാനയ്ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. പെനാൽറ്റി പാഴാക്കിതിന് പിന്നാലെ ഉറു​ഗ്വെ രണ്ട് ​ഗോളുകൾ നേടി ലീഡ് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. 

തട്ടിയകറ്റിയത് ഒരു രാജ്യത്തിന്റെ സ്വപ്നം, 'ഒരു തരി പശ്ചാത്താപം പോലുമില്ല'; ഘാനയോട് മാപ്പ് പറയില്ലെന്ന് സുവാരസ്

click me!