
ന്യൂയോര്‍ക്ക്: അർജന്‍റീന നായകൻ ലിയോണൽ മെസിക്ക് ഇന്ന് മുപ്പത്തിയേഴാം ജന്മദിനം. കരിയറിലെ എല്ലാം നേട്ടങ്ങളും സ്വന്തമാക്കിയ മെസി ഒരു കോപ്പ അമേരിക്ക കിരീടം കൂടി സ്വന്തമാക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് ഈ ജന്മദിനം. ഫുട്ബോളിന്‍റെ അൾത്താരയാണ് മൈതാനമെങ്കിൽ ഇതാ ഇവിടെ വിശ്വാസികൾ തങ്ങളുടെ മിശിഹായെ സ്തുതിക്കുന്നു.
ശ്രദ്ധിച്ചിരുന്നാൽ ഈ സമയം ഒരു അശരീരി കേൾക്കാം. ഇവൻ എന്‍റെ പ്രിയ പുത്രൻ. ഇവനിൽ ഞാൻ എന്നേ പ്രസാദിച്ചിരിക്കുന്നു. ശേഷം കാഹളം മുഴങ്ങും. മൈതാനത്തെ ഓരോ പുൽനാമ്പിനെയും അറിഞ്ഞ് അയാൾ ഒഴുകി നടക്കും. ആ ഒഴുക്കിന്‍റെ പേരാണ് ലിയോണൽ ആന്ദ്രേസ് മെസി. അക്കങ്ങൾ അയാൾക്ക് ബാധകമാണെങ്കിൽ ഇന്ന് മുപ്പത്തിയേഴ് വയസ്.
ചെറുപ്പത്തിൽ വളർച്ചയ്ക്ക് ആവശ്യമായ ഹോർമോൺ കുറവായിരുന്നു മെസിക്ക്. ചികിത്സാ ചെലവ് ഏറ്റെടുത്താണ് ബാഴ്സലോണ 13കാരനെ ക്ലബിലെത്തിച്ചത്. കാൽപ്പന്തായിരുന്നു പിന്നെ ഔഷധം. ലോകത്തിന്‍റെ എല്ലാ കോണിലേക്കും അയാൾ അതിലൂടെ വളർന്നു.
അപ്പോഴും ഒരു ലോക കിരീടത്തിന്‍റെ അത്രയും ഉയരക്കുറവ് ബാക്കിയുണ്ടെന്ന് വിമർശകർ അടക്കം പറഞ്ഞു. മുപ്പത്തിയഞ്ചാം വയസിൽ അതും സ്വന്തമാക്കി. അയാൾ സമ്പൂർണനായി. 835 ഗോളുകൾ, ലോകകിരീടം, കോപ്പ കിരീടം, ഫൈനലിസീമ, എട്ട് തവണ ബാലൺ ഡി ഓർ പുരസ്കാരം, റെക്കോർഡുകളിൽ റെക്കോർഡിട്ട കളിജീവിതം. എല്ലാം പൂർത്തിയാക്കി എന്ന് നമ്മൾ കരുതുമ്പോഴും അയാൾ മൈതാനത്ത് തന്നെയുണ്ട്. ആവുന്നിടത്തോളം കാലം തന്‍റെ ഇന്ദ്രജാലം തുടരാൻ.
ഓസീസ് കടമ്പ കടന്നാല്‍ പിന്നെ കീരീടം; ലോകകപ്പില്‍ ചരിത്രം ആവര്‍ത്തിക്കാന്‍ ഇന്ത്യ
സമ്മർദ്ദങ്ങളിലാതെ, മോഹഭാരമില്ലാതെ ചിരിക്കുന്ന മുഖവുമായി തന്‍റെ പുതിയ നാട്ടിലാണ് മെസിയിപ്പോൾ. അവിടെ ജൂലൈ 15ന് ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ആരാധകർക്കായി ജന്മദിന വിരുന്ന് ഒരുക്കാൻ തയ്യാറെടുക്കുകയാണ് ഫുട്ബോളിന്‍റെ മിശിഹ. ഒരു കോപ്പ നിറയെ മധുരച്ചാറുമായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!